ദേശീയ വൈദ്യുതിനയത്തിന്റെ കരടുരൂപം ഒട്ടേറെ ആശങ്കകളാണുയർത്തുന്നത്. എല്ലാ സാമ്പത്തികവർഷവും വൈദ്യുതിനിരക്ക് തനിയെ പരിഷ്കരിക്കുന്ന സംവിധാനമടക്കം ഉൾപ്പെടുത്തിയ നയത്തിന്റെ കരടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
വാണിജ്യ ഉപയോക്താക്കളിൽനിന്നുള്ള അധികവരുമാനംകൊണ്ട് ഗാർഹിക – കാർഷിക ഉപയോക്താക്കളുടെ നിരക്കുകൾ കുറയ്ക്കുന്ന ക്രോസ് സബ്സിഡി ഘട്ടംഘട്ടമായി കുറയ്ക്കണമെന്ന നിർദേശം വലിയ പ്രത്യാഘാതത്തിനു കാരണമായേക്കാം. അഞ്ചു കിലോവാട്ടിനു മുകളിൽ ശേഷിയുള്ള സൗരോർജപ്ലാന്റുകൾക്കു ഭാവിയിൽ നെറ്റ് മീറ്ററിങ് സൗകര്യം ഒഴിവാകാനുള്ള സാധ്യത ഗാർഹിക സൗരോർജ ഉൽപാദകർക്കു സാമ്പത്തികബാധ്യത വരുത്തുമെന്നും ആശങ്കയുണ്ട്. പലവിധത്തിലും ജനത്തിനു ഭാരമാകുമെന്നു വിമർശിക്കപ്പെടുന്ന ഈ നയം ചേർത്തുള്ള വൈദ്യുതി ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനുകൾ നിരക്കു പരിഷ്കരിച്ചില്ലെങ്കിലും നിശ്ചിത സൂചികയുമായി ബന്ധിപ്പിച്ച് സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ തനിയെ പുതുക്കൽ നടക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. അതായത്, വിതരണക്കമ്പനിയും കമ്മിഷനും നിരക്കുവർധന നടത്തിയില്ലെങ്കിലും വൈദ്യുതിനിരക്ക് ഉയരും! വൈദ്യുതിനിരക്കു കൂട്ടുന്നതിൽ വിതരണക്കമ്പനികൾ കാലവിളംബം വരുത്തിയാലും കമ്മിഷനു സ്വമേധയാ നിരക്കു വർധിപ്പിക്കാനുള്ള വ്യവസ്ഥ ഒക്ടോബറിൽ പുറത്തിറക്കിയ കരടു വൈദ്യുതി ഭേദഗതി ബില്ലിലുണ്ടായിരുന്നു. എന്നാൽ, ഒരുപടി കൂടി കടന്ന്, കമ്മിഷൻ നടപടിയെടുത്തില്ലെങ്കിലും നിരക്കു തനിയെ കൂടുന്ന സംവിധാനമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് വൈദ്യുതിനയത്തിലുള്ളത്.
‘ഫൂലൻ ദേവിയെപ്പറ്റി പറയാനില്ല’: ചമ്പലിലെ ‘രാജാവിന്’ ബോളിവുഡ് വാഗ്ദാനം ചെയ്തത് രണ്ടരക്കോടി, പക്ഷേ...: മൽഖാൻ സിങ് അഭിമുഖം
വീടിനു ചുറ്റും സൈന്യം, മൊബൈൽ ജാമർ..: മുൻ മുഖ്യനെ വീട്ടിൽ ‘പൂട്ടി’ ബിജെപി: മണിപ്പുരിൽ ഫലം കാണുമോ ഖേംചന്ദിന്റെ ‘തയ്ക്വാൻഡോ’?
MORE PREMIUM STORIES
ഒരു മേഖലയിൽ നിലവിലെ വിതരണക്കമ്പനികളുടെ ശൃംഖല ഉപയോഗിച്ച് മറ്റു സ്വകാര്യ കമ്പനികൾക്കും വൈദ്യുതിവിൽപനയ്ക്ക് അവസരം നൽകണമെന്ന വ്യവസ്ഥയും വിവാദപരമാണ്. ഇതുപ്രകാരം, സ്വകാര്യകമ്പനികൾക്കു സ്വന്തം മുതൽമുടക്കില്ലാതെ, പൊതുപണമുപയോഗിച്ചു നിർമിച്ച വിതരണശൃംഖല ഉപയോഗിക്കാം. ശൃംഖലയുടെ പരിപാലനച്ചുമതല പൊതുമേഖലയുടെ മാത്രം ബാധ്യതയാകുമെന്ന വിമർശനവുമുണ്ട്. വിതരണരംഗത്ത് പൊതു–സ്വകാര്യ പങ്കാളിത്തത്തിനും ശുപാർശയുണ്ട്. വിതരണമേഖലയിൽ മത്സരം കൊണ്ടുവരിക എന്നതു നയത്തിന്റെ ഒരു ലക്ഷ്യമായി കാണാമെങ്കിലും അതിനു സ്വീകരിക്കുന്ന മാർഗം ഫലപ്രദമാകുമോ എന്നതാണു സംശയം.
