ചമ്രം പടിഞ്ഞ്, ധ്യാനത്തിലിരിക്കുന്ന സന്യാസിയെ പോലെയാണ് നെടുമങ്ങാട് ശിവാനന്ദൻ വയലിൻ വായിക്കുക. ഇരുന്നു തന്നെ വായിക്കണം. അതു വർഷങ്ങളുടെ ശീലമാണ്. ആ ചിട്ടയും കാർക്കശ്യവുമാണ് ശിവാനന്ദൻ എന്ന സംഗീതജ്ഞന്റെ നിർവചനം. വയലിൻ ഹൃദയത്തോടു ചേർത്തുവച്ചു എണ്ണിത്തിട്ടപ്പെടുത്താനാകാത്തത്ര കച്ചേരികൾക്കു മനോഹര സംഗീതം പകർന്ന ജീവിതം ഇപ്പോൾ 90 വയസ്സിൽ എത്തിനിൽക്കുന്നു. നവതി നിറവിലും ഇരുന്നൂറിലധികം ശിഷ്യർക്കു വിദ്യ പകർന്ന്, പഠിപ്പിക്കുന്നതിലൂടെ സ്വയം പരിശീലിക്കുന്ന ഗുരുനാഥനായി നാദതന്ത്രികളിൽ ജീവിക്കുന്നു.
- Also Read ഒരു നഗരത്തിന്റെ മൊത്തം സമ്പത്ത് എവിടെപ്പോയി?
1954ൽ പത്തൊൻപതാം വയസ്സിൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽനിന്ന് ഗാനഭൂഷണം ജയിച്ച ശിവാനന്ദൻ വായ്പ്പാട്ടിന്റെ വഴിയിലേക്ക് ഇല്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അച്ഛൻ നെയ്യാറ്റിൻകര വാസുദേവൻ പിള്ള അറിയപ്പെടുന്ന ഹാർമോണിസ്റ്റായിരുന്നെങ്കിലും ആ വഴിയും വേണ്ടെന്നു വച്ചു. 8 വയസ്സു മുതൽ അച്ഛനിൽനിന്നു പഠിച്ച വയലിനൊപ്പം സഞ്ചരിക്കാനായിരുന്നു തീരുമാനം. ഗാനഭൂഷണം ജയിച്ച അതേ വർഷം അച്ഛൻ മരിച്ചതോടെ വിരുദുനഗർ ഗണപതിയാ പിള്ളയായി വയലിനിലെ ഗുരുനാഥൻ. അങ്ങനെ വയലിൻ സംഗീതം ഉപജീവനവും ഉപാസനയുമായി.
കച്ചേരികൾക്കു വയലിൻ വായിച്ചാണ് തുടക്കം. അന്നു കെ.ജെ.യേശുദാസ് സിനിമകളിൽ പിന്നണി പാടി തുടങ്ങിയിട്ടില്ല. അദ്ദേഹത്തിനൊപ്പം ധാരാളം കച്ചേരികളിൽ പങ്കെടുത്തു. മുഹമ്മദ് റഫിയുടെ ഹിന്ദി ഗാനങ്ങൾ അതിമനോഹരമായി പാടിയിരുന്ന യേശുദാസിനോടു ചലച്ചിത്രങ്ങളിൽ പിന്നണി പാടാൻ പോകണമെന്നു ഉപദേശിച്ചിരുന്നവരുടെ കൂട്ടത്തിൽ ശിവാനന്ദനുമുണ്ടായിരുന്നു. യേശുദാസ് കേരളം വിട്ടു ചെന്നൈയിൽ പോകുന്നതുവരെയും കച്ചേരികൾക്കു വയലിൻ വായിക്കുന്നത് ശിവാനന്ദനായിരുന്നു. ആ സൗഹൃദം ഇപ്പോഴും ഫോൺവിളികളിലൂടെ നിലനിൽക്കുന്നു.രബീന്ദ്രനാഥ ടഗോർ, ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം, ടഗോർ കവിതകൾ, മൺസൂൺ കവിതകൾ, പ്രശാന്ത ചന്ദ്ര മെഹലാനോബീസ്, വിശ്വഭാരതി സർവകലാശാല, ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്മെന്റ്, കൊൽക്കത്ത, മഴ, ബംഗാൾ, കാളിദാസൻ, ഗീതാഞ്ജലി, ശാന്തിനികേതൻ, Rabindranath Tagore, Indian Meteorological Department, Tagore poems, Monsoon poems, Prasanta Chandra Mahalanobis, Visva-Bharati University, IMD, Kolkata, Rain, Bengal, Kalidasa, Gitanjali, Santiniketan, Malayalam poetry, Indian culture, history, kalavastha kendram, kavitha, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
