deltin33 • 2025-10-28 08:40:16 • views 1134
മാരകമായ അമീബിക് മസ്തിഷ്കജ്വരം ഒരു ജീവൻകൂടി കവർന്നതോടെ പത്തു ദിവസത്തിനിടെ ഈ രോഗം ബാധിച്ച് സംസ്ഥാനത്ത് ആറുപേരാണു മരിച്ചതെന്നതു നമ്മെ കൂടുതൽ ജാഗരൂകരാക്കേണ്ടതുണ്ട്. എന്നാൽ, സർക്കാർ കണക്കിൽ ഇവരിൽ അഞ്ചുപേരും രോഗം സംശയിക്കപ്പെട്ടവരുടെ പട്ടികയിലാണ്. കഴിഞ്ഞവർഷംതന്നെ ഈ ജ്വരം കേരളത്തിൽ തീവ്രമായിരുന്നെങ്കിലും അതുപ്രകാരമുള്ള സർക്കാരിന്റെ പ്രതിരോധനടപടികൾ സജീവമായി മുന്നോട്ടുപോകാതിരുന്നതുകൊണ്ടുകൂടിയല്ലേ ഈ സാഹചര്യം കൂടുതൽ ഭീഷണമായതെന്ന ചോദ്യം ഉയരുകയാണ്. മരണസാധ്യത ഏറെയുള്ള രോഗമായിട്ടും ചികിത്സയുടെ കാര്യത്തിൽ ഇപ്പോഴും നമുക്കു വേണ്ടവിധം മുന്നേറാനായിട്ടില്ലെന്നതാണു യാഥാർഥ്യം.
- Also Read അമീബിക് മസ്തിഷ്ക ജ്വരം: മരണം രണ്ടല്ല, 17; ബാധിച്ചത് 66 പേരെയെന്നും തിരുത്ത്
അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നവരുടെ എണ്ണം കേരളത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ചു വിദഗ്ധ ഡോക്ടർമാരുടെ ചർച്ചയ്ക്കു മലയാള മനോരമ മുൻകയ്യെടുത്തത്. സങ്കീർണവും ആപൽക്കരവുമായ ഈ രോഗത്തെ നേരിടാൻ, കേരളത്തിലെ സാഹചര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാരീതിക്കു സംസ്ഥാനം രൂപം നൽകണമെന്നാണു ചർച്ചയിലുയർന്ന മുഖ്യ ആവശ്യം. നിലവിൽ ചികിത്സാ പ്രോട്ടോക്കോളുണ്ടെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യത്തെ ഉൾക്കൊള്ളുന്ന തരത്തിലുള്ളതല്ലെന്ന പരിമിതിയുണ്ട്. സംസ്ഥാനത്ത് ഈ രോഗം ബാധിച്ചുണ്ടായ മുഴുവൻ കേസുകളും മരണങ്ങളും പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
മറ്റു മസ്തിഷ്കജ്വരങ്ങളിൽനിന്നു വേർതിരിച്ചറിയാനുള്ള പ്രയാസമാണ് അമീബിക് മസ്തിഷ്കജ്വരത്തിനു ചികിത്സ വൈകാൻ കാരണമാകുന്നത്. നിലവിൽ തിരുവനന്തപുരത്തെ ലാബിൽ മാത്രം ലഭ്യമായ പിസിആർ പരിശോധനാസൗകര്യം മധ്യകേരളത്തിലും മലബാർ മേഖലയിലും കൂടി ലഭ്യമാക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. കുറ്റമറ്റ ജലജാഗ്രത പരമപ്രധാനമാണ്. കെട്ടിക്കിടക്കുന്നതോ ഒഴുക്കു കുറഞ്ഞതോ ആയ വെള്ളത്തിൽ മുങ്ങിക്കുളിക്കുകയോ ചാടിക്കുളിക്കുകയോ ചെയ്യുമ്പോൾ മൂക്കിലെ അരിപ്പ പോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി അമീബ തലച്ചോറിൽ എത്തിയേക്കാം. നേരിട്ടു തലച്ചോറിനെ ബാധിക്കുന്നതുകൊണ്ട് ആദ്യകാലത്ത് ഇതു ‘ബ്രെയിൻ ഈറ്റിങ് അമീബ’ എന്നാണറിയപ്പെട്ടിരുന്നത്. കെട്ടിക്കിടക്കുന്ന ഏതു വെള്ളത്തിലും അമീബ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. Amoebic Meningoencephalitis, Brain-eating Amoeba, Naegleria Fowleri, Acanthamoeba, Balamuthia mandrillaris, Primary Amoebic Meningoencephalitis (PAM), Granulomatous Amoebic Encephalitis (GAE), Amoeba infection treatment, Kerala Amoebic Meningitis outbreak, Malayala Manorama Online News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
