മോട്ടറോള കമ്പനിയുടെ സിസ്‌റ്റംസ് ജനറൽ മാനേജരായിരുന്ന ഡോ. മാർട്ടിൻ കൂപ്പർ ഇപ്പോൾ കേരളം കണ്ടിരുന്നെങ്കിൽ ലജ്‌ജിച്ചേനെ; 53 വർഷം മുൻപൊരു ഏപ്രിലിൽ പോർട്ടബ്ൾ സെൽഫോൺ ലോകത്താദ്യമായി ഉപയോഗിച്ചതിന്. സമൂഹമാധ്യമങ്ങൾ അപകടകരമായ സാധ്യതകൾക്കായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങൾ ആശങ്കയോടെ തുടർച്ചയായി കാണുകയും കേൾക്കുകയുമാണ് നമ്മുടെ നാട്.
ഷിംജിത എന്ന യുവതിയുടെ വിഡിയോ പോസ്റ്റിനു പിന്നാലെ കോഴിക്കോട് സ്വദേശി യു.ദീപക് ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞ ദിവസം കേരളത്തെയാകെ ഞെട്ടിച്ചതാണ്. ഏറെ കോളിളക്കമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ കേസ് ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ച് ഇന്നലെ ഷിംജിത അറസ്റ്റിലായതോടെ കൂടുതൽ ഗൗരവമാനം കൈവരിച്ചിരിക്കുന്നു. സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഷിംജിത സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് ദീപക്കിന്റെ ആത്മഹത്യയെന്നാണ് ഇപ്പോൾ കരുതാവുന്നത്. ഇതിനുപിന്നിലെ യാഥാർഥ്യം കൂടുതൽ തെളിവോടെ പുറത്തുവരേണ്ടതുണ്ടെങ്കിലും സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ചില പ്രസക്ത ചോദ്യങ്ങൾ പൊതുസമൂഹത്തിനുമുന്നിൽ ഉയർത്താൻ ഈ കേസിനു കഴിഞ്ഞിട്ടുണ്ട്.
റീച്ചിനും ലൈക്കിനും വേണ്ടി സൃഷ്ടിക്കുന്ന ഉള്ളടക്കം മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യം വർധിക്കുകയാണെന്ന്, ഈ സംഭവത്തെത്തുടർന്നുള്ള ഫെയ്സ്ബുക് പോസ്റ്റിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പരാതിയുണ്ടെങ്കിൽ സമൂഹമാധ്യമത്തെ ദുരുപയോഗിക്കാതെ തങ്ങളെ അറിയിക്കണമെന്നു പൊലീസ് പറയുന്നത് അതീവഗൗരവത്തോടെ കേൾക്കേണ്ടതുതന്നെയാണ്. പൊലീസ് സഹായം ആവശ്യമുള്ള അവസരങ്ങളിൽ സമൂഹമാധ്യമത്തിൽ പ്രതികരിക്കാതെ 112 എന്ന എമർജൻസി നമ്പറിലേക്കു വിളിക്കണമെന്നാണ് അറിയിപ്പ്. പൊലീസിനു മുന്നിലാണല്ലോ ഇത്തരം വിഡിയോകൾ ആദ്യം തെളിവാകേണ്ടത്.
കുഞ്ഞിന് മുലപ്പാൽ നൽകുമ്പോൾ ഒരിക്കലും ഇങ്ങനെ ചെയ്യരുത്; എന്തുകൊണ്ട് ആറാം മാസം ചോറൂണ്? മുലപ്പാൽ അളവ് പെട്ടെന്നു കൂടാനും വഴിയുണ്ട്
ജനനത്തെ വെട്ടിത്തോൽപ്പിച്ച് മരണം: മലയാളിക്കും കുടിയേറ്റ അവസരം തുറക്കുകയാണോ ആ യൂറോപ്യൻ രാജ്യം?
