deltin33 • 2025-10-19 12:21:05 • views 1171
പാലക്കാട്∙ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയുടെ ഹിറ്റ്ലിസ്റ്റിലുള്ള പുഷ്പ നാട്ടിൽനിന്ന് താമസം മാറ്റി. സമാധാനത്തോടെ നാട്ടിൽ കഴിയാനുള്ള വിശ്വാസം നഷ്ടമായതോടെയാണ് തിരുപ്പൂരിലേക്ക് താമസം മാറിയതെന്ന് പുഷ്പ പ്രതികരിച്ചു. പുഷ്പയെ വകവരുത്തുമെന്ന് ചെന്താമര മുൻപ് പറഞ്ഞു നടന്നിരുന്നു. കൊല്ലാൻ കഴിയാത്തതിന്റെ അമർഷവും പ്രകടിപ്പിച്ചിരുന്നു. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ (35) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി ഇന്നലെ വിധിച്ചത്. കേസിലെ പ്രധാന സാക്ഷിയാണ് പുഷ്പ.
- Also Read ചെന്താമരയ്ക്കു വധശിക്ഷയില്ല: കേസ് അപൂർവങ്ങളിൽ അപൂർവമല്ല; കാരണം വ്യക്തമാക്കി കോടതി
‘‘ മുൻപ് ജാമ്യം ലംഘിച്ചു ചെന്താമര വീട്ടിൽ എത്തിയപ്പോൾ ഉറങ്ങാൻ കഴിഞ്ഞില്ല. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോൾ പള്ളിയിൽ പോയതിനാൽ എന്റെ ജീവൻ അപകടത്തിലായില്ല. ചെന്താമരയുടെ ഭാര്യയും ഞാനും പണ്ട് കുടുംബശ്രീയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ചെന്താമരയുടെ ഭാര്യ പിണങ്ങി പോയതിൽ എനിക്കു പങ്കുണ്ടെന്നു സംശയിച്ചായിരുന്നു വകവരുത്താൻ നോക്കിയത്’’–പുഷ്പ പറയുന്നു.
- Also Read ചെന്താമര ‘മാറില്ല’; ഇനിയും കുറ്റകൃത്യം ചെയ്യാം: ശിക്ഷാവിധിയിൽ നിർണായകമായത് ഈ റിപ്പോർട്ട്
കോടതി വിധിയിൽ ആശ്വാസമുണ്ടെങ്കിലും തിരുത്തംപാടത്തെ നാട്ടുകാരുടെ ആശങ്ക വിട്ടുമാറുന്നില്ല. ജയിലിൽ കഴിയുന്ന ചെന്താമര തിരിച്ചുവരാനുള്ള ഏതെങ്കിലും സാഹചര്യം ഉണ്ടാകുമോയെന്ന ഭയത്തിലാണിവർ. ചെന്താമരയ്ക്ക് എന്നെങ്കിലും പരോൾ അനുവദിക്കുമോ തുടങ്ങിയ ചോദ്യങ്ങളും ഇവരെ അലട്ടുന്നു. പൂട്ടി കിടക്കുന്ന ചെന്താമരയുടെ വീട് കാട് മൂടിയ നിലയിലാണ്. തൊട്ടടുത്ത് താമസിച്ചു വന്ന കൊല്ലപ്പെട്ട സുധാകരന്റെ വീടും ശൂന്യം. കൊലപാതകത്തിനുശേഷം ബന്ധപ്പെട്ടവരാരും ഈ വീടുകളിലേക്ക് വന്നിട്ടില്ല.
- Also Read ‘ചിലരെക്കൂടി തീർക്കാനുണ്ട്’– കോടതി പോലും ഞെട്ടി; കൂട്ടുകാരനു മുന്നിലെ ‘സീരിയൽ കില്ലർ’; എന്തിനാണ് പൊലീസ് ചെന്താമരയ്ക്ക് ബിരിയാണി കൊടുത്തത്?
2019 ഓഗസ്റ്റ് 31നാണ് സജിതയെ വീടിനകത്തു വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണു 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നും പിന്നീടു നടന്ന ഇരട്ടക്കൊലപാതകം ഈ കേസിൽ പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തന്റെ കുടുംബം തകർത്തത് അയൽവാസിയായ സജിതയാണെന്നു കരുതിയുള്ള വിരോധമാണു കൊലപാതകങ്ങൾക്കു കാരണം. പ്രതിയെ മലമ്പുഴ ജില്ലാ ജയിലിലേക്കു മാറ്റി. ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കിയശേഷം തൃശൂർ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റും. English Summary:
Witness in Nenmara Murder Case Moves Out of Village: Palakkad Nenamara murder case witness Pushpa has shifted her residence due to fear of killer Chenthamara. Following the sentencing of Chenthamara, she lost faith in living peacefully in her village. The villagers continue to live in fear, even after the court verdict. |
|