ഒരിക്കൽ അച്ഛന്റെ കൂട്ടുകാരൻ അലങ്കാരത്തെ പരമേശ്വരൻ ചേട്ടൻ പറഞ്ഞു: നീ എന്നെക്കുറിച്ച് ഒരു കഥയെഴുതണം. എട്ടാംക്ലാസ്സിൽ പഠിക്കുന്ന, ജീവിതത്തെ അരമുഴം മുന്നേപോലും കാണാൻ ശേഷിയില്ലാത്ത ചെറുബാല്യക്കാരനോടാണ് ഈ ആവശ്യം. തലയാട്ടിയതല്ലാതെ ഒന്നു മൂളുവാൻ പോലും ശേഷിയില്ലാതെ നിന്നു. വീട്ടിലുള്ളവരല്ലാതെ മറ്റാരും അറിയില്ലെന്നു കരുതിയ സ്വകാര്യ ഏർപ്പാട് അതിരുചാടിയിരിക്കുന്നു!കള്ളുകുടിക്കിടെ ഉപദംശം പോലെ എല്ലാവർക്കുമായി അച്ഛൻ വിളമ്പിയതാവാം ഈ രഹസ്യം. പരമേശ്വരൻ ചേട്ടന്റെ ആഗ്രഹം എഴുത്തുകാരനാവാൻ നടത്തുന്ന ഗൂഢപ്രവൃത്തികളെ ചെറുതായൊന്ന് ആവേശത്തിലാക്കി. ആവേശമാവട്ടെ നിന്ന നിൽപ്പിൽ വല നെയ്യാനും എട്ടുകാലുകളിൽ ഓടാനും തുടങ്ങി.
വലയിലൊരിക്കലും ഒരിരപോലും കുടുങ്ങിയില്ല. \“കഥകൾ\“ എന്നു പേരിട്ടു വിളിച്ച ആ രഹസ്യപ്രവൃത്തികളാവട്ടെ എത്ര ചേർത്തുവച്ചിട്ടും ഒത്തുപോകാത്ത കുറെ വാക്കുകളുടെ ചുവരു മാത്രമായി അവശേഷിച്ചു. എഴുതിക്കൂട്ടിയതെല്ലാം കഥയാവാതെ പതിരായിത്തീർന്നുവെങ്കിലും പൊതുവേ ഭീരുവായ ബാല്യക്കാരൻ കഥാകാരനായി ഞെളിഞ്ഞിരിക്കാനുള്ള ഊറ്റം ഒളിച്ചുകടത്തിയിരുന്നു. കയ്യിലെരിയുന്ന ബീഡിയുമായി അർദ്ധനഗ്നനായ ഫക്കീറിനെപ്പോലെയിരിക്കുന്ന തകഴിയുടെ ഫോട്ടോയ്ക്ക് ആ കടത്തലിൽ പങ്കുണ്ട്. തകഴിയുടെ കഥകളേക്കാൾ ആ ചിത്രത്തിലെ അഹന്തയും സ്വാതന്ത്ര്യവുമാണ് വാക്കുകളുടെ ആഭിചാരവൃത്തിയിലേക്കു വരൂ എന്നു ക്ഷണിച്ചത്. ഒരിക്കൽ, പുസ്തകച്ചട്ടയിൽ ഇരുന്നിങ്ങനെ ലോകത്തെ കാണണം എന്ന അത്യാഗ്രഹത്തിൽ എഴുതിക്കൊണ്ടേയിരുന്നു.
