പത്തനംതിട്ട∙ കീഴ്‌വായ്പൂരിൽ ലതാകുമാരിയെ തീക്കൊളുത്തി കൊലപ്പെടുത്തിയ സുമയ്യ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളിലും ഓൺലൈൻ ഓഹരി വ്യാപാരങ്ങളിലും സജീവമായിരുന്നുവെന്ന് പൊലീസ്. ഭര്‍ത്താവും കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഇർഷാദ് അറിയാതെയായിരുന്നു സുമയ്യയുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍. 50 ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതോടെ കടംവീട്ടാന്‍ കണ്ടെത്തിയതാണ് മോഷണവും തീ വയ്ക്കലും. സുഹൃത്തുകൂടിയായ ലതാകുമാരിയോട് ഒരുലക്ഷം രൂപ വായ്പ ചോദിച്ചിരുന്നുവെങ്കിലും ഇതു ലഭിച്ചില്ല. തുടർന്ന് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും ലതാകുമാരി നൽകിയില്ല. ഇതോടെയാണ് സുമയ്യ കവര്‍ച്ച ചെയ്യുന്നതിന് പദ്ധതി തയാറാക്കിയത്.
- Also Read ഭൂമി 200 കോടിക്ക് ഇൻഫോപാർക്കിന്; ട്രാക്കോ കേബിളിന്റെ വികസനത്തിന് തുക, തൊഴിലാളികളുടെ ബാധ്യതയും തീർക്കും
മല്ലപ്പള്ളി പഞ്ചായത്ത് 11–ാം വാർഡിലെ ആശാ പ്രവർത്തകയായ ലതാകുമാരിക്ക് ഒരുവർഷം മുൻപുണ്ടായ പക്ഷാഘാതത്തിന്റെ ഫലമായി ആരോഗ്യക്കുറവുണ്ടായിരുന്നു. ഇക്കാരണത്താൽ ബലപ്രയോഗത്താല്‍ കീഴ്‌പ്പെടുത്താമെന്നായിരുന്നു സുമയ്യയുടെ കണക്കുകൂട്ടല്‍. ഏഴുമാസം പ്രായമുള്ള ഇളയകുട്ടിയുമായാണ് കൃത്യം നിറവേറ്റുന്നതിനായി സുമയ്യ പുളിമലയിലെ ലതാകുമാരിയുടെ വീട്ടിലെത്തിയത്. ലതയുടെ ഭര്‍ത്താവ് കീഴ്‌വായ്പൂരില്‍ ജനസേവാകേന്ദ്രം നടത്തുന്ന രാമന്‍കുട്ടി വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കുട്ടിയെ അടുത്ത മുറിയില്‍ കിടത്തിയശേഷം ലതയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. രണ്ടരപ്പവന്റെ മാലയും ഓരോ പവൻ വീതമുള്ള 3 വളകളും എടുത്തശേഷം മണ്ണെണ്ണ ഒഴിച്ച് തീയും കൊളുത്തി.
- Also Read ട്രംപിന്റെ തീരുവയ്ക്ക് മറുപണിയോ അരാട്ടൈ? കേന്ദ്രം സോഹോയ്ക്കൊപ്പം, അമിത് ഷാ ‘മെയിൽ’ മാറി; വാട്സാപ്പിന്റെ നിറം മങ്ങുമോ?
ഗുരുതരമായി പരുക്കേറ്റ ലതാകുമാരിയെ ആദ്യം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുമയ്യയാണ് തന്നെ തീവച്ചതെന്നും തന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും ഇവിടെവച്ച് കീഴ്‌വായ്പൂര് സബ് ഇൻസ്പെക്ടർ കെ. രാജേഷിന് ലതാകുമാരി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണത്തിൽ സുമയ്യ കോഴഞ്ചേരിയിലെ മഹിളാസദനത്തിലാക്കി. 11ന് വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും പൊലീസ് നായയും ഇലക്ട്രിക്കൽ ഇൻസ്പെട്ടറേറ്റ് വകുപ്പ് അധികൃതരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്നുതന്നെ ഷോർട്ട് സർക്യൂട്ടല്ല തീപിടുത്തത്തിന് കാരണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു.
പൊലീസിന്റെ അന്വേഷണത്തിലും വ്യക്തമായ തെളിവ് ലഭിച്ചതോടെ സുമയ്യയാണ് കൃത്യം നടത്തിയതെന്ന് ഉറപ്പിച്ചു. ലതാകുമാരിയുടെ മോഷണം പോയ സ്വർണാഭരണങ്ങൾ പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയുടെ ഫ്ലഷ്ടാങ്കിൽനിന്ന് കണ്ടെത്തിയിരുന്നു. ലതാകുമാരിയുടെ സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ. മകൾ: താര ദ്രൗപതി (യുകെ). മരുമകൻ: കൊട്ടാരക്കര സുജിത്‌ഭവനിൽ സുജിത് (യുകെ). English Summary:
Lathakumari Murder: Arrest of Sumayya in connection with the murder of Lathakumari in Pathanamthitta. Sumayya, deeply involved in online loan apps and stock trading, allegedly committed the crime after facing financial losses and being denied a loan by the victim. |
|