ജറുസലം ∙ മധ്യപൂർവദേശത്തെ ഏറ്റവും രക്തരൂക്ഷിത അധ്യായമായി മാറിയ ഗാസ യുദ്ധത്തിന് ഇന്ന് രണ്ടു വയസ്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 67,160 പലസ്തീൻകാർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണ്. 1,69,679 പേർക്കു പരുക്കേറ്റു. ഗാസയിലെ 22 ലക്ഷം ജനങ്ങളിൽ 90 ശതമാനവും ഭവനരഹിതരായി. ആറര ലക്ഷത്തോളം ആളുകൾ കൊടുംപട്ടിണിയിലായി. യുദ്ധം രൂക്ഷമായതിനെ തുടർന്ന് ഗാസയിലെ ആരോഗ്യകേന്ദ്രങ്ങളും ആശുപത്രി സംവിധാനങ്ങളും തകർന്നടിഞ്ഞതിനാൽ പലസ്തീൻ അധികൃതർ നൽകുന്ന കണക്ക് യഥാർഥ മരണസംഖ്യയെക്കാൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ.
- Also Read ‘ലോകസമാധാനത്തിനു ട്രംപിനെക്കാൾ സംഭാവന നൽകിയ മറ്റൊരു നേതാവില്ല’; നൊബേൽ കമ്മിറ്റിക്ക് കത്തയച്ച് ഗാസയിലെ ബന്ദികളുടെ കൂട്ടായ്മ
സായുധ സംഘടനയായ ഹമാസ് 2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ നടത്തിയ മിന്നലാക്രമണത്തോടെയാണ് തുടക്കം. ഹമാസിന്റെ ആക്രമണത്തിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 1195 പേർക്കു പരുക്കേറ്റു. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. പിന്നാലെ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഗാസയിൽ ഇസ്രയേൽ സൈന്യം കനത്ത വ്യോമാക്രമണം ആരംഭിച്ചു. ആക്രമണം രൂക്ഷമായതോടെ ഗാസയിൽ നിന്ന് അഭയാർഥിപ്രവാഹം ആരംഭിച്ചു. ഹമാസിന്റെ സാന്നിധ്യം ആരോപിച്ച് ആശുപത്രികളും സ്കൂളുകളും വരെ ഇസ്രയേൽ സൈന്യം തകർത്തു. ബന്ദികളെ വിട്ടയക്കണമെന്ന ആവശ്യം ഹമാസ് നിരാകരിച്ചതോടെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു.
2023 നവംബറിൽ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയ്ക്കുള്ളിൽ ഇസ്രയേൽ സൈന്യം പ്രവേശിച്ചു. ആശുപത്രിയുടെ മറവിൽ ഹമാസിന്റെ സൈനിക കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന ആരോപണമുന്നയിച്ചായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ നീക്കം. ആശുപത്രിക്കുള്ളിൽ ഓരോ മുറികളിലും സൈനികർ പ്രത്യേകം പരിശോധന നടത്തുകയും ആശുപത്രി ജീവനക്കാരെയും രോഗികളെയും ചോദ്യം ചെയ്യുകയും ചെയ്‌തു. ഖത്തറിന്റെ മധ്യസ്‌ഥതയിൽ നവംബർ 23ന് ഒരാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഉടമ്പടിപ്രകാരം 105 ഇസ്രയേൽ തടവുകാരും 240 പലസ്തീൻ തടവുകാരും മോചിതരായി. ഡിസംബർ ഒന്നിന് ഇസ്രയേൽ ഏകപക്ഷീയമായി ആക്രമണം പുനരാരംഭിച്ചു.
- Also Read ട്രംപിന്റെ ഗാസ സമാധാന പദ്ധതി മുതൽ ഇറാൻ ആണവ പദ്ധതി വരെ; ചർച്ച ചെയ്ത് പുട്ടിനും നെതന്യാഹുവും
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ 2024 ജനുവരി 2 ന് ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അൽ അരൂരി ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു. ഗാസയിൽ പലസ്തീൻ ജനതയെ വംശഹത്യ ചെയ്യുന്നത് തടയണമെന്ന് ജനുവരിൽ രാജ്യാന്തര നീതിന്യായ കോടതി ഇസ്രയേലിന് ഉത്തരവു നൽകി. ബന്ദിയാക്കിയ ഇസ്രയേൽ പൗരന്മാരെ നിരുപാധികം വിട്ടയയ്ക്കാൻ പലസ്തീൻ സംഘടനകളോടും കോടതി ആവശ്യപ്പെട്ടു.