തുറന്നുവിട്ട കോട്ടയം
ജീവിതത്തിനു നേർവഴിയല്ല പലവഴികളുണ്ടെന്നു പഠിപ്പിച്ചതു കോട്ടയം പട്ടണമാണ്. ജനിച്ച കുടമാളൂരിൽ പാലിക്കേണ്ട അച്ചടക്കങ്ങൾ ഊരിക്കളയുവാൻ കോട്ടയം പറഞ്ഞു. കൗമാരത്തിൽത്തന്നെ നാവിലേക്കു കയ്പ്പിറ്റിച്ചു. ബീഡിയുടെ അരഞ്ഞാണക്കെട്ട് അഴിക്കാൻ പഠിപ്പിച്ചു. കാരൂരും ഇടശ്ശേരിയും പട്ടത്തുവിളയുമെല്ലാം കാലത്തിനപ്പുറത്തേക്ക് എങ്ങനെ നിലമൊരുക്കുന്നുവെന്ന അറിവിലേക്കു തുറക്കപ്പെട്ടു ആ കാലങ്ങളിലെ രാപ്പകലുകൾ. പിന്നെപ്പിന്നെ പുസ്തകങ്ങൾ വായിക്കുമ്പോൾ കൂടുതൽ തെളിച്ചം വന്നു. ഒരിക്കലെടുത്തിട്ട എഴുത്തുകാരൻ എന്ന കുപ്പായമഴിച്ചു പൂർണ നഗ്നനാകുവാൻ ഒട്ടും സമയമെടുത്തില്ല. വിണ്ടകുടത്തിൽനിന്നും ജീവൻ നഷ്ടമാകുന്നതിനെക്കുറിച്ച് ഭർതൃഹരി എഴുതിയിട്ടുണ്ട്. അഹന്തയും ഊറ്റവുമൊഴിഞ്ഞ വിണ്ടകുടമായിത്തീർന്നു. അതുതന്നെയായിരുന്നു ആ കാലത്തിന്റെ ശിക്ഷണം.
കഥകളെയും കഥാപാത്രങ്ങളെയും കുറിച്ച് എഴുതൂ അല്ലെങ്കിൽ പറയൂ എന്നാവശ്യപ്പെടുന്ന ഒരാൾക്കു മുന്നിൽ വാക്കുകൾമുട്ടി കുറച്ചുനേരമെങ്കിലും നിന്നുപോവും. പ്രോട്ടോടൈപ്പ് എന്നു വിളിക്കാവുന്ന ഒരാളുണ്ടാവുമെങ്കിലും കണ്ടതും കേട്ടതും ഭാവനയിൽനിന്നു ഇറങ്ങിവരുന്നവരുമെല്ലാംകൂടി അയാളിലേക്കു കുടിയേറുന്നു. അതായത്, ഒരു കഥാപാത്രവും ഒരാളല്ല പലതുകളുടെ ചേർച്ചയാണ്.
\“ലീല\“ എന്ന കഥയിലെ കുട്ടിയപ്പന് ആദ്യമാതൃകയായിപ്പറയാവുന്നതു കോട്ടയത്തുണ്ടായിരുന്ന ഈമ്പിലെ കുഞ്ഞാണ്. കോട്ടയം പട്ടണത്തിൽ ഈമ്പിലെ കുഞ്ഞിനെ അറിയാത്തവർ ഇല്ലായിരുന്നു. എല്ലാവരും ഒരേ ദിക്കിലേക്കു നടക്കുമ്പോൾ ഒറ്റയ്ക്കൊരാൾ എതിർദിശയിൽനിന്നും ഓടി വരുന്നു എങ്കിൽ അയാളെ ഈമ്പിലെ കുഞ്ഞെന്നു വിളിക്കാം. ലോകത്തിലെല്ലായിടത്തും ഇങ്ങനെയുള്ള മനുഷ്യരുണ്ടായിരുന്നു. ഇന്നത്തെ സോഷ്യൽ മീഡിയക്കാലത്ത് എന്തു ചെയ്തും ശ്രദ്ധപറ്റാനുള്ള വൈറലാർത്തി പിടിച്ചവരിൽപ്പെട്ടവരായിരുന്നില്ല ഇവർ. കോട്ടയത്ത് ഈമ്പിലെക്കുഞ്ഞും കോഴിക്കോട് രാമദാസൻ വൈദ്യരുമെല്ലാം ആ തലകുത്തിനിൽപ്പ് ജീവിതത്തിനുള്ള ഉദാഹരണങ്ങളാണ്. \“ലീല\“യിലെ കുട്ടിയപ്പനു തോന്നുന്ന വിചിത്രമായ ആഗ്രഹത്തിലേക്കു കൂട്ടിവയ്ക്കാൻ പറ്റിയ ശരീരവും ആസക്തിയിലെ വന്യതയ്ക്കൊപ്പം രസംമുറ്റിയ ഭാഷണവും കരുണയും ലോകബോധവും ചേരുന്ന ഒരാളെ വേണമായിരുന്നു. ആ ചിന്തയിലേക്ക് അനുവാദം ചോദിക്കാതെ ഒരു ദിവസം ഈമ്പിലെ കുഞ്ഞ് കയറിവന്നു.