1955ൽ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂളിൽ സംഗീത അധ്യാപകനായി ജോലി ലഭിച്ചതോടെ ചേർത്തലയുടെ മണ്ണിലേക്കു പറിച്ചുനടൽ. ധാരാളം കച്ചേരികൾ നടന്നിരുന്ന നാട്ടിൽ ശിവാനന്ദനെന്ന വയലിനിസ്റ്റും പേരെടുത്തു. സ്കൂളിലെ സംഗീത ക്ലാസിനു പുറമേ, വയലിൻ പഠിക്കാനും കുട്ടികൾ എത്തിത്തുടങ്ങി. വയലിൻ അടിസ്ഥാനമായി പഠിച്ചെടുക്കാൻ അഞ്ചുവർഷമെങ്കിലും വേണം, കൈവഴക്കം വരണം. ഒരുപാടു കാലം ചേർത്തലയിലായിരുന്നു ജീവിതം. സംഗീത ജീവിതത്തെ വളർത്തിയെടുത്തതും പരിപോഷിപ്പിച്ചതും ആ മണ്ണിന്റെ ‘സംഗീത’ക്കൂറാണ്. ജീവിതവഴികളിലെ സംഗീതവും ആ നാട് ശിവാനന്ദനു നൽകി. ഉഴുവ സ്വദേശിനി വിലാസിനിയുമായി 1960ൽ വിവാഹം. സംഗീതലോകത്ത് മാത്രം ജീവിക്കുന്ന ശിവാനന്ദന്റെ വ്യക്തി ജീവിതം പ്രിയതമയുടെ കയ്യിൽ ഭദ്രമായിരുന്നു. കച്ചേരി പോലെ കടുപ്പമാർന്ന തന്റെ ജീവിതത്തിലെ ലളിത സുന്ദര ഗാനമാണ് വിലാസിനി എന്നാണ് ശിവാനന്ദൻ പ്രിയപ്പെട്ടവളെ കുറിച്ചു പറയുന്നത്.
ഒട്ടേറെ പ്രഗല്ഭർക്കൊപ്പം ഇക്കാലയളവിൽ ലോകമെമ്പാടും വേദികൾ. നെയ്യാറ്റിൻകര വാസുദേവനൊപ്പമായിരുന്നു ഏറ്റവും കൂടുതൽ കച്ചേരികൾ. അതു കഴിഞ്ഞാൽ എൽ.പി.ആർ. വർമ, മാതംഗി സത്യമൂർത്തി, നെയ്യാറ്റിൻകര മോഹനചന്ദ്രൻ എന്നിവർക്കൊപ്പം. വി. ദക്ഷിണാമൂർത്തി, മാവേലിക്കര പ്രഭാകരവർമ, കെ.ജെ. യേശുദാസ്, തൃശൂർ വി. രാമചന്ദ്രൻ, പി.എസ്. നാരായണസ്വാമി, ബോംബെ സിസ്റ്റേഴ്സ്, ടി.വി. ഗോപാലകൃഷ്ണൻ, ഒ.എസ്. ത്യാഗരാജൻ, എം.ജി. രാധാകൃഷ്ണൻ... പട്ടികയുടെ ഇങ്ങേയറ്റത്തു പുതിയ തലമുറയുടെ നക്ഷത്രങ്ങളായ ബോംബെ ജയശ്രീയും ടി.എം. കൃഷ്ണയും സുധ രഘുനാഥനും ശങ്കരൻ നമ്പൂതിരിയും അശ്വതിതിരുനാൾ രാമവർമയും വരെ. ഉമയാൾ പുരം ശിവരാമൻ, ഡോ. ടി.കെ. മൂർത്തി, കാരൈക്കുടി മണി, മാവേലിക്കര കൃഷ്ണൻകുട്ടി നായർ, മാവേലിക്കര വേലുക്കുട്ടി നായർ, തഞ്ചാവൂർ രാമദാസ്, പാറശാല രവി... എന്നീ മൃദംഗചക്രവർത്തിമാരും ഒപ്പമുണ്ടായിരുന്ന വേദികൾ. കഴിഞ്ഞ 45 വർഷമായി ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ വയലിൻ വിഭാഗത്തിനു നേതൃത്വം നൽകുന്നതും ശിവാനന്ദനാണ്.
