LHC0088 • 2025-10-14 22:21:04 • views 1253
പത്തനംതിട്ട ∙ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമുണ്ടായെന്നും അതിനു പരസ്യമായി പ്രായശ്ചിത്തം ചെയ്യണമെന്നും ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്. വള്ളസദ്യ ആചാരമനുസരിച്ച് ദേവനു നേദിക്കുന്നതിനു മുൻപ് മന്ത്രിക്കു വിളമ്പിയെന്ന് നേരത്തേ പരാതിയുയർന്നിരുന്നു. അതു ശരിവച്ചാണ് തന്ത്രി തെക്കേടത്തു കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കത്ത്. കഴിഞ്ഞ സെപ്റ്റംബർ 14 ന് നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ മന്ത്രിമാരായ വി.എൻ.വാസവൻ, പി.പ്രസാദ് എന്നിവർ പങ്കെടുത്തിരുന്നു. വാസവനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകൻ.
- Also Read പാലക്കാട്ട് രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിനു സമീപം നാടൻ തോക്ക്
അഷ്ടമിരോഹിണി വള്ളസദ്യ പൂർണമായും ആചാരവിരുദ്ധമായാണ് നടന്നിട്ടുള്ളതെന്നും അത് ഗുരുതരമായ ആചാരലംഘനമാണെന്നും തന്ത്രിയുടെ കത്തിൽ പറയുന്നു. ചെയ്യാൻ പാടില്ലാത്തതു ചെയ്താൽ പ്രായശ്ചിത്തം വേണം. പിഴവുകൾ ഉണ്ടാകാതിരിക്കാനുള്ള വ്യവസ്ഥയും ഉണ്ടാവണം. അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിലുള്ള മുഴുവൻ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും കൈസ്ഥാനി സ്ഥാനത്തുള്ള കുടുംബങ്ങളിലെ കാരണവന്മാരും ക്ഷേത്രം തന്ത്രിയും ചേർന്ന് ദേവനു മുന്നിൽ ഉരുളിയിൽ എണ്ണപ്പണം സമർപ്പിച്ച് വിളിച്ചുചൊല്ലി പ്രായശ്ചിത്ത പ്രാർഥന നടത്തണം.
- Also Read കണ്ണൂരിൽ മിന്നലേറ്റ് 2 മരണം, ഒരാൾക്ക് ഗുരുതര പരുക്ക്; അപകടം ചെങ്കൽക്വാറിയിലെ ജോലിക്കിടെ
11 പറ അരിയുടെ സദ്യയും വള്ളസദ്യയുടെ എല്ലാ വിഭവങ്ങളുമുണ്ടാക്കി ദേവനു നേദിച്ച ശേഷം എല്ലാവരും പ്രായശ്ചിത്ത പ്രാർഥനയോടെ അതു കഴിക്കണം. അതിനു ശേഷം ബന്ധപ്പെട്ടവരെല്ലാം നടയ്ക്കൽ ചെന്ന് ഇനി ഇത്തരം പിഴവുണ്ടാവില്ലെന്നും വള്ളസദ്യ ആചാരപരമായിത്തന്നെ നടത്താമെന്നും സത്യം ചെയ്യണമെന്നും പ്രായശ്ചിത്ത ക്രിയകളെല്ലാം പരസ്യമായിത്തന്നെ വേണമെന്നും കത്തിൽ പറയുന്നു.
മന്ത്രിക്കും മറ്റു വിശിഷ്ട വ്യക്തികൾക്കും തിരക്കുണ്ടായിരുന്നതിനാലാണ് ആദ്യം സദ്യ വിളമ്പിയതെന്നായിരുന്നു വിവാദമുണ്ടായതിനു പിന്നാലെ പള്ളിയോട സേവാസംഘത്തിന്റെ വിശദീകരണം. English Summary:
Ritual Violation During Vallasadya: Vallasadya ritual violation at Aranmula Parthasarathy Temple has sparked controversy.The priest demands a public apology and corrective measures from those involved. |
|