അദ്ദേഹത്തെ ആദ്യമായി കാണുന്നതു പ്രീഡിഗ്രി കാലത്താണ്. സിഎംഎസ് കോളജിലെ സാലി മെമ്മോറിയൽ ഫുട്ബോൾ മത്സരത്തിനിടയിൽ അതാ ജേഴ്സിയിട്ട ഒരാൾ ഫുട്ബോളുമായി ഗോൾ പോസ്റ്റിനു പിന്നിലേക്ക്! അയാൾ അവിടെ ഒറ്റയ്ക്കു പന്ത് തട്ടുന്നു. എതിരാളികളെല്ലാം അദൃശ്യർ. നിമിഷനേരംകൊണ്ടു കാണികളുടെ ശ്രദ്ധ കേരളത്തിലെ മുന്തിയ കളിക്കാരിൽനിന്നും ആ ഒറ്റപ്പാസുകാരനിലേക്ക്. പിന്നെ കുഞ്ഞേ കുഞ്ഞേ, എറിക് മുറിക്കേ എന്നുള്ള ആരവം.
സുന്ദരനായ ആ മധ്യവയസ്കന്റെ അപ്രതീക്ഷിത നീക്കങ്ങളിൽ കോട്ടയംകാർ ഹരം കൊണ്ടിരുന്നു. കുഞ്ഞിനോടുള്ള ഇഷ്ടം മൈതാനത്തിനു മുകളിൽ മറ്റൊരാകാശം പോലെ വിടർന്ന ആർപ്പുവിളികളിൽനിന്നും മനസ്സിലായി. പിന്നെ കുഞ്ഞുകഥകൾ ഓരോന്നായി കേൾക്കാൻ കാതുകൾ തിടുക്കം കൂട്ടി. ബിഷപ് എറിക് മുറിക് എന്ന പേരിൽ തിരുനക്കര മൈതാനത്ത് വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും, ഉണ്ണിമേരി ഉദ്ഘാടനം ചെയ്യുന്നു എന്ന പേരിൽ വള്ളംകളി സംഘടിപ്പിച്ചിട്ട് അച്ചടിപ്പിഴവിൽ ഖേദിക്കണം ഉണ്ണിമേരിയല്ല, ഉണ്ണിമേസ്തിരിയാണെന്നു പറഞ്ഞിട്ടു മീനച്ചിലാറ്റിലേക്കുള്ള മുങ്ങൽ. ഏതു മരണഘോഷയാത്രയ്ക്കും മുന്നിൽ കുടപിടിച്ചുള്ള നടത്തം. സാമൂഹിക വിലക്കുകളെയും മതപരമായ ശാഠ്യങ്ങളെയും പരിഹസിക്കാൻ കുഞ്ഞിന് ഒരു മടിയുമില്ലായിരുന്നു. അതുകൊണ്ട് പോപ്പ് കോട്ടയത്ത് വന്ന സമയത്ത് പൊലീസ് അദ്ദേഹത്തെ കരുതൽത്തടങ്കലിലാക്കി എന്നു കേട്ടിട്ടുണ്ട്. കുട്ടിയപ്പനു പ്രവേശിക്കാൻ ഞാനല്ലാതെ മറ്റാര് എന്നു ചോദിച്ചു തന്നെ കുഞ്ഞ് മുന്നിൽ നിന്നു. ദൈവം കളിമണ്ണിനു ജീവൻ കൊടുത്തപോലെ ഒറ്റയൂതങ്ങ് കൊടുത്തു-കുട്ടിയപ്പനിലേക്കു കുഞ്ഞ് ഒറ്റച്ചാട്ടം!
