വസായ്∙ ദീപാവലി ആഘോഷത്തിനിടെ കത്തിച്ചുവിട്ട റോക്കറ്റ് പടക്കം അഞ്ചാം നിലയിലെ മലയാളിയുടെ ഫ്ലാറ്റിനുള്ളിൽ വീണ് പൊട്ടിത്തെറിച്ചു. വാഷിങ് മെഷീനും വാട്ടർ ടാങ്കും അടക്കമുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചു. വസായ് ഈസ്റ്റ് എവർഷൈൻ സിറ്റി ജയ് റസിഡൻസി ബി വിങ്ങിൽ, കോതമംഗലം മണിയങ്കാട്ടുതട ഷാജൻ ജോണിന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിലാണ് അപകടമുണ്ടായത്. വിരുന്നുകാരുമായി വീട്ടുകാർ ഹാളിൽ സംസാരിച്ചിരിക്കുന്നതിനിടെയാണു സംഭവം. വീട്ടുകാർ ചേർന്ന് തീയണച്ചു. ആറാം നിലയിലെ ഫ്ലാറ്റിലേക്കു തീ പടർന്നതോടെ അവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കത്തിനശിച്ചു.
- Also Read ‘മുകളിൽ ആരുമില്ലെന്ന് അവർ പറഞ്ഞു, എത്തിയത് രക്ഷാ ഉപകരണങ്ങളില്ലാതെ; തീ ആളിയപ്പോൾ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കിടന്നു, പക്ഷേ...’
60 മണിക്കൂർ; 50 തീപിടിത്തങ്ങൾ
ദീപാവലി ആഘോഷങ്ങൾ തുടങ്ങിയ വെള്ളി വൈകിട്ടു മുതൽ തിങ്കൾ രാവിലെ വരെയുള്ള 60 മണിക്കൂറിനിടെ, മുംബൈയിൽ മാത്രം ചുരുങ്ങിയത് 50 തീപിടിത്തങ്ങളുണ്ടായെന്ന് അഗ്നിരക്ഷാസേന റിപ്പോർട്ട് ചെയ്തു. അവയിൽ കൂടുതലും പടക്കം പൊട്ടിക്കലിനിടെ സംഭവിച്ചവയാണ്. മലാഡ് ഈസ്റ്റിലെ പത്താൻവാഡിയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ തീപിടിത്തമാണ് അതിൽ ഏറ്റവും വലുത്. മണിക്കൂറുകളെടുത്താണു തീയണച്ചത്. കഫ് പരേഡിലെ മാച്ചിമാർ നഗറിൽ തിങ്കളാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ 16 വയസ്സുകാരൻ മരിക്കുകയും 3 പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഫ്ലാറ്റുകൾക്ക് അകത്തും കോറിഡോറിലുമുള്ള വസ്തുക്കൾ കത്തിക്കരിഞ്ഞ നിലയിൽ (ചിത്രം: വി.പി.എം.സാദിക്ക് ∙മനോരമ)
കഴിഞ്ഞ വർഷം ദീപാവലി സീസണിലുണ്ടായ 280 തീപിടിത്തങ്ങളിൽ 140 എണ്ണവും പടക്കം കാരണമായിരുന്നു. എല്ലാ വർഷവും ഒക്ടോബർ, നവംബർ മാസങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ 90 ശതമാനവും പടക്കം കാരണമാണെന്നു ബിഎംസിയും വ്യക്തമാക്കി. ദീപാവലി സീസണിൽ വീടുകൾ, തിരക്കുള്ള റോഡുകൾ, കെട്ടിടങ്ങളുടെ മുകൾഭാഗം എന്നിവിടങ്ങളിൽവച്ച് പടക്കം പൊട്ടിക്കുന്നത് പതിവാണ്. ഇന്നലെ വാശിയിലുണ്ടായ വലിയ തീപിടിത്തത്തിന്റെ കാരണം പടക്കമാണെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
‘പടക്കം പൊട്ടിക്കൽ, വിളക്കു തെളിക്കൽ എന്നിവയുടെ സമയങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഒട്ടേറെ നിർദേശങ്ങൾ സർക്കാരും അഗ്നിരക്ഷാസേനയും നൽകുന്നുണ്ടെങ്കിലും ജനങ്ങൾ ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെന്നതാണു യാഥാർഥ്യം. പലപ്പോഴും ചെറിയ അശ്രദ്ധകളാണു വലിയ അപകടങ്ങളിലേക്ക് നയിക്കുന്നത്’– അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ പറഞ്ഞു.
- Also Read അട്ടിമറി ‘ക്രമീകരിച്ചത്’ ചൈന? ഇന്ത്യയുടെ ഉപഗ്രഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വരുന്നത് 52 ‘അംഗരക്ഷകർ’, ഉടൻ തിരിച്ചടി
തീയണച്ചത് 40 ഉദ്യോഗസ്ഥർ 4 മണിക്കൂർ പരിശ്രമിച്ച്
40 ഉദ്യോഗസ്ഥർ അഗ്നിരക്ഷാസേനയുടെ 8 വാഹനങ്ങള്‍ ഉപയോഗിച്ച് 4 മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണു വാശിയിലെ രഹേജ റസിഡൻസിയിലെ തീയണച്ചത്. അപകടവിവരം അറിഞ്ഞയുടൻ അഗ്നിരക്ഷാസേനയും ആംബുലൻസും ഇവിടേക്കു പുറപ്പെട്ടെങ്കിലും റോഡിന് ഇരുവശത്തും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തടസ്സമായതു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. ആംബുലൻസ് എത്താൻ വൈകിയതായും ആരോപണമുണ്ട്. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 10 പേരിൽ 7 പേരും ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു. മറ്റ് 3 പേർ ചികിത്സയിൽ തുടരുന്നുണ്ടെങ്കിലും നില തൃപ്തികരമാണ്. ചുമയും ശ്വാസംമുട്ടലും കാരണമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു നവിമുംബൈ ദുരന്തനിവാരണ സമിതി മേധാവി സച്ചിൻ കദം പറഞ്ഞു. English Summary:
A rocket cracker caused a fire in a Vasai flat, damaging property, while Mumbai has seen 50 fire incidents during Diwali. Increased awareness and adherence to safety guidelines are crucial to prevent such accidents. |