search

കണ്ണില്ലാത്ത ക്രൂരതയ്ക്ക് തൂക്കുകയർ; 116 സാക്ഷികൾ, 92 തെളിവുകൾ; കൂട്ടക്കൊല കേസിൽ ഹമീദ് മക്കാറിനു വധശിക്ഷ

deltin33 10 hour(s) ago views 267
  

  

  

  



തൊടുപുഴ ∙ ചീനിക്കുഴി കൂട്ടക്കൊല കേസിൽ പ്രതി ഹമീദ് മക്കാറിനു (82) പ്രായത്തിന്റെ ആനുകൂല്യം ലഭിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി എ.ജി.ലാൽ പറയുന്നു. എല്ലാ തെളിവുകളും ശേഖരിച്ചിരുന്നു. പ്രതിയുടെ ശരീരത്തിലും പൊള്ളലും വസ്‍ത്രങ്ങളിൽ പെട്രോളിന്റെ അംശവുമുണ്ടായിരുന്നു. വീട്ടിൽനിന്നു പെട്രോളിന്റെ അംശങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതോടെ കോടതിയിൽ കുറ്റം സമർഥിക്കാൻ സാധിച്ചു. കൊല നടത്തണമെന്ന ഉദ്ദേശ്യം നേരത്തേതന്നെ പ്രതിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് വീട്ടിൽ നിന്ന് സ്വന്തം സാധനങ്ങൾ മാറ്റിയത്. മകനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഒരു മാസം മുൻപ് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചുള്ള പരാതിയും രേഖയായി. കൃത്യം കണ്ട രാഹുൽ ഉൾപ്പെടെ അയൽവാസികളും ബന്ധുക്കളും കൃത്യമായി മൊഴി നൽകിയെന്നും എ.ജി.ലാൽ പറഞ്ഞു.

സംഭവം നടന്ന് 80 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. 900ൽ അധികം പേജുകൾ അടങ്ങിയ കുറ്റപത്രത്തോടൊപ്പം 116 സാക്ഷികളുടെ പട്ടികയും 62 തൊണ്ടി മുതലുകളും 92 തെളിവുരേഖകളും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി. പ്രതിക്ക് ഇതുവരെയും കോടതി ജാമ്യവും അനുവദിച്ചിരുന്നില്ല. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരിക്കെത്തന്നെ കേസിന്റെ വിചാരണ പൂർത്തിയാക്കിയതും സഹായകമായി. 71 സാക്ഷികളെ വാദിഭാഗത്തിനു വേണ്ടി വിസ്തരിച്ചു. പ്രതിയുടെ ബന്ധുവായ ഒരാൾ വിസ്താരവേളയിൽ കൂറ് മാറിയിരുന്നുവെങ്കിലും മറ്റെല്ലാ തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായിരുന്നു.

കേസിൽ നിർണായക തെളിവായത് മുഹമ്മദ് ഫൈസലിന്റെ ഇളയമകൾ അസ്നയുടെ ഫോൺ കോൾ. അയൽവാസിയും കേസിൽ ഒന്നാം സാക്ഷിയുമായ രാഹുൽ രാജിനെ രാത്രി 12.45ന് സഹായം തേടി അസ്ന പിതാവിന്റെ ഫോണിൽ നിന്നു വിളിച്ചു. രാഹുൽ ഓടിയെത്തിയപ്പോൾ ഹമീദ് മക്കാറിനെ കണ്ടതാണ് കേസിൽ നിർണായകമായത്. ഹമീദ് സ്വന്തം ഫോണിൽ നിന്ന് പലരെയും വിളിച്ച് കൊലപാതകം നടത്തിയ വിവരം പറഞ്ഞിരുന്നു. ഫോണിൽ ഈ കോളുകൾ റെക്കോർഡാവുകയും ചെയ്തിരുന്നു. ഇയാൾ ഫോണിൽ വിളിച്ചിരുന്നവരുടെ മൊഴി പ്രൊസിക്യൂഷന് അനുകൂലമായി. ഫോൺ കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.   ചീനിക്കുഴിയിൽ ഫൈസലും കടുംബവും കൊല്ലപ്പെട്ട വീട്.