കുഞ്ഞിനു പിന്നാലെ \“ലീല\“യിലേക്കു കോട്ടയത്തെ മനുഷ്യർ ഓരോരുത്തരായി വന്നു. ദാസപ്പാപ്പി എന്ന കൂട്ടിക്കൊടുപ്പുകാരൻ കൃശഗാത്രനായ, കയ്യിലൊരു ഡയറിയുമായി ആനന്ദമന്ദിരത്തിനു മുന്നിൽ നിന്നിരുന്ന മനുഷ്യനാണ്. അയാളുടെ കൂടെ എപ്പോഴും ആ മെല്ലിച്ച ശരീരത്തെ വെല്ലുവിളിച്ചു നിന്നിരുന്ന എണ്ണക്കറുപ്പുള്ള മേദസ്സിയായ ഭാര്യയുമുണ്ടാവും. ഉഷയെന്ന കഥാപാത്രത്തെ എഴുതുമ്പോൾ എണ്ണയിറ്റിച്ച് ആ കറുപ്പൻ സുന്ദരി വാക്കിൽ വിളഞ്ഞു.Sunday Special, Malayalam News, Literature News, C Radhakrishnan, Books, Rahmani, Lakshadweep, Naval Science, Maritime Science, C. Radhakrishnan, M. Mullakkoiy, Vattezhuthu, Arabic-Malayalam manuscript, Kerala astro-mathematical tradition, Aharmāṇa, astronomical navigation, traditional navigation, sailing techniques, seafaring, nautical science, രഹ്മാനി, ലക്ഷദ്വീപ്, നാവിക ശാസ്ത്രം, നാട്ടുനാവിഗേഷൻ, വട്ടെഴുത്ത്, അറബി-മലയാളം കൈയെഴുത്തുപ്രതി, കേരള ജ്യോതിഷ ഗണിത പാരമ്പര്യം, ആഹർമ്മാണ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Uncovering the Secrets of Rahmani: Lakshadweep\“s Ancient Naval Science
\“ജൊ വാദാ കിയാ\“ കുട്ടിയപ്പൻ അമ്പലനടയിൽ ഇരുന്നു പാടുമ്പോൾ തൊട്ടടുത്തിരിക്കുന്ന ഒരാൾ പറയുന്നുണ്ട് ‘എന്റെ ആശാനെ, ഇതിനെടേൽക്കൂടി ലതേടെ ഒരു വരവുണ്ട്. ഹോ എന്നാ വരവാ അത്!’. പണ്ടു തിരുനക്കര അമ്പലനടയിൽ ഏറ്റവും മുകളിൽ ഇടതു മൂല ചേർന്നു സ്ഥിരമിരുപ്പുകാർ ഉണ്ടായിരുന്നു. കൂലിപ്പണിക്കാർ, പെഡ്‌ലേഴ്സ്, ബ്രോക്കർമാർ, ചെറിയമട്ടിലുള്ള തല്ലുപണിക്കാർ തുടങ്ങി ഒരുകൂട്ടം രാത്രിപ്പാർപ്പുകാർ ആയിരുന്നു അവർ. ഞങ്ങൾ കൂട്ടുകാരുടെയും ഇരിപ്പ് അക്കൂട്ടത്തിലായിരുന്നു. അവിടെയിരുന്ന് അന്നൊക്കെ പുക