മൊഹാലി∙ അഴിമതി കേസിൽ പഞ്ചാബിലെ റോപ്പർ റേഞ്ച് ഡിഐജി ആയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹർചരൺ സിങിനെയാണ് അറസ്റ്റ് ചെയ്തത്. എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സിബിഐ നടത്തിയ റെയ്ഡിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 5 കോടി രൂപ പണമായും രണ്ട് ആഡംബര വാഹനങ്ങൾ, ആഭരണങ്ങൾ, ആഡംബര വാച്ചുകൾ എന്നിവയും കണ്ടെത്തി. ഇതിനുപുറമെ ഒട്ടേറെ സ്വത്തിന്റെ രേഖകളും സിബിഐ കണ്ടെത്തി.
- Also Read പ്രണയനൈരാശ്യം, യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി കഴുത്തിൽ കത്തി കുത്തിയിറക്കി; ബെംഗളൂരുവിനെ നടുക്കി കൊലപാതകം
ഹർചരൺ സിങിന്റെ സഹായി ആയി പ്രവർത്തിച്ച കൃഷ്ണ എന്നയാളെയും സിബിഐ അറസ്റ്റ് ചെയ്തു. ആകാശ് ബട്ട എന്ന ആക്രി വ്യാപാരി നൽകിയ പരാതിയെ തുടർന്നാണ് വ്യാഴാഴ്ച സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. എട്ട് ലക്ഷം രൂപ കൈക്കൂലി നൽകിയില്ലെങ്കിൽ ബിസിനസ് തകർക്കുമെന്ന് ഹർചരൺ സിങ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സിബിഐ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ഹർചരണിന്റെ സഹായി കൃഷ്ണയുടെ കൈവശം കൈക്കൂലി നൽകുകയും ഇത് കൈമാറുന്നതിനിടെ പിടികൂടുകയുമായിരുന്നു.
5 കോടി രൂപ, 1.5 കിലോ സ്വർണ്ണവും ആഭരണങ്ങളും, രണ്ട് ആഡംബര വാഹനങ്ങള്‍, 22 ആഡംബര വാച്ചുകൾ, 40 ലിറ്റർ വിദേശ മദ്യം, ഡബിൾ ബാരൽ ഷോട്ട്ഗൺ, പിസ്റ്റൾ, റിവോൾവർ, എയർഗൺ തുടങ്ങിയവയാണ് റെയ്ഡിൽ പിടിച്ചെടുത്തത്. ഇടനിലക്കാരൻ കൃഷ്ണന്റെ വീട്ടിൽ നിന്ന് സിബിഐ 21 ലക്ഷം രൂപ കൂടി കണ്ടെടുത്തു. ഇരുവരെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. പട്യാല റേഞ്ച് ഡിഐജി, വിജിലൻസ് ബ്യൂറോയുടെ ജോയിന്റ് ഡയറക്ടർ, മൊഹാലി, സംഗ്രൂർ, ഖന്ന, ഹോഷിയാർപൂർ, ഫത്തേഗഡ് സാഹിബ്, ഗുരുദാസ്പൂർ എന്നിവിടങ്ങളിൽ സീനിയർ പൊലീസ് സൂപ്രണ്ട് തുടങ്ങി നിരവധി പ്രധാന തസ്തികകൾ വഹിച്ചിട്ടുള്ള ആളാണ് ഹർചരൺ സിങ് ഭുള്ളർ. പഞ്ചാബ് മുൻ ഡിജിപി എം.എസ് ഭുള്ളറുടെ മകനാണ് ഹർചരൺ സിങ്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Senior IPS Officer Arrested in Punjab Corruption Case: Harjaran Singh Bhullar\“s arrest has shocked Punjab. The CBI arrested the IPS officer on corruption charges after recovering a significant amount of cash and assets during a raid. |