കൊച്ചി ∙ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അധികൃതരുടേയും പങ്ക് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘ (എസ്ഐടി)ത്തിന് ഹൈക്കോടതി നിർദേശം. ദ്വാരപാലക ശിൽപ്പങ്ങളിലേയും കട്ടിളയിലേയും സ്വർണപ്പാളികൾ കാണാതായത് മാത്രമല്ല, ഗൂഡാലോചനയിൽ ദേവസ്വം ബോർഡ് അധികൃതർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കണം. മാത്രമല്ല, 2019ലെ സ്വർണക്കൊള്ള മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായാണോ 2025ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എന്ന കാര്യവും എസ്ഐടി അന്വേഷിക്കണം. ഇതോടെ, സ്വർണക്കൊള്ളയിൽ നിലവിലെ ദേവസ്വം ബോർഡ് അധികൃതര്‍ക്ക് പങ്കുണ്ടോ എന്നതും എസ്ഐടിയുടെ അന്വേഷണ പരിധിയിലായി.
- Also Read സ്വർണവിവാദത്തിൽ ഗൂഢാലോചനയും അന്വേഷിക്കണം: എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ
സംഭവങ്ങളുടെ ഗൗരവാവസ്ഥ പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്സ് ബുക് പിടിച്ചെടുക്കാനും എസ്ഐടിക്ക് കോടതി നിർദേശം നൽകി. ഇതിന്റെ പകർപ്പ് ഹൈക്കോടതി റജിസ്ട്രാർ ജനറലിനും നൽകാനും കോടതി നിർദേശിച്ചു. ദേവസ്വം ബോർഡ് അധികൃതരുടെ മാത്രമല്ല, മുകൾത്തട്ടു മുതൽ താഴെവരെയുള്ള ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി അന്വേഷിക്കണം. ദേവസ്വം ഉദ്യോഗസ്ഥരുടെ മേൽ ബോർഡിന് നിയമപരമായ നിയന്ത്രണവും മേൽനോട്ടവും ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ബോർഡ് അധികൃതർക്ക് എല്ലാ കുറ്റങ്ങളും ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാവാനാവില്ലെന്നും എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് പരിഗണിച്ചു കൊണ്ടുള്ള ജസ്റ്റിസുമാരായ രാജാ വിജയരാഘൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അടച്ചിട്ട കോടതിയിലായിരുന്നു ഇന്ന് നടപടിക്രമങ്ങൾ. വൈകിട്ട് പുറത്തു വന്ന ഉത്തരവിലാണ് ദേവസ്വം ബോർഡ് അധികൃതരേയും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ഹൈക്കോടതി നിരീക്ഷണങ്ങൾ.
- Also Read ബെംഗളൂരു കേന്ദ്രീകരിച്ച് ഗൂഢാലോചനയോ? ശബരിമല സ്വർണക്കൊള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് നൽകും
ശബരിമല സ്വര്‍ണപ്പാളി വിഷയം കോടതിയിലെത്തിയതു മുതലുള്ള കാര്യങ്ങൾ വിശദമാക്കിക്കൊണ്ടാണ് ഇന്നത്തെ ഇടക്കാല വിധി. ശബരിമല ദ്വാപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ ‘കൊള്ളയടിച്ചതു’മായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കുന്നതിന് പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നൽകി. ഇതിനു പുറമെ കട്ടിളപ്പടികളിലെ സ്വർണപ്പാളികൾ നഷ്ടപ്പെട്ടതും ഒപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ഇതിലുള്ള പങ്കും അന്വേഷിക്കാനും നിർദേശം നൽകിയെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് എസ്ഐടി രണ്ട് കേസുകൾ റജിസ്റ്റർ െചയ്തു. ഇതിലൊന്ന് 2019 മാർച്ച് 19, 20 തീയതികളിൽ സ്വര്‍ണപ്പാളികൾ സ്വര്‍ണം പൂശാനായി നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതാണ്. മഹസർ തയാറാക്കിയതാവട്ടെ, ആവശ്യമായ വിവരങ്ങളൊന്നും ചേർക്കാതെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്വർണപ്പാളികൾ മാറ്റിയിരിക്കാം എന്നതുൾപ്പെടെ എല്ലാ സാധ്യതകളും ഉണ്ടായിരിക്കെയും ക്രമക്കേടുകളുണ്ടെന്നതും കണ്ടില്ലെന്ന് നടിക്കുകയാണ് ദേവസ്വം ബോർഡ് അധികൃതരും ചെയ്തിരിക്കുന്നത് എന്ന് കോടതി അഭിപ്രായപ്പെട്ടു.
