പട്ന∙ വൻ റാലി സംഘടിപ്പിച്ച് അനുയായികളുടെ അകമ്പടിയോടെ പത്രിക നൽകാനെത്തിയ നേതാവ് വരണാധികാരിയുടെ ഓഫിസിനു മുന്നിലെത്തി തിരിച്ചുപോയി. ബിഹാറിലെ ഭഗൽപുർ മണ്ഡലത്തിൽ ബിജെപി വിമതനായി മത്സരിക്കാനെത്തിയ, മുൻ കേന്ദ്ര മന്ത്രി അശ്വിനി കുമാർ ചൗബേയുടെ മകൻ അർജിത് ശാശ്വത് ചൗബേയാണ് പത്രിക നൽകാതെ മടങ്ങിയത്. പിതാവിന്റെ നിർദേശത്തെ തുടർന്നാണ് പത്രിക നൽകുന്നതിൽ നിന്നു പിന്മാറിയതെന്ന് ഇദ്ദേഹം പിന്നീടു പറഞ്ഞു.
- Also Read സീറ്റിൽ ധാരണയാകാതെ ഇന്ത്യ, തനിച്ചു മത്സരിക്കാൻ ജെഎംഎം; ബിഹാറിൽ ആദ്യഘട്ടത്തിൽ 1250ലേറെ പത്രിക
ഭഗൽപുർ സീറ്റിൽ മത്സരിക്കാൻ അർജിത് ശാശ്വത് ചൗബേയ്ക്ക് ബിജെപി ടിക്കറ്റ് നൽകിയിരുന്നില്ല. തുടർന്ന് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇന്നലെ വൻ റാലിയോടെ വരണാധികാരിയുടെ ഓഫിസിലേക്ക് പത്രിക നൽകാനെത്തി. വഴിയിലുടനീളം അനുയായികളുടെ സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു വരവ്. കലക്ടറേറ്റിനു മുന്നിലെത്തിയതും ഫോൺ ബെല്ലടിച്ചു. ഏതാനും സെക്കൻഡുകൾ മാത്രം നീണ്ട സംഭാഷണം. പിന്നാലെ, താൻ മത്സരിക്കാനില്ലെന്നും പ്രവർത്തകർ പിരിഞ്ഞുപോകണമെന്നും അറിയിച്ച് നേതാവ് മടങ്ങി.
- Also Read രാജാവിനു പോലും പിഴയിട്ട ‘ക്ഷേത്ര കോടതി’; മോഷണം തെളിഞ്ഞാൽ വധശിക്ഷ ഉറപ്പ്; ഇന്നും ഒരു ദിവസത്തെ ഉത്സവം കോടതി വക
അപ്രതീക്ഷിത യു–ടേണിന്റെ കാരണം പിന്നീട് അർജിത് ചൗബേ വിശദീകരിച്ചു. പിതാവ് വിളിച്ച് കർശന നിർദേശം നൽകിയതിനെ തുടർന്നാണ് പത്രിക നൽകാതെ മടങ്ങിയത്. ‘നീ ബിജെപിയിലാണ്. ബിജെപിയിൽ തന്നെ തുടരണം’ എന്ന നിർദേശമാണ് പിതാവ് നൽകിയത്. ബിജെപിയുടെ ഉന്നത നേതൃത്വത്തിൽ നിന്ന് അദ്ദേഹത്തിന് നിർദേശം ലഭിച്ചത്രെ. അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ചാണ് പിന്മാറ്റം. സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതു മുതൽ തന്റെ മേൽ സമ്മർദമുണ്ടായിരുന്നെന്നും ചൗബേ പറഞ്ഞു.
- Also Read ‘ടിക്കറ്റ് വിറ്റെന്ന്’ ആരോപണം, കോൺഗ്രസിൽ വിമതർ രംഗത്ത്; കോൺഗ്രസ് വക്താവ് ആനന്ദ് മാധവ് രാജിവച്ചു
1995 മുതൽ 2010 വരെ അശ്വിനി കുമാർ ചൗബേ പ്രതിനിധീകരിച്ച മണ്ഡലമാണ് ഭഗൽപുർ. എന്നാൽ, അവസാന മൂന്നു തവണയും കോൺഗ്രസിലെ അജിത് ശർമയാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ തവണ തോറ്റ രോഹിത് പാണ്ഡേയെയാണ് ബിജെപി ഇത്തവണയും മത്സരിപ്പിക്കുന്നത്.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @eshaniverma809 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
LISTEN ON English Summary:
BJP Rebel Candidate Withdraws Nomination in Bhagalpur Last Minute: In Bihar Assembly Election 2025, Bhagalpur witnesses dramatic U-turn as BJP rebel candidate Arjit Saswat Choubey withdraws nomination. The decision came after his father, Ashwini Kumar Choubey, instructed him to remain with the BJP, leading to his unexpected retreat from the Bhagalpur constituency race. |
|