നിലമറിയാതെ കൃഷിചെയ്യരുതെന്നു പറയുന്നതു വെറുതേയല്ല. മണ്ണുപോലെതന്നെയാണ് ആ മണ്ണിൽ കൃഷിചെയ്യുന്ന കർഷകരെ സംബന്ധിച്ച നിയമങ്ങളും. പാളിപ്പോയാൽ ആഘാതമുണ്ടാവുമെന്നു തീർച്ച. ഈ കാലത്തിന് അനിവാര്യമായ നിയമപരിഷ്കാരമെന്ന വിശേഷണവുമായി പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്ന വിത്തുനിയമ (2025) ഭേദഗതി ബിൽ ഉയർത്തുന്ന ആശങ്കകൾ പലതാണ്. രാജ്യത്തെ കർഷകരുടെ വിത്ത് അവകാശങ്ങൾ, തദ്ദേശീയ ജൈവവൈവിധ്യങ്ങൾ, പൊതുമേഖലയിലെ വിത്തുൽപാദനം തുടങ്ങിയവയെ ദുർബലപ്പെടുത്തുകയും കുത്തക കമ്പനികൾക്ക് അനുകൂലമായ വിപണി സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ ബില്ലെന്നാണു മുഖ്യ ആക്ഷേപം.
ഗുണനിലവാരമില്ലാത്ത വിത്തുകളിൽനിന്നു കർഷകരെ സംരക്ഷിക്കാനും ഇന്ത്യയിലെ വിത്തുമേഖലയെ ആധുനികവൽക്കരിക്കാനും വേണ്ടിയുള്ള കർഷകകേന്ദ്രീകൃത നിയമമാണു ലക്ഷ്യമെന്നാണു കേന്ദ്രത്തിന്റെ അവകാശവാദം. അനധികൃതവും ഗുണനിലവാരമില്ലാത്തതുമായ വിത്തുകൾ മൂലം രാജ്യത്തിന്റെ പലഭാഗത്തും കർഷകർക്കു വലിയനഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിൽ ഈ വാദത്തിൽ തെറ്റുപറയാനുമാകില്ല. വിൽപനയ്ക്കുള്ള എല്ലാ വിത്തിനങ്ങളൂം നിർബന്ധമായും റജിസ്റ്റർ ചെയ്യണം, വിത്തു പാക്കറ്റുകളിൽ ശരിയായ വിവരങ്ങൾ നൽകണം, വിത്തുകളുടെ ഉറവിടം കണ്ടെത്താനുള്ള ഡിജിറ്റൽ സംവിധാനം വേണം തുടങ്ങിയ പല വ്യവസ്ഥകളും ബില്ലിലുണ്ട്.
എന്നാൽ, ഈ വ്യവസ്ഥകൾ പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്നതിലും ഒടുവിൽ ഇതിന്റെ ഗുണം ആർക്കാണെന്നതിലുമാണ് ആശങ്ക. ബില്ലിലെ വ്യവസ്ഥകൾ കർഷകാവകാശങ്ങളെ അവഗണിക്കുന്ന രീതിയിലുള്ളതാണെന്ന മറുവാദം കേന്ദ്രം വേണ്ടവിധം ചെവിക്കൊള്ളുന്നില്ല എന്നാണു പരാതി. ഇന്ത്യയിലെ ഔദ്യോഗിക വിത്തുവിപണിയുടെ ഭീമഭാഗവും സ്വകാര്യ കമ്പനികളുടെ കൈകളിലാണ്. എന്നാൽ, മിക്ക പ്രധാനവിളകളുടെയും കൃഷിക്ക് ഇപ്പോഴും കർഷകർതന്നെ സംരക്ഷിക്കുന്ന വിത്തുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഈ വികേന്ദ്രീകൃത സംവിധാനത്തെ കർശനമായി നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാകുന്നത് വൻകിട കമ്പനികളുടെ ചൂഷണത്തിനു വഴിയൊരുക്കുമെന്ന നിരീക്ഷണം തള്ളിക്കളയാനാവില്ല. റജിസ്റ്റർ ചെയ്യാത്ത വിത്തുകൾ കർഷകർക്കു വാണിജ്യപരമായി വിൽക്കാനാകില്ലെന്ന ആശങ്കയും ഗൗരവമുള്ളതാണ്. പല കർഷകസംഘടനകളും ബില്ലിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
- കുഞ്ഞിന് മുലപ്പാൽ നൽകുമ്പോൾ ഒരിക്കലും ഇങ്ങനെ ചെയ്യരുത്; എന്തുകൊണ്ട് ആറാം മാസം ചോറൂണ്? മുലപ്പാൽ അളവ് പെട്ടെന്നു കൂടാനും വഴിയുണ്ട്
- ജനനത്തെ വെട്ടിത്തോൽപ്പിച്ച് മരണം: മലയാളിക്കും കുടിയേറ്റ അവസരം തുറക്കുകയാണോ ആ യൂറോപ്യൻ രാജ്യം?