കട്ടിളപ്പാളികളിലെ സ്വർണപ്പാളികളിലുണ്ടായിരുന്ന 409 ഗ്രാം സ്വര്‍ണം സൂക്ഷിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ അനുവദിക്കുകയും അത് തിരിച്ചു പിടിക്കാൻ ദേവസ്വം അധികൃതർ നടപടികളൊന്നും സ്വീകരിച്ചതുമില്ലെന്ന് പറയുന്നു. ഈ സ്വർണം തനിക്കറിയാവുന്ന ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ബോർഡിന്റെ അനുമതി തേടിയതും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. രണ്ടാമത്തെ കേസ് ഇതിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർന്ന്, 2019 മുതൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ വിട്ടുകൊടുത്തതു മുതലുള്ള എല്ലാ കാര്യങ്ങളിലേയും ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി. ഇതിനുള്ള കാരണങ്ങളായി കോടതി പറയുന്നത് ഇക്കാര്യങ്ങളാണ്. സ്വര്‍ണം പൂശുന്നത് ഉൾപ്പെടെയുള്ള ജോലികൾ സന്നിധാനത്തു തന്നെ നടത്തണം എന്നു നിയമമുണ്ടായിരിക്കെ, വളരെ സംശയാസ്പദമായ പശ്ചാത്തലമുള്ള ഒരു വ്യക്തിയുടെ പക്കൽ ദ്വാരപാലക, കട്ടിളപ്പടികളിലെ സ്വര്‍ണപ്പാളികൾ വിട്ടുകൊടുത്തത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സ്വർണപ്പാളികൾ കൊടുക്കുന്ന സമയത്ത് ചെമ്പുപാളികൾ എന്നു രേഖപ്പെടുത്തുക മാത്രമല്ല, അതേ വ്യക്തിയെ തന്നെ വീണ്ടും ഈ വസ്തുവകകൾ ഏൽപ്പിക്കുകയും ചെയ്തു.
- Also Read സ്വർണം പൂശാൻ ദക്ഷിണേന്ത്യയിൽ നല്ല കമ്പനിയില്ലെന്ന് ദേവസ്വം ബോർഡിന്റെ മുൻ റിപ്പോർട്ട്; ചെന്നൈ എന്താ ദക്ഷിണേന്ത്യയിൽ അല്ലേ?
2021ൽ പീഠം തിരികെ കൊണ്ടുവന്നപ്പോൾ അവ തിരുവാഭരണം റജിസ്റ്ററിൽ ഉൾപ്പെടെ രേഖപ്പെടുത്താത്തത് യാദൃശ്ചികം എന്നു കരുതാനാവില്ല. 2024ൽ ദ്വാരപാലക ശിൽപ്പങ്ങളിലെയും പീഠങ്ങളിലേയും സ്വർണം പൂശിയത് മങ്ങിയതായി കണ്ടിട്ടും അത് വീണ്ടും സ്വർണം പൂശുന്നത് കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ ഏൽപ്പിച്ചു. ദ്വാരപാലക, പീഠങ്ങളിലെ പാളികൾ അറ്റകുറ്റപ്പണിക്കായി അഴിച്ചെടുക്കാമെന്ന് താഴ്മൺ കണ്ഠരര് മഹേഷ് മോഹനര് തിരുവാഭരണം കമ്മീഷണറെ അറിയിക്കുകയും വാതിൽ, ലിന്റൽ, കമാനം, ലക്ഷ്മി രൂപം എന്നിവയുടെ പണികൾ സന്നിധാനത്തു തന്നെ നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. പാളികള്‍ അഴിച്ചെടുക്കാനും തിരികെ പിടിപ്പിക്കാനും തീയതികൾ നിർദേശിച്ചിരുന്നെങ്കിലും അത് എന്നാണ് ചെയ്തത് എന്ന് കത്തിൽ രേഖപ്പെടുത്തിയിട്ടില്ല.
