കൊച്ചി ∙ പദ്ധതി ആരംഭിച്ച് 20 വർഷത്തിനു ശേഷം കൊച്ചി കോർപറേഷന് പുതിയ ഓഫിസ് മന്ദിരം. ഗോശ്രീ പാലം എത്തുന്നതിനു മുമ്പായി മറൈൻ ഡ്രൈവില്‍ കൊച്ചി കായലിന് അഭിമുഖമായാണ് 1.75 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ബഹുനില കോർപറേഷൻ മന്ദിരം ഉയർന്നിരിക്കുന്നത്. പ്രതിപക്ഷ എംഎൽഎമാരും മുൻ കൗൺസിലർമാരുമെല്ലാം പങ്കെടുത്ത ചടങ്ങിൽ മുഖ്യന്ത്രി പിണറായി വിജയൻ കോർപറേഷൻ മന്ദിരം ഉദ്ഘാടനം ചെയ്തു. 61 കോടി മുടക്കി നിർമിച്ചിരിക്കുന്ന കോർപറേഷൻ മന്ദിരത്തിൽ നിലവിൽ കൗൺസിൽ ഹാൾ, മേയറുടേയും ഡപ്യൂട്ടി മേയറുടേയും മുറികൾ എന്നിവയാണ് സജ്ജമായിട്ടുള്ളത്.
- Also Read എല്ലാ ആശുപത്രികളിലും നിർണയ ലാബ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി
2005ൽ സിപിഎം നേതാവ് സി.എം.ദിനേശ് മണി മേയറായിരിക്കെയാണ് ജിസിഡിഎയുടെ പക്കൽ നിന്ന് ചെറിയ വിലയ്ക്ക് കോർപറേഷൻ ഓഫീസ് മന്ദിരം നിർമിക്കാൻ സ്ഥലമേറ്റെടുക്കുന്നത്. അടുത്ത വർഷം നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും ഇടക്കെല്ലാം ഇത് മുടങ്ങി. ഒടുവിൽ നിലവിലെ മേയർ എം.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്നതോടെയാണ് പദ്ധതിക്ക് ജീവൻ വച്ചതും മുടങ്ങിക്കിടന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതും. മേയർ എന്ന നിലയിൽ തന്റെയോ ഭരണസമിതിയുടെയോ കഴിവുകൊണ്ടല്ല, മറിച്ച് മുൻ മേയർമാരെല്ലാം പദ്ധതി ഏതെങ്കിലും വിധത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചതുകൊണ്ടാണ് ഇന്ന് ഇത് ഉദ്ഘാടനം ചെയ്യാൻ സാധിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് അനിൽ കുമാർ പറഞ്ഞു.
ഒന്നരയേക്കറിൽ അബ്ദുൽകലാം മാർഗിനോട് ചേർന്ന് ബേസ്മെന്റിനു പുറമെ ആറു നിലകളിലായാണ് മന്ദിരം നിലകൊള്ളുന്നത്. മറൈൻ ഡ്രൈവ് രൂപകൽപ്പന െചയ്ത പ്രസിദ്ധനായ ആർകിടെക്ട് കുൽദീപ് സിങ്ങാണ് പുതിയ കോര്‍പറേഷൻ മന്ദിരവും ഉദ്ഘാടനം ചെയ്തത്. ഒന്നാം നിലയിലാണ് മേയർ, ഡപ്യൂട്ടി മേയർ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സൻമാർ എന്നിവരുടെ മുറികളും കൗൺസിൽ ഹാളും. 82 പേർക്ക് ഇരിക്കാവുന്ന അത്യാധുനിക രീതിയിലുള്ള കൗൺസിൽ ഹാളിന്റെ നിർമാണം പൂർണമായും പൂർത്തിയാക്കി. മുഖ്യമന്ത്രിയടക്കമുള്ളവർ ഉദ്ഘാടനത്തിനു ശേഷം ഇവിടം സന്ദർശിക്കുകയും ചെയ്തു. ഇതിനു മുകളിലേക്കുള്ള നിലകളിലാണ് കോർപറേഷന്റെ വിവിധ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ കാബിൻ ജോലികള്‍ അടക്കം പൂർത്തിയായ ഈ നിലകളിൽ മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.