പ്രതി അന്ന് ചോദിച്ചു: എല്ലാവരും തീർന്നോ?
മകനും കുടുംബവും തീപ്പൊള്ളലേറ്റു മരിച്ചതിനു പിന്നാലെ കസ്റ്റഡിയിലായപ്പോൾ പ്രതി ഹമീദ് മക്കാർ പൊലീസുകാരോട് ചോദിച്ചത് എല്ലാവരും തീർന്നോ എന്നായിരുന്നു. സ്വത്തിനെച്ചൊല്ലി ഹമീദും മകൻ മുഹമ്മദ് ഫൈസലും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഭാര്യയെയും 3 മക്കളെയും ഉപേക്ഷിച്ച് ഹൈറേഞ്ചിലേക്കു താമസം മാറ്റിയ ഹമീദ് ഏതാനും വർഷം മുൻപാമു തിരികെ ചീനിക്കുഴിയിലെ തറവാട്ടു വീട്ടിൽ എത്തിയത്. തറവാട്ടിൽ താമസിച്ചിരുന്ന ഫൈസലുമായി അന്നു മുതൽ സ്വത്തിന്റെ പേരിൽ വഴക്ക് പതിവായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.

നിർവികാരനായി കോടതിമുറിയിൽ
തൊടുപുഴ ∙ അലക്കിത്തേച്ച ഷർട്ടും വെള്ളമുണ്ടും ഉടുത്താണു പ്രതി ഹമീദ് ഇന്നലെ ഉച്ചയ്ക്ക് 1.45നു കോടതിയിലെത്തിയത്. തൊട്ടടുത്തുള്ള ജില്ലാ ജയിലിൽ നിന്നാണു മുട്ടം ഒന്നാം അഡിഷനൽ സെഷൻസ് കോടതിയിലെത്തിച്ചത്. നിർവികാരനായാണു പ്രതി വിധിപ്രസ്താവം കേട്ടത്. വിധിപ്പകർപ്പുകൾ നൽകുന്നതിനായി തൊട്ടടുത്തുള്ള മുറിയിലേക്ക് ഇയാളെ മാറ്റി. അവിടെയും നിർവികാരനായി ഇരുന്നു. ഇടയ്ക്കിടെ കൂടെയുള്ള പൊലീസുകാരോട് ചായയും വെള്ളവും ആവശ്യപ്പെടുന്നുണ്ടായിരുന്നു. വൈകിട്ട് 6.05നു പ്രതിയെ പൊലീസ് തൊട്ടടുത്തുള്ള ജില്ലാ ജയിലിലേക്കു മാറ്റി. ഇന്നു പൂജപ്പുര സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകും.   രാഹുൽ രാജൻ

