LHC0088 • 2025-10-14 17:51:00 • views 1156
കൊച്ചി ∙ ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തിവച്ച പാലിയേക്കര ടോൾ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ടോൾ പിരിവ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീക്കുന്നതു സംബന്ധിച്ച് അന്ന് ഡിവിഷൻ ബെഞ്ച് വിധി പറയും. നിലവിൽ പ്രശ്നമുള്ള ആമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിൽ സന്ദർശിച്ച് സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയോട് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവർ ഉത്തരവിട്ടു.
- Also Read ‘കേരളത്തിൽ പ്രവർത്തിക്കാൻ താൽപര്യം, ദേശീയപദവിയിൽനിന്ന് ഒഴിവാക്കണം, തിരുത്താൻ പാർട്ടിയോട് ആവശ്യപ്പെടും’
ദേശീയപാത അതോറിറ്റിക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇന്ന് ഹാജരായത്. ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്നും ട്രാഫിക് മാനേജ്മെന്റ് കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നും ഓൺലൈനിൽ ഹാജരായ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ഓരോ ഹൈവേയുടെയും കാര്യത്തിലും പ്രത്യേകമായി നിർദേശം നൽകാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്നും നയപരമായ നിർദേശങ്ങൾ മാത്രമേ നൽകാനാവൂയെന്നും തുഷാർ മേത്ത അറിയിച്ചു. 65 കിലോമീറ്റർ ദേശീയപാതയിൽ അഞ്ചു കിലോമീറ്ററിൽ മാത്രമാണ് പ്രശ്നങ്ങളുള്ളത്. ടോള്‍ പിരിവ് നിർത്തിവച്ചതു മൂലം റോഡ് അറ്റകുറ്റപ്പണികളെ ബാധിക്കും. ടോൾ നിര്‍ത്തുന്നത് കരാർ കമ്പനിയുമായുള്ള നിയമവ്യവഹാരം അടക്കമുള്ള കാര്യങ്ങളിലേക്ക് നയിക്കും.
ചില സമയങ്ങളിൽ റോഡിൽ തിരക്കു കൂടുന്നതും മറ്റും രാജ്യമൊട്ടാകെ ഉള്ളതാണ്. അത് ടോൾ ഇല്ലെങ്കിലും സംഭവിക്കാം. എന്നാൽ മെച്ചപ്പെട്ട റോഡ് നിർമിച്ചു നൽകാനാണ് ദേശീയപാത അതോറിറ്റി ശ്രമിക്കുന്നതെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. ടോൾ നിരക്ക് തീരുമാനിക്കുന്നത് ദേശീയപാത അതോറിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ദേശീയപാതയിലെ തിരക്ക് മുൻപുണ്ടായിരുന്നതു പോലെ തുടരുന്നുവെന്ന് കലക്ടർ കോടതിയെ അറിയിച്ചു. ആമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിലാണ് നിർമാണ പ്രവർത്തനങ്ങൾ മൂലം പ്രശ്നമുള്ളതെന്നും അത് തുടരുന്നുവെന്നും കലക്ടർ അറിയിച്ചു.
- Also Read മാഫിയ തലവൻ ജയിൽ ചാടി, നടുറോഡിൽ പ്രസിഡന്റ് ജീവനുംകൊണ്ടോടി; ‘ട്രംപ് ഇടപെടണം’; കോടീശ്വര പുത്രൻ രക്ഷിക്കുമോ ഈ രാജ്യത്തെ?
തുടർന്നാണ് ഇന്നു തന്നെ ഇവിടം സന്ദർശിച്ച് സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള നിർദേശം നൽകാൻ കലക്ടറോട് കോടതി ഉത്തരവിട്ടത്. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ടോള്‍ നിരോധനം നീക്കുന്നതു സംബന്ധിച്ച് ഉത്തരവിടാമെന്നും കോടതി വ്യക്തമാക്കി. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. English Summary:
Paliyekkara Toll Ban Extended: Toll Collection Halted Until Friday Verdict, NHAI Pushes for Toll Resumption Amidst Paliyekkara Congestion Ban |
|