ശ്രീകോവിലിന്റെ ഭാഗമായുള്ള മുഴുവൻ ഭാഗങ്ങളും 30.291 കിലോഗ്രാം സ്വര്‍ണം ഉപയോഗിച്ച് പാളികള്‍ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ഇത് നടന്നത്1998–1999ലാണെന്ന് ദേവസ്വം അധികൃതർക്കും ഭക്തർക്കുമെല്ലാം അറിയാം. എന്നിട്ടും ഇത് ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കുകയാണ് ചെയ്തത്. എന്നാൽ തിരിച്ചെത്തിച്ച വസ്തുവകകളുടെ തൂക്കം രേഖപ്പെടുത്തിയിട്ടില്ല, സ്മാർട് ക്രിയേഷന്‍സിലേക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആരും അനുഗമിച്ചില്ല, ഒരു മാസത്തിലേറെ ഇത് കയ്യിൽ സൂക്ഷിക്കാൻ അനുവദിക്കുകയും ചെയ്തു. സന്നിധാനത്തു നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ തന്നെയാണോ തിരികെ കൊണ്ടുവന്നത് എന്നതിൽ തങ്ങൾക്ക് ബലമായ സംശയമുണ്ടെന്നും കോടതി പറയുന്നു. ഇവ തിരികെ ഘടിപ്പിക്കുന്ന സമയത്ത് തൂക്കം നോക്കാത്തതിലും അത് മഹസറിൽ രേഖപ്പെടുത്താതിലും ഉന്നതരായ ദേവസ്വം അധികൃതർക്ക് ഉള്‍പ്പെടെയുള്ളവർക്ക് ഉത്തരവാദിത്തമുണ്ട്.
40 കൊല്ലം വാറന്റിയുണ്ടെന്ന് പറഞ്ഞിട്ടും 2024ൽ ഗോൾഡ് പ്ലേറ്റിങ്ങിൽ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ 2019ലെ ക്രമക്കേട് മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം 2025ൽ ഇതേ ശിൽപ്പങ്ങൾ രഹസ്യമായി ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ ഏൽപ്പിക്കാൻ ദേവസ്വം ബോർഡ് അധികൃതർ തീരുമാനിച്ചതിനു പിന്നിൽ. നടപടിക്രമങ്ങൾ പരിശോധിക്കുമ്പോൾ ഇതിനുള്ള ചെറിയ സാധ്യതകൾ കാണാമെന്നാണ് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. 2025ൽ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശുന്നതിൽ സ്മാർട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്നും അതിനാൽ പരമ്പരാഗത രീതിയിൽ ചെയ്യാമെന്നും നിലപാടെടുത്ത ദേവസ്വം കമ്മീഷണർ എട്ടു ദിവസത്തിനു ശേഷം നിലപാട് മാറ്റിയ കാര്യവും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണം പൂശുന്ന ജോലികൾ വേഗത്തിലാക്കണമെന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിർദേശം ചൂണ്ടിക്കാട്ടി പിന്നീട് ദേവസ്വം കമ്മീഷണർ കത്തു നൽകുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ദ്വാരപാലക ശിൽപ്പങ്ങളും താങ്ങുപീഠവും പോറ്റിയെ ഏൽപ്പിക്കുകയും ചെയ്തു.
സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന മറ്റൊരു കൂട്ടം ദ്വാരപാലക ശിൽപ്പങ്ങൾ വിട്ടു നൽകിയാൽ അതിലെ സ്വർണം ഉപയോഗിക്കുന്നതു വഴി ചെലവ് കുറയ്ക്കാമെന്ന് 2024 സെപ്റ്റംബറിൽ ബോർഡിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സംശയലേശമന്യേ വെളിപ്പെടുത്തുന്നത് 2019ലെ സ്വർണത്തട്ടിപ്പ് മറച്ചു വയ്ക്കാനായി സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യമായി ഏൽപ്പിക്കാൻ ദേവസ്വം അധികൃതർ ശ്രമിച്ചു എന്നു തന്നെയാണ്. കോടതി ഉത്തരവുണ്ടായിട്ടും സ്പെഷൽ കമ്മീഷണറിൽ നിന്ന് ഉത്തരവ് തേടാത്തത് എന്തുകൊണ്ടാണ് എന്ന് ഇത് വിശദീകരിക്കുന്നുണ്ട്. നിലവിൽ കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷികളായി ഉണ്ണികൃഷ്ണൻ പോറ്റിയേയും സ്മാർട് ക്രിയേഷൻസിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരേയും ഒഴിവാക്കി പുതിയൊരു റിട്ട് ഹർജി റജിസ്റ്റർ െചയ്യാനും കോടതി നിർദേശം നൽകി.
English Summary:
Sabarimala Gold Theft: Sabarimala gold theft investigation ordered by the High Court includes the potential involvement of Devaswom Board officials. The SIT will investigate the missing gold plates and whether the 2019 theft was concealed through the 2025 sponsorship of door guardians to Unnikrishnan Potti. |
|