ജയിലിൽ പോയി ഞാൻ ചോദിച്ചു: എന്തിനാണ് എന്റെ പിള്ളേരെ കത്തിച്ചത്?
തൊടുപുഴ ∙ ചീനിക്കുഴിയിലെ ദാരുണകൃത്യത്തിനു ദൃ‌ക്സാക്ഷിയാണ് അയൽവാസി കല്ലുറുമ്പിൽ രാഹുൽ രാജൻ (30).  ക്രൂരകൃത്യം നടന്ന് മൂന്നരവർഷം കഴി‍ഞ്ഞിട്ടും അന്നത്തെ രാത്രിയിലെ കാഴ്ചകൾ രാഹുലിന്റെ മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. അന്ന് പുലർച്ചെ 12.45നു മുഹമ്മദ് ഫൈസലിന്റെ ഫോണിൽ നിന്നുള്ള വിളി കേട്ടാണ് രാഹുൽ ഞെട്ടിയുണ‍ർന്നത്. ‘ചേട്ടായി രക്ഷിക്കണേ..’ എന്ന് ഫൈസലിന്റെ മകൾ അസ്നമോളുടെ നിലവിളി ഫോണിൽ മുഴങ്ങി. പുറത്തിറങ്ങി നോക്കുമ്പോൾത്തന്നെ ഫൈസലിന്റെ വീട്ടിൽ തീയാളുന്നതു കാണാമായിരുന്നു. വീട് മുൻഭാഗത്തു നിന്നു പൂട്ടിയിരുന്നു. വാതിൽ ചവിട്ടിത്തുറന്ന് ഹാളിൽ കയറി, കിടപ്പുമുറിയുടെ വാതിലും പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അതും ചവിട്ടിത്തുറന്നെങ്കിലും തീ കാരണം ഒന്നും കാണാൻ സാധിച്ചില്ല. കിടക്കയ്ക്ക് തീ പിടിച്ചിരിക്കുകയായിരുന്നു.

രാഹുൽ പറയുന്നു: ‘‘ഫൈസലിന്റെ ശബ്ദം കേട്ട് വെള്ളം എടുക്കാൻ അടുക്കളയിലേക്ക് ഓടിയപ്പോൾ മുൻവാതിലിലൂടെ പ്രതി ഹമീദ് മുറിയിലേക്ക് പെട്രോൾ കുപ്പി എറിഞ്ഞു. ഓടി പുറത്തുവന്നു ഞാൻ ഹമീദിനെ തള്ളിമാറ്റി. അടുക്കളയിൽ ഒട്ടും വെള്ളം ഉണ്ടായിരുന്നില്ല. ഫ്രിജ് തുറന്ന് അതിലുണ്ടായിരുന്ന മോരുംവെള്ളം മുറിയിലേക്ക് ഒഴിച്ചു. വെള്ളം കോരിയൊഴിക്കാൻ കിണറിന്റെ അടുത്തെത്തി നോക്കി. കപ്പിയും കയറും ഉണ്ടായിരുന്നില്ല. മോട്ടറിലേക്കുള്ള വൈദ്യുതി കണക്‌ഷനും വിഛേദിച്ചിരുന്നു. ഇതിനകം ഫൈസലും ഭാര്യയും മക്കളും ശുചിമുറിയിൽക്കയറി വാതിൽ അടച്ചിരുന്നു. അൽപം കഴിഞ്ഞപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. എനിക്ക് 3 പെൺമക്കളാണ്. എനിക്കു മക്കളെപ്പോലെയായിരുന്നു മെഹ്റിനും അസ്നയും.’’ ഹമീദിനെ ഒരിക്കൽ ജയിലിൽ പോയി കണ്ടിരുന്നതായി രാഹുൽ പറയുന്നു. അന്ന് ഒരു ചോദ്യം മാത്രമാണ് അയാളോട് ഞാൻ ചോദിച്ചത്: ‘വല്യുപ്പാ എന്തിനാണ് എന്റെ പിള്ളേരെ കത്തിച്ചത്?’   

ഇടുക്കിയിൽ ഇതുവരെ വധശിക്ഷകൾ 5
തൊടുപുഴ ∙ ഇടുക്കി ജില്ലയിൽ 25 വർഷത്തിനിടെ 4 കൊലപാതക കേസുകളിലായി വധശിക്ഷ ലഭിച്ചത് 5 പേർക്ക്. ഒരു പ്രതിക്ക് അത്യപൂർവമായ ഇരട്ട വധശിക്ഷയും ലഭിച്ചു. വധശിക്ഷയ്ക്കു പുറമേ മരണം വരെ കഠിനതടവാണു മറ്റൊരു കേസിലെ പ്രതിക്കു വിധിച്ചത്.

