LHC0088 • 2025-10-6 23:51:06 • views 1121
ന്യൂയോർക്ക്∙ അൽ ഖായിദ നേതാവും വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഉസാമ ബിൻ ലാദനെ കൊലപ്പെടുത്തിയതിന് യുഎസ് നേവി സീൽസിനെ പ്രശംസിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബിൻ ലാദന്റെ തലയിൽ വെടിയുണ്ട തറച്ചവരെ ചരിത്രം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് നാവികസേനയുടെ 250-ാം വാർഷികദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വിർജീനിയയിലെ നോർഫോക്കിൽ നടന്ന പരിപാടിയിലാണ് ട്രംപ് നാവികസേനയെ പ്രശംസിച്ചത്. 2001ലെ ഭീകരാക്രമണത്തിന് മുൻപ് തന്നെ ബിൻ ലാദനെ കുറിച്ച് താൻ മുന്നറിയിപ്പ് നൽകിയിരുന്നെന്നും ട്രംപ് പറഞ്ഞു. ‘ദ അമേരിക്ക വി ഡിസർവ്’ എന്ന തന്റെ പുസ്തകത്തിൽ ഇതു സംബന്ധിച്ച് വിവരങ്ങൾ എഴുതിയിരുന്നെന്ന് ട്രംപ് പറഞ്ഞു.
- Also Read ‘അധികാരം ഒഴിയണം, അല്ലെങ്കിൽ ഉന്മൂലനം ചെയ്യും’: ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
2001ലെ ആക്രമണത്തിന് ഒരു വർഷം മുൻപ് തന്നെ ഭീകരരെ നിരീക്ഷിക്കാൻ ഞാൻ അധികൃതർക്ക് നിർദേശം നൽകിയിരുന്നു. ഉസാമ ബിൻ ലാദനെ കുറിച്ചും അയാളെ നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അവർ അത് കാര്യമാക്കിയില്ലെന്നും കൃത്യം ഒരു വർഷത്തിന് ശേഷം ബിൻ ലാദൻ വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചെന്നും ട്രംപ് പറഞ്ഞു. ഇക്കാര്യം കൊണ്ട് അയാളെ കൊലപ്പെടുത്തിയതിൽ ചെറിയൊരു ക്രെഡിറ്റ് ഞാൻ എടുക്കുന്നുണ്ടെന്നും മറ്റാരും എനിക്ക് അത് നൽകാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. യുഎസ് നാവികസേനയാണ് ബിൻ ലാദന്റെ മൃതദേഹം വിമാനവാഹിനിക്കപ്പലായ യുഎസ്എസ് കാൾ വിൻസനിൽ കൊണ്ടുപോയി ഇന്ത്യൻ മഹാസമുദ്രത്തിൽ സംസ്കരിച്ചത്. 2011 മേയിലാണ് യുഎസ് നാവികസേന പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന ബിൻ ലാദനെ കൊലപ്പെടുത്തിയത്. അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ അനുമതിയോടെയായിരുന്നു ഓപ്പറേഷൻ. English Summary:
Trump Praises Navy SEALs for Bin Laden Killing: He highlighted his early warnings about Bin Laden before the 9/11 attacks. The US Navy disposed of Bin Laden\“s body in the Indian Ocean. |
|