- ഏതുനിമിഷവും മണ്ണിടിയാം, ഇരുട്ടിൽ വിഷവാതകം; ആഴങ്ങളിലേക്കു പോകുന്തോറും മൃതദേഹങ്ങൾ; മേഘാലയ ഖനി അപകടം; ഞെട്ടിക്കുന്ന കാഴ്ചകൾ
MORE PREMIUM STORIES
അതേസമയം, വിത്തുബില്ലിന്റെ പരിഷ്കരിച്ച കരടിൽ കർഷകവിരുദ്ധ വ്യവസ്ഥകളില്ലെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ വിശദീകരണം. പരമ്പരാഗത വിത്തിനങ്ങൾ കൈമാറ്റം ചെയ്യുന്നതിനും വിൽക്കുന്നതിനും കർഷകർക്കു തടസ്സമില്ലെന്നും കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് ഠാക്കൂർ പറയുകയുണ്ടായി. ബില്ലിൽ ഇതു സംബന്ധിച്ചുള്ള വ്യവസ്ഥ കർഷകവിരുദ്ധവും കുത്തകകൾക്ക് അനുകൂലവുമാണെന്ന വിമർശനങ്ങൾക്കിടെയാണു മന്ത്രിയുടെ വിശദീകരണം.
വിത്തുകളുടെ ഉൽപാദനത്തിലും വിപണനത്തിലും കർഷകർക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ സംസ്ഥാനതലത്തിൽ ഫണ്ട് രൂപീകരിക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യണമെന്നും നഷ്ടപരിഹാര ഫണ്ടിൽ കേന്ദ്ര–സംസ്ഥാന പങ്കാളിത്തം 90:10 അനുപാതത്തിലാകണമെന്നും കേരളം കേന്ദ്ര കൃഷിമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വിലനിയന്ത്രണം കേന്ദ്ര–സംസ്ഥാന സംയുക്ത സംവിധാനത്തിലൂടെയാകണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. കേന്ദ്ര വിത്തുസമിതിയിൽ സംസ്ഥാനങ്ങൾക്കു സ്ഥിരവും സമാനവുമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം ഏറെ പ്രാധാന്യമുള്ളതാണ്.
കഴിഞ്ഞ 20 വർഷത്തിനിടെ രൂപപ്പെടുത്തിയ മൂന്നു വിത്തുനിയമ കരടുകൾ യാഥാർഥ്യമായില്ലെന്നുകൂടി ഒാർമിക്കണം. കർഷക സംരക്ഷണം, നഷ്ടപരിഹാരം, ജൈവവൈവിധ്യം, വിലനിയന്ത്രണം, സംസ്ഥാനങ്ങളുടെ അധികാരം തുടങ്ങിയ വിഷയങ്ങളിലാണ് ഓരോ തവണയും ചർച്ച കുടുങ്ങിയത്. ഇപ്പോഴത്തെ ബില്ലിലും ഈ കുറവുകൾ പരിഹരിക്കുന്നില്ല. അതുകൊണ്ടുതന്നെ, കർഷക– പൗരസംഘടനകൾ മുന്നോട്ടുവച്ച ന്യായമായ ഭേദഗതികൾ കേന്ദ്രം പരിഗണിക്കേണ്ടതുണ്ട്. കർഷകർ വികസിപ്പിക്കുന്ന വിത്തുകൾക്കു റജിസ്ട്രേഷൻ നിയമങ്ങളിൽ ഇളവു വേണമെന്നതടക്കമുള്ള ഭേദഗതികളാണവ.
പരിഹാരമില്ലാത്ത അടിസ്‌ഥാനപ്രശ്‌നങ്ങൾ ജീവിതം ദുസ്സഹമാക്കിയിട്ടും മണ്ണിനെ വിശ്വസിച്ചു കർഷകർ മുന്നോട്ടുപോകുമ്പോഴാണ് ബിൽ സംബന്ധിച്ച ആശങ്കകൾകൂടി ഉയർന്നിരിക്കുന്നത്. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ മാനിച്ചും അതനുസരിച്ചു പരിഷ്കരിച്ചുംവേണം ഇത്തരത്തിലൊരു നിർണായക ബിൽ യാഥാർഥ്യമാക്കാൻ. English Summary:
The Impact on Farmers\“ Seed Rights: Concerns Regarding the Seed Act Amendment Bill |
|