വലിക്കാം. പടിയിൽത്തന്നെ വേണമെങ്കിൽ ഉറങ്ങാം. അതിലൊരാളായിരുന്നു നൈനാച്ചൻ. നന്നായിപ്പാടും. അതിലും നന്നായി ചിരിക്കും. ഒരുപാട്ടും പല്ലവി വിട്ടു മുന്നോട്ടു പോവില്ല. അതിനുമുൻപ് എന്റെ ആശാനെ എന്നും പറഞ്ഞ് ആ പാട്ടിനെക്കുറിച്ചുള്ള ആസ്വാദനം വരും. കുട്ടിയപ്പൻ പാടുന്നതും ആ തൊട്ടടുത്തുള്ള പറച്ചിലുമെല്ലാം നൈനാച്ചന്റെതാണ്. ഭാവനയുടെ രസക്കൂട്ടുകൾ ചേർക്കാതെ, അമ്പലനടയിൽ നിന്നും അങ്ങനെതന്നെ പകർത്തിയ കഥാപാത്രമാണ് ചാറ്റർജി മുഖർജി. ദീപാരാധന നേരത്ത് ചാറ്റർജി മുഖർജി ഗുഹയിൽ നിന്നിറങ്ങി വരും പോലുള്ള ശബ്ദത്തിൽപ്പാടും: കാട്ടിലുള്ള പച്ചിലകൾ നാട്ടിൽ വരുത്തീ ചിലർ കാട്ടിക്കൂട്ടും കോപ്രായങ്ങൾ കണ്ടു പോകണേ നിങ്ങൾ കേട്ടു പോകണേ നിങ്ങൾ
പ്രാർഥനയ്ക്കും ശംഖ്,മണി നാദങ്ങൾക്കുമൊപ്പം ഇതുകൂടിച്ചേർന്നാലേ തിരുനക്കരയപ്പനു തൃപ്തിയാവൂ എന്ന മട്ടിലാണ് കണ്ണടച്ചുള്ള ആലാപനം. ചാറ്റർജി മുഖർജിക്ക് ആകെ സ്വത്തായുണ്ടായിരുന്ന ഹിന്ദി മലയാളം നിഘണ്ടു തിരുനക്കരയപ്പന് സമർപ്പിക്കുകയും ചെയ്തിരുന്നു.
കൂടെ വന്നവർ
കോട്ടയം പട്ടണവും ജന്മദേശമായ കുടമാളൂരുമാണ് കഥകളിലധികവും വന്നു പോവുന്നത്. ലീലയിൽ മാത്രമാണ് കോട്ടയം പട്ടണം ഇത്രയധികം നടുനിവർത്തി നിൽക്കുന്നത്. മറ്റു കഥകളിലേറെയും കുടമാളൂരാണുള്ളത്. കഥയിലേക്ക് എപ്പോഴും ചാലുവെട്ടിത്തരുന്ന എന്തെങ്കിലുമൊന്ന് ആ നാട്ടിൽ പതിയിരിപ്പുണ്ടാവും. പലതും പലരേയും ബുദ്ധിമുട്ടിച്ചേക്കാം എന്ന തോന്നലിൽ എഴുതാനാഞ്ഞ വിഷയങ്ങൾ പലതും എടുത്തിടത്ത് തന്നെ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
