cy520520 • 2025-10-20 15:50:56 • views 850
ബെംഗളൂരു∙ മന്ത്രി പ്രിയങ്ക് ഖർഗെയുടെ മണ്ഡലമായ കലബുറഗിയിലെ ചിത്താപുരയിൽ നവംബർ 2ന് റൂട്ട് മാർച്ച് നടത്താൻ പുതിയ അപേക്ഷ നൽകണമെന്ന് ആർഎസ്എസിനോട് കർണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് നിർദേശിച്ചു. പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ചടങ്ങുകൾ നടത്താൻ 3 ദിവസം മുൻപ് അനുമതി തേടണമെന്ന നിയമം നിർബന്ധമാക്കിയതോടെ ഇന്നലെ നടത്താനിരുന്ന റൂട്ട് മാർച്ചിന് തഹസിൽദാർ അനുമതി നിഷേധിച്ചിരുന്നു. സമാന്തരമായി മാർച്ച് നടത്തുമെന്ന് ഭീം ആർമിയും പ്രഖ്യാപിച്ചിരുന്നു.
- Also Read ആർജെഡി സീറ്റ് നൽകിയില്ല; ലാലു പ്രസാദ് യാദവിന്റെ വീടിനുമുന്നിൽ നിലത്തുരുണ്ട്, നിലവിളിച്ച് നേതാവ്
ആർഎസ്എസിന്റെ ബാനറുകളും കട്ട്‌ഔട്ടുകളും മറ്റും പ്രധാന റോഡിന്റെ വശങ്ങളിൽനിന്ന് ചിത്താപുര ടൗൺ മുനിസിപ്പൽ കോർപറേഷൻ അധികൃതർ ശനിയാഴ്ച, പൊലീസ് സംരക്ഷണത്തിൽ നീക്കിയിരുന്നു. റൂട്ട് മാർച്ചിന് അനുമതി തേടുന്നതിനു മുൻപാണ് ഇവ സ്ഥാപിച്ചതെന്നാണ് അധികൃതർ പറയുന്നത്. പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് ശാഖകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയതോടെയാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തന്നെ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസ് നീക്കം തുടങ്ങിയത്.
- Also Read സീരിയൽ കില്ലറെ ‘സ്കെച്ച്’ ചെയ്ത പൊലീസ്: ‘ചിലരെക്കൂടി തീർക്കാനുണ്ട്’; ‘ട്രീറ്റ്’ അല്ല ചെന്താമരയ്ക്ക് കൊടുത്ത ബിരിയാണി
ചിത്താപുരയിൽ ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് റൂട്ട് മാർച്ചും പിന്നാലെ പരിപാടിയും നടത്താൻ ആർഎസ്എസ് അനുമതി തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീം ആർമിയും അതേ ദിവസം അതേ റൂട്ടിൽതന്നെ മാർച്ച് നടത്താൻ അനുമതി തേടിയത്. പ്രിയങ്ക് ഖർഗെയ്ക്കെതിരെ ആർഎസ്എസ് പ്രവർത്തകന്റെ ഭീഷണിയുയർന്നതോടെ സംസ്ഥാന വ്യാപകമായി ആർഎസ്എസിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ആർഎസ്എസും ഭീം ആർമിയും ഇന്ത്യൻ ദലിത് പാന്തേഴ്സും ഒരേ സ്ഥലത്തുകൂടി മാർച്ച് നടത്തിയാൽ അതു സംഘർഷത്തിൽ കലാശിക്കുമെന്നു കാട്ടിയാണ് അനുമതി നിഷേധിക്കുന്നതെന്ന് തഹസിൽദാർ ഉത്തരവിൽ പറഞ്ഞിരുന്നു.
- Also Read പറഞ്ഞത് 12 ലീറ്റർ പാൽ, കിട്ടിയത് ആറു ലീറ്റർ മാത്രം; പശുവിനെ വാങ്ങിയ ആൾക്ക് 82,000 രൂപ നഷ്ടപരിഹാരം
മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരായി മനഃപൂർവം നടത്തുന്നതാണ് ആർഎസ്എസിന്റെ റാലിയെന്നാണ് എതിർപ്പ് വ്യക്തമാക്കി ഭീം ആർമി സ്റ്റേറ്റ് യൂത്ത് വിങ്, കലബുറഗി ഘടകം കത്ത് അയച്ചിരുന്നു. അതേ റൂട്ടിൽ മാർച്ച് നടത്താൻ ഇന്ത്യൻ ദലിത് പാന്തേഴ്സിനെയും തങ്ങളെയും അനുവദിക്കണമെന്നും അപേക്ഷിച്ചിരുന്നു. English Summary:
RSS Route March Chittapur: Karnataka High Court directs RSS to reapply for a Chittapur route march on Nov 2 after permission was denied due to potential conflict with Bhim Army. Minister Priyank Kharge\“s constituency sees political tensions rise over event permits. |
|