സമൂഹമാധ്യമങ്ങൾ വരുമാനമാർഗമായതോടെ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണവും കൂടി. വൈറലാകാൻ കണ്ടന്റുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലർ മനുഷ്യത്വവും സാമൂഹിക ഉത്തരവാദിത്തങ്ങളും മനഃപൂർവം മറക്കുകയാണെന്നാണ് പൊലീസ് ഓർമപ്പെടുത്തുന്നത്. ഒരാളുടെ സ്വകാര്യജീവിതം അനുവാദമില്ലാതെ പ്രചരിപ്പിക്കുന്നതും അതിരുകടന്നു പരിഹസിക്കുന്നതും അർധസത്യങ്ങൾ പ്രചരിപ്പിക്കുന്നതും വ്യക്തികളുടെ മാനസികാരോഗ്യം, കുടുംബബന്ധങ്ങൾ, സാമൂഹിക അംഗീകാരം എന്നിവ തകർക്കുന്നു. മറ്റൊരാളുടെ ജീവിതം നശിപ്പിച്ചുനേടുന്ന റീച്ച് നേട്ടമല്ലെന്നുകൂടി പൊലീസ് ഓർമിപ്പിക്കുമ്പോൾ അതിൽ മറ്റൊരു അഭിപ്രായം ആർക്കുമില്ല.
മാന്യമായ ജീവിതം നയിക്കുന്നവരെ ഏറ്റവും മോശമായ മാർഗങ്ങളിലൂടെ അപമാനിക്കുന്നതു മുതൽ ജീവിച്ചിരിക്കുന്നവരെ പടുവാർത്തകളിലൂടെ ‘കൊല്ലാൻ’വരെ മടിയില്ലാത്ത സാമൂഹികവിരുദ്ധർ സൈബർലോകത്തു വിളയാടുന്നുണ്ട്. കയ്യടിക്കും കാശിനും ക്രൂരസംതൃപ്തിക്കും വേണ്ടിയൊക്കെയാണ് ഇവരുടെ സൈബർപേക്കൂത്ത്. സ്ത്രീകൾക്കെതിരെയും മറ്റും അപകീർത്തികരമായ വിഡിയോകളും മറ്റും പോസ്റ്റ് ചെയ്യുന്ന നീചർക്ക് ആവേശം നൽകുംവിധത്തിലാണ് അതു കാണുന്ന പലരുടെയും പ്രതികരണവും.
ബസും ട്രെയിനുമടക്കമുള്ള പൊതുഇടങ്ങളിലെ ലൈംഗികാതിക്രമം തത്സമയം ചിത്രീകരിച്ച് അത്തരം കുറ്റവാളികളെ നിയമപാലകർക്കു മുന്നിലെത്തിക്കാൻ മൊബൈൽ ഫോൺ സ്ത്രീകൾക്കു തുണയാകുന്നതു പലപ്പോഴും നാം കണ്ടിട്ടുണ്ട്. എന്നാൽ, ആ സാധ്യത ദുരുപയോഗിക്കുമ്പോൾ അത് അങ്ങേയറ്റം ആപൽക്കരമാകുന്നു.
സമൂഹമാധ്യമത്തിൽ മോശം പറഞ്ഞാൽ ആരും ചോദിക്കാനില്ലെന്നു ചിലർ കരുതുന്നത് ഈ കാലഘട്ടത്തിന്റെ ദുരവസ്ഥയാണെന്ന് അഞ്ചു വർഷംമുൻപ് ഹൈക്കോടതി പറഞ്ഞത് ഇപ്പോൾ കൂടുതൽ പ്രസക്തമാകുകയാണ്. ‘ലൈക്’ നൽകി പ്രോത്സാഹിപ്പിക്കാൻ സൈബർ ‘ഫ്രണ്ട്സ്’ ഉണ്ടാകുമെങ്കിലും ഭവിഷ്യത്ത് അനുഭവിക്കാൻ ആരും ഉണ്ടാകില്ലെന്ന് ഓർമിപ്പിക്കുകയും ചെയ്തിരുന്നു അന്നു കോടതി.
ഡിജിറ്റൽ സാക്ഷരതയിൽ രാജ്യത്തു മുന്നിലാണു കേരളം. സാങ്കേതികവിദ്യയുടെ കാര്യത്തിൽ നമുക്കു കൈവന്ന ആത്മവിശ്വാസം ചിലരെങ്കിലും ഉപയോഗപ്പെടുത്തുന്നതു പക്ഷേ, ഹീനമായ മാർഗങ്ങളിലൂടെയാണെന്നുമാത്രം. സമൂഹമാധ്യമങ്ങളുടെ ശുഭസാധ്യതകളത്രയും മറന്ന്, ദുരുപയോഗങ്ങൾക്കു തുനിഞ്ഞിറങ്ങുന്നവർക്കു കർശനമായി തടയിട്ടേതീരൂ. English Summary:
The Dark Side of Social Media Fame: The Responsibility of Content Creators