കലാമണ്ഡലം രാമൻകുട്ടി നായർ കേന്ദ്രകഥാപാത്രമായ \“ഗംഭീരവിക്രമ\“എന്ന കഥ കുടമാളൂരിൽ ജനിച്ചതുകൊണ്ടു മാത്രമാണ് കഥകളിരുചി ചോരാതെ എഴുതാൻ കഴിഞ്ഞതെന്ന് തോന്നിയിട്ടുണ്ട്. \“ഒറ്റപ്പെട്ടവനിൽ\“ പൊയ്കയിൽ അപ്പച്ചൻ വരുന്നുണ്ട്. കോളജിൽ പഠിക്കുന്ന കാലത്ത് തന്നെ പൊയ്കയിൽ അപ്പച്ചൻ എന്ന പൊയ്കയിൽ കുമാരഗുരുദേവനും പിആർഡിഎസും ചിന്തകളെ നേർവഴിക്കു നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ കഥയിലേക്കു അപ്പച്ചനെ കൊണ്ടു വരാൻ മറ്റൊരാളുടേയും അനുമതി വേണ്ടിയിരുന്നില്ല. നവംബർ ബുക്സും സീഡിയനും പരിഭാഷകനായ റെജിമോഹൻ വഴി പരിചയമായ കാപ്പനച്ചന്റെ പുസ്തകങ്ങളും ക്രമപ്പെടുത്തിയ ആശയലോകത്തിലാണ് ആ കഥ രൂപം കൊണ്ടത്. കള്ള് ഷാപ്പിൽനിന്നു വരുന്ന വഴിക്ക് പള്ളിക്കപ്പേളയിലെ ഉണ്ണിയേശുവിന്റെ തിരുരൂപം വീട്ടിലേക്ക് എടുത്തുകൊണ്ടു പോയതിനെക്കുറിച്ച് ബാറിലിരുന്ന് ഒരപരിചിതൻ പറഞ്ഞതു ‘കോട്ടയം 17’ എന്ന തലക്കെട്ടിനു താഴെ കുഞ്ഞും പെണ്ണമ്മയും ഉണ്ണിയേശുവുമൊക്കെയായി വർഷങ്ങൾക്കു ശേഷം വിടർന്നു വന്നു.
പണ്ടൊരിക്കൽ യാത്ര ചെയ്യുന്നതിനിടയിൽ മൂത്രമൊഴിക്കാൻ മുട്ടിയിട്ട് ഒരു പറമ്പിലേക്കു കയറി. ചുറ്റുവട്ടത്ത് ആരും ഇല്ല. ആസ്വദിച്ച് ഒഴിച്ചു. എല്ലാം കഴിഞ്ഞു സമാധാനത്തോടെ തിരിയും മുൻപാണ് പറമ്പിനു നടുവിലെ അത്രയും നേരം മുന്നിൽ നിന്നിരുന്ന വീട് ശരിക്കും നോക്കിയത്. സങ്കടം കൊണ്ടുള്ള മേൽക്കുപ്പായവുമിട്ട് ഒരാൾ നിന്നാൽ എങ്ങനെയിരിക്കും? അതുപോലൊരു വീട്. വെറുതേ അടുത്തേക്കു ചെന്നു. ആൾത്താമസമില്ലെന്നു പറയാതെയറിയാം. ചുറ്റും നടന്നു. അൽപ്പം വിട്ടുനിൽക്കുന്ന ഒരു ജനൽപ്പാളി തുറന്നു ഉള്ളിലേക്കു നോക്കി. അകത്തെയിരുട്ടിൽ കണ്ണുകൾ പാകപ്പെട്ടപ്പോൾ കുറെ വസ്തുക്കൾ വെളിപ്പെട്ടു. തിരിച്ചിറങ്ങുമ്പോൾ വഴിയിൽക്കണ്ട ഒരാളോട് അവിടെ ആരുമില്ലേയെന്നു ചോദിച്ചു. അതു പൊളിക്കാൻ ഇട്ടിരിക്കുകയാണെന്ന മറുപടി കിട്ടി. മടങ്ങുമ്പോൾ ആ വീടും ഇരുട്ടിൽ കണ്ടതുമെല്ലാം അനുവാദത്തിനു നിൽക്കാതെ കൂടെ വരുമെന്നു കരുതിയില്ല. ഒരു മാസത്തിനു ശേഷം അതു \“മനുഷ്യാലയചന്ദ്രിക\“ എന്ന കഥയായി.