കോവിഡിനു ശേഷം കച്ചേരികൾക്കു പോകുന്നതു കുറഞ്ഞു. ഇപ്പോൾ അധ്യാപനമാണ് കൂടുതൽ. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ എടുക്കുന്നുണ്ട്. പല കാലങ്ങളായി പഠിച്ചു പോയ, പഠിച്ചു കൊണ്ടിരിക്കുന്ന വലിയ ശിഷ്യസമ്പത്ത്. തിരുവിഴ ശിവാനന്ദൻ, തിരുവിഴ വിജു എസ്.ആനന്ദ്, ബിന്ദു കെ.ഷേണായ്, ചേർത്തല ശിവകുമാർ തുടങ്ങിയ പ്രശസ്തരുൾപ്പെടെയുള്ള ആ ശിഷ്യഗണമാണ് ഗുരുവിന്റെ അറുപതാം പിറന്നാളും എൺപതാം പിറന്നാളും തൊണ്ണൂറാം പിറന്നാളുമൊക്കെ സംഗീതാഘോഷമാക്കിയത്. ഇളയ മകളും പാലക്കാട് ചെമ്പൈ സംഗീത കോളജിലെ അധ്യാപികയുമായ ഡോ.വി.സിന്ധുവിന്റെ കുടുംബത്തിനൊപ്പം പാലക്കാടാണ് ശിവാനന്ദനും ഭാര്യയും ഇപ്പോൾ. മറ്റു മക്കളായ സന്തോഷ് ബാബുവിന്റെയും സതീഷ് ബാബുവിന്റെയും കുടുംബങ്ങളും ചേരുമ്പോൾ സംഗീതം മാത്രം നിറയുന്ന വീടകം. വയലിൻ മാറ്റിനിർത്തിയാൽ സംഗീതമില്ലെന്നാണ് കാലം ശിവാനന്ദനു നൽകിയ കാഴ്ചപ്പാട്. വയലിൻതന്ത്രികളിലൂടെ ഏതൊരു ഗാനവും വായിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. സന്തോഷമായാലും സങ്കടമായാലും ഏതു വികാരത്തെയും പ്രകടമാക്കി മനസ്സു നിറയ്ക്കാൻ വയലിനു കഴിയും. തന്ത്രികൾ നൽകുന്ന ജീവിതാനന്ദത്തിൽ യാത്ര തുടരവേ ആ സന്തോഷം കൂടുതൽ ശിഷ്യരിലേക്കു പകരണമെന്ന ആഗ്രഹമാണ് അദ്ദേഹത്തിനുള്ളത്. നാദവഴികളിൽ അതിനായി ഇനിയും എത്രവേണമെങ്കിലും സഞ്ചരിക്കാൻ തയാർ. English Summary:
A Lifetime Devoted to the Violin: Sivanandam music is centered around the violin maestro Nedumangad Sivanandan. He has dedicated his life to music, imparting knowledge to students even at the age of 90, and continues to inspire through the strings of his violin. |