- Also Read ‘ശബ്ദ മലിനീകരണം തടയാൻ വായു മലിനീകരണമോ?’: എയർഹോണുകൾ നശിപ്പിച്ച റോഡ് റോളറിന് പൊല്യുഷൻ സർട്ടിഫിക്കറ്റില്ല, വിവാദം
കൊച്ചിയുടെ ചരിത്രവും സംസ്കാരവുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ളതാണ് താഴത്തെ നില. വൈലോപ്പിള്ളി ശ്രീധരമേനോന്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവൻ പിള്ള, ജി.ശങ്കരക്കുറുപ്പ്, പണ്ഡിറ്റ് കറുപ്പൻ, ദാക്ഷായണി വേലായുധൻ, റോബർഡ് ബ്രിസ്റ്റോ, ലോർഡ് വെല്ലിങ്ടൻ, ഈയിടെ അന്തരിച്ച പ്രഫ. എം.കെ.സാനു തുടങ്ങിയവരുടെ സ്മരണകളുയർത്തുന്ന നിർമിതികൾ താഴത്തെ നിലയിൽ കാണാം. കൊച്ചിൻ ഷിപ്‍യാർഡ്, വാട്ടർ മെട്രോ, ബോൾഗാട്ടി പാലസ്, ഹൈക്കോടതി, മംഗളവനം തുടങ്ങിയവയുടെയൊക്കെ ചെറുരൂപങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വ്യാപരത്തിനും അധിനിവേശത്തിനുമായി കടൽ കടന്ന് എത്തിയവരെ മാത്രമല്ല, ആ നാടുകളിലെ സംസ്കാരവും ചേർന്ന വൈവിധ്യമാണ് കൊച്ചിക്കുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 1967 നവംബർ ഒന്നിന് അന്നത്തെ മുഖ്യമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാടാണ് നിലവിലുള്ള കോർപറേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
- Also Read പിഎം ശ്രീ: എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും, സിപിഐയെ അവഗണിക്കില്ലെന്ന് എം.എ.ബേബി
2015ൽ 18.75 കോടി രൂപയായിരുന്നു പദ്ധതി നിർമാണത്തിന് ലക്ഷ്യമിട്ടിരുന്നത് എങ്കിൽ 2018ൽ അത് 24.7 കോടി രൂപയാക്കി വർധിപ്പിച്ചു. എന്നാൽ 2020 വരെ 15.44 കോടി രൂപ മാത്രമേ ചിലവഴിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. 2020ൽ പ്ലംബിങ്, വൈദ്യുതീകരണം, ഇന്റീരിയർ, ലിഫ്റ്റ് തുടങ്ങി സജ്ജീകരണങ്ങൾക്കെല്ലാമായി 43 കോടി രൂപ കൂടി അനുവദിച്ചാണ് പദ്ധതി ഇന്നത്തെ നിലയിൽ പൂർത്തിയാക്കിയിട്ടുള്ളത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവായിരുന്നു ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ.വിനോദ്, കെ.ജെ മാക്സി, ഉമാ തോമസ്, കെ.ബാബു, കെ.എൻ ഉണ്ണികൃഷ്ണൻ, ജി.സി.ഡി.എ അധ്യക്ഷൻ കെ.ചന്ദ്രൻ പിള്ള, മുൻ മേയർമാരായ ദിനേശ് മണി, ടോണി ചമ്മിണി, സൗമിനി ജെയിൻ, കെ.ജെ.സോഹൻ, സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവരടക്കം നൂറുകണക്കിന് പേരാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. English Summary:
Kochi Corporation Office: Kochi Corporation\“s new office building has finally been inaugurated after 20 years of planning. The 1.75 lakh sq ft structure, located on Marine Drive, was inaugurated by Chief Minister Pinarayi Vijayan. The new building marks a significant milestone in Kochi\“s development and provides modern facilities for the corporation\“s operations. |