തിരുവനന്തപുരം∙ ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ശബരിമല ക്ഷേത്രം ഉൾപ്പെടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങളിലെ അഴിമതി, ദുർവിനിയോഗം, നിയമലംഘനം എന്നിവ സംബന്ധിച്ച വിഷയങ്ങളിൽ അടിയന്തര ഇടപെടൽ തേടിയാണ് കത്ത്.
- Also Read ‘പോറ്റിയുടെ കയ്യിലല്ല പാളികള്‍ കൊടുത്തുവിട്ടത്, അയാളെ സഹായിക്കുന്ന ഒരു ഉത്തരവും ഇറക്കിയിട്ടില്ല; കോടതി പരാമർശം ദൗർഭാഗ്യകരം’
‘‘ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള വളരെ ഞെട്ടിപ്പിക്കുന്നതാണ്. ഈ വെളിപ്പെടുത്തലുകൾക്കു പിന്നാലെ, രാജ്യത്തുടനീളമുള്ള ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മറ്റു ക്ഷേത്രങ്ങളിലെ ഭൂമിയുടെയും സ്വർണത്തിന്റെയും മോഷണത്തെക്കുറിച്ചുള്ള സമാനമായ വാർത്തകളും പുറത്തുവന്നിട്ടുണ്ട്. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച്, സ്വർണം പൂശുന്ന പ്രവൃത്തികളിലെ ഗുരുതരമായ തട്ടിപ്പുകൾ, സ്വർണത്തിന്റെ അളവിലുള്ള കുറവുകൾ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വ്യവസ്ഥാപരമായ ക്രമക്കേടുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പല കുറ്റകൃത്യങ്ങളും അഴിമതികളും പുറത്തുവന്നതോടെ ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാജയപ്പെട്ടു. ഇക്കാര്യം കേരള ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്’’ – രാജീവ് ചന്ദ്രശേഖർ അയച്ച കത്തിൽ പറയുന്നു.
- Also Read പലിശ കുറച്ചിട്ടും ഇരച്ചെത്തി ജനം; സ്വർണ ബോണ്ടിൽ കണക്കുതെറ്റി കേന്ദ്രം, കാണിച്ചത് ‘ഹിമാലയൻ’ മണ്ടത്തരം? എന്തുചെയ്യും നിർമലയും മോദിയും?
‘‘ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. കേരള പൊലീസ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലും, ആഭ്യന്തര മന്ത്രി തന്നെ മുഖ്യമന്ത്രിയായതിനാലും കേരള പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ ജനങ്ങൾക്ക് വിശ്വാസമില്ല. ഈ പശ്ചാത്തലത്തിൽ, ദേവസ്വം ബോർഡുകളിലും അതിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലുമുള്ള കഴിഞ്ഞ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഒരു കേന്ദ്ര ഏജൻസിയെ നിയോഗിക്കണം.
സിഎജി മുഖേന എല്ലാ ദേവസ്വം ബോർഡുകളിലും സമഗ്രമായ ഓഡിറ്റ് നടത്താനും, ക്ഷേത്രങ്ങളിൽ കുറ്റകൃത്യം ചെയ്തവരെ കണ്ടെത്താനും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ വഴിയൊരുക്കണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ദേവസ്വം ബോർഡുകൾ പോലുള്ള സ്ഥാപനങ്ങള്‍ ക്രിമിനൽ സംഘങ്ങൾ കൈയടക്കിയിരിക്കുകയാണ്. സമഗ്രമായ അന്വേഷണവും ഓഡിറ്റും ആവശ്യമാണ്’’ – രാജീവ് ചന്ദ്രശേഖർ അയച്ച കത്തിൽ വ്യക്തമാക്കി. English Summary:
Sabarimala Temple Gold scam: Sabarimala Temple gold scam investigation is requested by Rajeev Chandrasekhar in a letter to Amit Shah, highlighting concerns about corruption and mismanagement in Kerala temples. He calls for a central agency investigation and audit of Devaswom Boards due to lack of public trust in the state police\“s handling of the matter. |