തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നു മുതൽ 5 ദിവസം അതിതീവ്രമഴയ്ക്കു സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിലെ ശക്തിയേറിയ ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കുന്നതിനാലാണ് മഴ കനക്കാൻ കാരണം .
- Also Read 32 എംഎൽഎമാരുള്ള മുഖ്യമന്ത്രിയുടെ പാർട്ടി 2 എംഎൽഎമാരുള്ള പാർട്ടിയിൽ ലയിച്ചു; പ്രതിപക്ഷമില്ലാതെ നാഗാലാൻഡ്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് തുടരും.
തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ ലഭിക്കും. എല്ലാ ജില്ലകളിലും മഴയ്ക്കൊപ്പം മിന്നലും മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 25 വരെ മത്സ്യബന്ധനം പാടില്ല. English Summary:
Kerala Braces for 5 Days of Extremely Heavy Rain: Red Alert for Idukki, Palakkad, Malappuram |