ഈ നയം കെഎസ്ഇബിക്കു ചില കാര്യങ്ങളിൽ നേട്ടമാണെങ്കിലും 70% ഗാർഹിക ഉപയോക്താക്കളുള്ള കേരളം പോലൊരു സംസ്ഥാനത്തിനു മൊത്തത്തിൽ തിരിച്ചടിയാകുമെന്നാണു നിരീക്ഷിക്കപ്പെടുന്നത്. ജനങ്ങൾക്കുമേൽ വൈദ്യുതി കമ്പനികൾ അടിച്ചേൽപിച്ചേക്കാവുന്ന നിരക്കുവർധനകൾ പരിശോധിക്കാനും നിയന്ത്രിക്കാനും വൈദ്യുതി റഗുലേറ്ററി കമ്മിഷനുകൾക്കുള്ള അധികാരം പുതിയ നയം നിലവിൽവരുന്നതോടെ നിയന്ത്രിക്കപ്പെടുമെന്നുവേണം കരുതാൻ. സുതാര്യതയില്ലാതെ പ്രവർത്തിക്കുന്ന കെഎസ്ഇബി പുതിയ നയത്തെ മുതലെടുത്തേക്കാമെന്നും സർചാർജ് എന്ന പേരിൽ വൈദ്യുതിനിരക്ക് അനിയന്ത്രിതമായി കൂട്ടുന്നത് ഗാർഹിക ഉപയോക്താക്കളെ കൂടുതൽ ബാധിക്കാമെന്നും വിലയിരുത്തപ്പെടുന്നു.
അഞ്ചു കിലോവാട്ടിനു മുകളിലുള്ളവയ്ക്കു നെറ്റ് മീറ്ററിങ് നിരുത്സാഹപ്പെടുത്തണമെന്നു കരടിൽ നിർദേശിക്കുന്നത് ഗാർഹിക സൗരോർജ ഉൽപാദകർക്കു വലിയ ആഘാതമായി മാറിയേക്കാം. ഉപയോഗിച്ചശേഷം ഗ്രിഡിലേക്കു നൽകുന്ന സോളർ വൈദ്യുതിക്ക് ആനുപാതികമായി ഗ്രിഡിൽനിന്നു വൈദ്യുതി ഉപയോഗിക്കുന്നതാണ് നെറ്റ്മീറ്ററിങ് രീതി. 5 കിലോവാട്ടിനു മുകളിലുള്ളവർ ഗ്രിഡിൽനിന്നു പകരം വൈദ്യുതി തിരിച്ചെടുക്കാൻ കഴിയാത്ത ഗ്രോസ് മീറ്ററിങ് അടക്കമുള്ള രീതിയിലേക്കു മാറേണ്ടിവന്നേക്കാം. നെറ്റ് മീറ്ററിങ് നിലനിർത്തണമെന്ന ഗാർഹിക സൗരോർജ ഉൽപാദകരുടെ ആവശ്യമാണു മാനിക്കപ്പെടാതെപ്പോകുന്നത്. പ്ലാന്റ് വച്ചതിന്റെ മുടക്കുമുതൽ 5 വർഷംകൊണ്ട് നിലവിൽ തിരിച്ചുപിടിക്കാമെങ്കിൽ ഗ്രോസ് മീറ്ററിങ്ങിലേക്കു മാറിയാൽ 15 വർഷം വരെയെടുക്കാമെന്നും സോളർ ഉൽപാദകർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രാധികാരം ലക്ഷ്യംവച്ചുള്ള നയരൂപീകരണമാണ് ഇതെന്നും ഫെഡറൽ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്നുമുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ, പാർലമെന്റിൽ ആഴത്തിലുള്ള ചർച്ചകൾ നടത്തിയും എല്ലാ തലങ്ങളിലുമുള്ള ഉപയോക്താക്കളുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം പരിഗണിച്ചും ജനങ്ങളുടെ ആശങ്കകൾ ദൂരീകരിച്ചും മാത്രമേ നയം അന്തിമമാക്കാവൂ. English Summary:
Concerns About the National Electricity Policy Draft: Automatic Electricity Tariff Revisions Explained