കാലൻ പേടിച്ചു കാണും
\“അമ്മൂമ്മ ഡിറ്റക്ടീവ്’ എന്ന കഥയിലെ അമ്മൂമ്മയിൽ അമ്മയുടെ അമ്മയുണ്ട്. അമ്മച്ചിയമ്മ എന്നാണ് കൊച്ചുമക്കളായ ഞങ്ങൾ വിളിച്ചിരുന്നത്. എന്തിനും പോന്ന പെണ്ണൊരുത്തി എന്നു പറയും പോലൊരാൾ. കുടമാളൂരിലെ പല കഥകളും കിട്ടിയിട്ടുള്ളത് അമ്മച്ചിയമ്മയിൽ നിന്നാണ്. എല്ലാ കുടുംബങ്ങളും അവർ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്ന് ആശ്വസിക്കുന്ന പലതും അവരറിയാതെ നാട്ടിലൂടെ പലവേഷങ്ങളിൽ നടക്കുന്നുണ്ടാവും. ഇതെല്ലാം ആവോളം സൂക്ഷിച്ചിരുന്ന അധോലോകമായിരുന്നു അമ്മച്ചിയമ്മ. തൊണ്ണൂറാം വയസ്സിൽ ന്യൂഡിൽസ് കഴിക്കാൻ ഇഷ്ടമുള്ള, ഗുജറാത്തിലുള്ള മകളുടെ പെൺമക്കളോട് അവിടെ ആരെയെങ്കിലും നോക്കി കല്യാണം കഴിക്കുന്നതാണ് നല്ലതെന്നു പറയാൻ മാത്രം തുറന്ന മനസ്സുള്ള സ്ത്രീ. അമ്മച്ചിയമ്മയുടെ അടുത്ത് പാത്രം വിൽക്കാൻ വരുന്നവൻ കുറച്ചു കഴിഞ്ഞു പുരപ്പുറത്ത് ഓടുമാറാൻ ഇരിക്കുന്നതു കാണാം. പ്രായോഗികതയും നായികാപാടവവും അസാമാന്യധൈര്യവും ചേർന്ന അമ്മച്ചിയമ്മയിൽനിന്ന് ഒളിച്ചൊരു കാര്യവും ചെയ്യാൻ കഴിയില്ലായിരുന്നു. എങ്ങനെയാണ് ഇതെല്ലാം കണ്ടുപിടിക്കുക എന്ന് അദ്ഭുതം തോന്നും. അമ്മച്ചിയമ്മയെ വളർത്തിയത് അക്കരയച്ചൻ എന്നു വിളിക്കുന്ന അമ്മച്ചിയമ്മയുടെ മുത്തശ്ശനായിരുന്നു. അക്കരയച്ചന് കടമറ്റത്ത് കത്തനാരെയും പുളിയാംപുള്ളി നമ്പൂരിയേയും വച്ചാരാധന ഉണ്ടായിരുന്നു. അമ്മച്ചിയമ്മയിലും ഒരു കാൽഭാഗം മന്ത്രവാദിനി ഉണ്ടായിരുന്നോ എന്നു സംശയിച്ചിട്ടുണ്ട്. \“അമ്മൂമ്മ ഡിറ്റക്ടീവ്\“ എഴുതുമ്പോൾ മനസ്സ് നിറഞ്ഞു നിന്നത് അമ്മച്ചിയമ്മ മാത്രമാണ്. അമ്മച്ചിയമ്മ ചൊല്ലുന്ന സന്ധ്യാനാമത്തിൽ ഇങ്ങനെയൊരു വരിയുണ്ട്:
യമൻ വരുന്ന നേരമങ്ങെനിക്ക് പേടി പോക്കുവാൻ എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെ ഒന്ന് നോക്കണം.
അമ്മച്ചിയമ്മ കത്തുന്ന കണ്ണാൽ നോക്കുകയും യമൻ പേടിക്കുകയും ചെയ്തിട്ടുണ്ടാവും. അമ്മച്ചിയമ്മ പേടിപ്പിച്ച കാലന്റെ കഥ പലവട്ടം എഴുതാൻ ആഗ്രഹിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. ആ കഥയിലേക്കു നടന്നുകയറാൻ അമ്മച്ചിയമ്മ അനുഗ്രഹിക്കട്ടെ. English Summary:
Unni R writes about People and places that have come to stories through various paths. |
|