∙ 2003 നവംബർ 07
ജ്യേഷ്ഠനെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എഴുമുട്ടം ചീരാങ്കുന്നേൽ ജോഷിയെ (33) അഡീഷനൽ സെഷൻസ് ജഡ്ജി (ഫാസ്റ്റ് ട്രാക്ക് കോടതി) പി. മോഹനകുമാർ വധശിക്ഷയ്ക്കു വിധിച്ചു. 2003 ജനുവരി അഞ്ചിനായിരുന്നു കൊലപാതകം.  

∙ 2009 ഒക്ടോബർ 6
അടിമാലി മുക്കുടത്ത് അമ്മയുൾപ്പെടെ 4 പേരെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാംമൈൽ കൊന്നക്കൽ ജോമോനെ (26) അഡീഷനൽ സെഷൻസ് ജഡ്ജി കെ.ആർ.ജിനൻ ഇരട്ട വധശിക്ഷയ്‌ക്കു വിധിച്ചു. 2006 സെപ്റ്റംബർ രണ്ടിനായിരുന്നു കൊലപാതകം.

∙ 2012 ജൂൺ 20
പീരുമേട് 57–ാം മൈൽ വള്ളോപ്പറമ്പിൽ മോളി (55), മകൾ നീനു മോൾ (22) എന്നിവരെ 2007 ഡിസംബർ രണ്ടിന് രാത്രി വീടിനുള്ളിൽ അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അയൽവാസി ചുരക്കുളം പുതുവലിൽ വീട്ടിൽ രാജേന്ദ്രന് (48) തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്‌ജി ടി.യു.മാത്തുക്കുട്ടി  വധശിക്ഷ വിധിച്ചു.

∙ 2019 ജനുവരി 17
മോളിയെയും മകൾ നീനുമോളെയും കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വണ്ടിപ്പെരിയാർ 57–ാം മൈൽ പെരുവേലിപ്പറമ്പിൽ വീട്ടിൽ ജോമോന് (26) തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ.കെ.സുജാത  വധശിക്ഷ വിധിച്ചു.

∙ 2023 ജൂലൈ 22
ഉറങ്ങിക്കിടന്ന 6 വയസ്സുള്ള ആൺകുട്ടിയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും 14 വയസ്സുള്ള പെ‍ൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ കുട്ടികളുടെ അമ്മയുടെ സഹോദരീഭർത്താവായ അൻപതുകാരന് ഇടുക്കി അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.ജി.വർഗീസ് വധശിക്ഷ വിധിച്ചു.



“ക്രൂര കൊലപാതകം നടത്തിയ ഹമീദ് മക്കാറിന് കോടതി വധശിക്ഷ വിധിച്ചതിൽ നീതിന്യായ വ്യവസ്ഥയോടു കടപ്പാടുണ്ട്. ജീവപര്യന്തം അല്ലെങ്കിൽ വധശിക്ഷ കിട്ടുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. സഹോദരിയുടെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു പുതിയ വീട്ടിലേക്കു മാറിത്താമസിക്കുക എന്നത്. അതിനു പോലും അനുവദിക്കാതെയാണ് അയാൾ ആ കൊടും ക്രൂരത ചെയ്തത്. സംഭവം നടന്ന് ഒരു വർഷം തികയും മുൻപ് ഉപ്പയും തങ്ങളെ വിട്ടുപോയി. സഹോദരിയുടെ പേരിലുള്ള പുതിയ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.“



സി.ഐ.സൈജു, കൊല്ലപ്പെട്ട ഷീബയുടെ മൂത്ത സഹോദരൻ English Summary:
Cheenikuzhy Murder Case involves the brutal murder of a family by Hameed Makkar. The investigation revealed compelling evidence, including the accused\“s presence at the scene and recorded phone calls confessing to the crime, leading to his conviction. Witnesses\“ testimonies and forensic evidence played a crucial role in securing justice for the victims.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469956