LHC0088 • 2025-10-23 03:51:07 • views 1211
കൊച്ചി ∙ കലാസൃഷ്ടിയിൽ അശ്ലീലമെന്ന് ആരോപിച്ച് ഇവ പ്രദർശിപ്പിച്ച പോസ്റ്റർ വലിച്ചു കീറി പ്രതിഷേധം. കൊച്ചി ദർബാർ ഹാൻ കലാകേന്ദ്രത്തിൽ നടക്കുന്ന ‘അന്യവൽകൃത ഭൂമിശാസ്ത്രങ്ങൾ’ (എസ്ട്രേഞ്ച്ഡ് ജ്യോഗ്രഫീസ്) പ്രദർശനത്തിന്റെ ഭാഗമായുള്ള കലാസൃഷ്ടിയിൽ അശ്ലീലം ആരോപിച്ച് ആർട്ടിസ്റ്റ് ഹോചിമിൻ പി.എച്ച്. ഇവ കീറിയെറിഞ്ഞു. ഇതിനു പിന്നാലെ പ്രദർശനത്തിന്റെ സംഘാടകരായ കേരള ലളിതകലാ അക്കാദമിക്ക് അനുകൂലമായും പ്രതികൂലമായും സമൂഹ മാധ്യമങ്ങളിലും ചർച്ചകൾ സജീവമായി. കലാസൃഷ്ടികൾ കീറിയെറിയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
- Also Read ഒറ്റ ദിവസം, മാറ്റിവയ്ക്കുന്നത് 3 അവയവങ്ങള്‍; ചരിത്രനേട്ടം സ്വന്തമാക്കാൻ കോട്ടയം മെഡിക്കൽ കോളജ്
ഓസ്‍ലോയിൽ നിന്നുള്ള ഫ്രഞ്ച് കലാകാരി ഹനാൻ ബെനംമാറിന്റെ ‘ദി നോർവീജിയൻ ആർട്ടിസ്റ്റിക് കാനൻ’ എന്ന സൃഷ്ടിയിലാണ് ഒരു വിഭാഗം അശ്ലീലം ആരോപിച്ച് അക്കാദമിക്കെതിരെ തിരിഞ്ഞിട്ടുള്ളത്. തുടർന്ന് വൈകിട്ട് പ്രദർശനഹാളിലെത്തിയ ആർട്ടിസ്റ്റ് ഹോചിമിൻ ഈ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുള്ള ആറോളം പോസ്റ്ററുകൾ കീറിയെറിയുകയായിരുന്നു. മലയാളത്തിൽ മൊഴി മാറ്റി ചെയ്തിട്ടുള്ള ‘ഗോ ഈറ്റ് യുവർ ഡാഡ്’ എന്ന ലിനോകട്ട് സൃഷ്ടിയിൽ അസഭ്യ പ്രയോഗങ്ങളുണ്ടെന്നാണ് എതിർക്കുന്നവരുടെ വാദം. നോർവെയിൽ തീവ്രവലതുപക്ഷ വിഭാഗത്തിൽ നിന്നു നേരിട്ട വിദ്വേഷപരമായ പ്രസ്താവകൾ ചേർത്ത് 2021ൽ ചെയ്ത ‘ദ് നോർവീജിയൻ ആർട്ടിസ്റ്റിക് കാനൻ’ ആണ് ഹനാന്റെ പ്രദർശനത്തിൽ പ്രധാനം.
- Also Read വക്താക്കളായി ചെറുപ്പക്കാരെ ഇറക്കും, ചാണ്ടിക്കും ഷമയ്ക്കും വലിയ ദൗത്യം; ഇത് രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടല്ല
പോസ്റ്റർ കീറിയെറിഞ്ഞ വിവരം സംഘാടകർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ മാസം 30 വരെ നിശ്ചയിച്ചിട്ടുള്ള പ്രദർശനം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ തുടരുമോ എന്ന കാര്യം അക്കാദമി ചെയർമാനും സെക്രട്ടറിയും ചേർന്ന് തീരുമാനിക്കും. ഇക്കാര്യത്തിൽ അക്കാദമിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ചെയർമാൻ മുരളി ചീരോത്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു. കലാസൃഷ്ടിയിൽ ഇത്തരം ഉള്ളടക്കമുണ്ടെങ്കിൽ അതിന്റെ സൂചന നൽകണമെന്ന രീതി അനുസരിച്ച് ദർബാർ ഹാളിൽ ഇതിന്റെ അറിയിപ്പു വച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യാന്തര കലാകാരന്റെ സൃഷ്ടി സെൻസർ ചെയ്യുക എന്നത് അക്കാദമിയുടെ അധികാരത്തിനു കീഴിലുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. English Summary:
Kochi Art Exhibition Rocked by Obscenity Protest: Controversial art sparks protests at a Kochi exhibition. An art exhibition in Kochi faces backlash as a visitor tears down posters, alleging obscenity in the displayed artwork, leading to widespread debate and police involvement. |
|