ഹമാസിന്റെ സൈനിക വിഭാഗം തലവനും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനുമായ മുഹമ്മദ് ദെയ്ഫിനെ ജൂലൈ 13 ന് ഇസ്രയേൽ വധിച്ചു. പിന്നാലെ ഒക്‌ടോബറിൽ ഹമാസ് തലവൻ യഹ്യ സിൻവറിനെയും ഇസ്രയേൽ സൈന്യം വരവരുത്തി. യുദ്ധകുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഹമാസ് നേതാക്കൾക്കുമെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) നവംബർ 21ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
- Also Read ‘മരണത്തെക്കാൾ ഭയാനകം ഗാസയിലെ ജീവിതം’: ഗാസയിലെ കുഞ്ഞുങ്ങളുടെ പ്രതീകങ്ങളായി ഹുദയ്, ഹംസ
2025 ജനവരി 15ന് ഗാസയിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. വെടിനിർത്തൽ ധാരണ ഹമാസ് ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രയേൽ വീണ്ടും ആക്രമണം ആരംഭിച്ചു. ഗാസയിലേക്കുള്ള സഹായവിതരണം ഇസ്രയേൽ തടഞ്ഞു. ഗാസയിലെ ജനങ്ങൾ കൊടുംപട്ടിണിയിലേക്കു നീങ്ങിയതോടെ സഹായം എത്തിക്കാൻ ഗാസാ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചു. ഗാസ ജനസംഖ്യയുടെ 25% (5.14 ലക്ഷം) പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന സ്ഥിരീകരിച്ചു. ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കു നേരെയും ഇസ്രയേൽ സൈന്യം നിരവധി തവണ ആക്രമണം നടത്തുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെടുകയും ചെയ്‌തു.
വെടിനിർത്തൽ ചർച്ചകൾക്കായി എത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിലെ ദോഹയിൽ സെപ്റ്റംബർ 9ന് ഇസ്രയേൽ വ്യോമാക്രമണം നടത്തി. യുഎൻ പൊതുസഭ വാർഷികസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ, സെപ്‌റ്റംബർ 22 ന് സൗദിയും ഫ്രാൻസും സംഘടിപ്പിച്ച ഉച്ചകോടിയിൽ ബ്രിട്ടനടക്കം ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങൾക്കു പിന്നാലെ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചു ഫ്രാൻസും പ്രഖ്യാപനം നടത്തി. യുഎൻ പൊതുസഭയിൽ സെപ്‌റ്റംബർ 26 ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റതിനു പിന്നാലെ ഭൂരുപക്ഷം രാജ്യങ്ങളുടെയും പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
- Also Read ഗാസ യുദ്ധത്തിന് രണ്ടു വർഷം: എരിഞ്ഞു തീർന്ന 731 നാൾ
സെപ്റ്റംബർ 29ന് വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഫോണിൽ വിളിച്ച നെതന്യാഹു, ഖത്തറിനെ ആക്രമിച്ചതിൽ ക്ഷമാപണം നടത്തി. കൂടിക്കാഴ്‌ചയ്‌ക്കു ശേഷം നെതന്യാഹുവിന്റെ സാന്നിധ്യത്തിൽ ഗാസ സമാധാനപദ്ധതി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസ് പ്രാദേശിക സമയം ഒക്‌ടോബർ 5ന് വൈകിട്ട് ആറിനു മുൻപ് സമാധാന പദ്ധതി അംഗീകരിക്കണമെന്നും അല്ലെങ്കിൽ സർവനാശമാണെന്നും ഒക്ടോബർ 3 ന് ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഗാസയുടെ ഭരണം കൈമാറാമെന്നും തർക്കവിഷയങ്ങളിൽ ചർച്ച വേണമെന്നും പിന്നാലെ ഹമാസ് പ്രതികരിച്ചു. ആക്രമണം നിർത്താൻ ഇസ്രയേലിനോട് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഗാസയിലെ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ടാങ്കുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് ഇസ്രയേൽ തുടരുകയാണ്.
ഡോണള്‍ഡ് ട്രംപിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ‘ഹോസ്റ്റേജസ് ആന്‍ഡ് മിസിങ് ഫാമിലീസ് ഫോറം’ എന്ന ഇസ്രയേൽ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മ നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാനപദ്ധതിയിൽ ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ കയ്‌റോയിൽ ഇസ്രയേൽ, ഹമാസ് പ്രതിനിധിസംഘങ്ങൾ ചർച്ച ആരംഭിച്ചു. ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ച ചെയ്യുക. English Summary:
Gaza War: Gaza war marks its second anniversary on October 7, 2025, and the war is now the bloodiest of the Middle East conflicts. The official records show that 67,160 Palestinians have died in Gaza and 90% of the 2.2 million people in Gaza are homeless. |