- Also Read അമീബിക് മസ്തിഷ്കജ്വരം തുടർക്കഥയായിട്ടും ജലാശയങ്ങൾ ശുചീകരിക്കാൻ നടപടിയില്ല
കുളങ്ങളിലും ജലാശയങ്ങളിലും മാത്രമല്ല, നമ്മുടെ കിണറുകളിലും ടാപ്പ് വെള്ളത്തിലും വൃത്തിയാക്കാത്ത ടാങ്കുകളിലുമെല്ലാം അമീബയുടെ സാന്നിധ്യമുണ്ടാകാം. അതുകൊണ്ടുതന്നെ, നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യുന്നതുപോലെ, കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും ശുദ്ധീകരിക്കാനും അടിയന്തരപ്രാധാന്യത്തോടെ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇതിനകം രോഗം കണ്ടെത്തിയ പ്രദേശങ്ങളിലെ വീടുകളിലെയും കെട്ടിടങ്ങളിലെയും മറ്റിടങ്ങളിലെയുമൊക്കെ കിണറുകളും ടാങ്കുകളും പതിവായി ശുദ്ധീകരിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. കുളങ്ങളിൽ മുങ്ങിക്കുളിക്കുമ്പോഴും നീന്തുമ്പോഴും മൂക്കിൽ വെള്ളം കയറാതിരിക്കാനുള്ള ജാഗ്രത പാലിക്കുകയുംവേണം. വെള്ളക്കെട്ടിൽ മുങ്ങിക്കുളിച്ചശേഷം പനിയോ ഛർദിയോ വന്നാൽ ഉടൻ ചികിത്സ തേടുന്നതു പ്രധാനമാണ്.
സംസ്ഥാനത്തു പിടിമുറുക്കുന്ന മസ്തിഷ്കജ്വരത്തിന്റെ കാരണമായി അമീബയുടെ പല വകഭേദങ്ങളുണ്ടെന്ന കണ്ടെത്തൽ ചികിത്സയിലും പ്രതിരോധത്തിലും ഏറെ നിർണായകമാണ്. ‘നൈഗ്ലേരിയ ഫൗളരി’ എന്ന മാരകമായ, ഒറ്റയിനം അമീബയാണ് മുൻപു കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമായിരുന്നതെങ്കിൽ അടുത്തകാലത്തു റിപ്പോർട്ട് ചെയ്ത കേസുകളിൽ മറ്റു വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്. തീവ്രത കുറഞ്ഞ വകഭേദങ്ങളാണ് ഭൂരിഭാഗം പേർക്കും റിപ്പോർട്ട് ചെയ്തത് എന്നത് ആശ്വാസകരമാണ്.
- Also Read അമീബിക് മസ്തിഷ്കജ്വരം: കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ; കേസുകൾ കൂടുതൽ കേരളത്തിൽ, പ്രതിരോധം പാളുന്നു
പൊതുവേ ചൂടു കൂടിയ കാലാവസ്ഥയിൽ ജീവിക്കുന്നവയാണ് അമീബകൾ. ആഗോളതാപനം മൂലം നമ്മുടെ പരിസ്ഥിതിയിലുണ്ടായ മാറ്റം ഈ അമീബകൾക്കു വളരാനുള്ള മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടോ എന്നതുൾപ്പെടെയുള്ള സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നു മനോരമ ചർച്ചയിൽ ഡോക്ടർമാർ ചൂണ്ടിക്കാട്ടുകയുണ്ടായി. അതായത്, ബഹുമുഖ വഴികളിലൂടെവേണം കേരളം ഈ സങ്കീർണ രോഗത്തിനെതിരെ പോരാടാൻ.
ഇതിനിടെ, സംസ്ഥാനത്തു പലർക്കും രോഗമുക്തി ഉണ്ടാകുന്നതിൽനിന്ന് ഈ രോഗത്തെ അതിജീവിക്കുന്നതിനുള്ള സാധ്യതയും കണ്ടെടുക്കാം. കുറ്റമറ്റ ശുചീകരണത്തിലൂടെയും ജലജാഗ്രതയിലൂടെയും കേരളം അമീബിക് മസ്തിഷ്കജ്വരത്തിനെതിരെ പ്രതിരോധ മതിൽ ഉയർത്തേണ്ടതുണ്ട്. തുടർനടപടികളിലൂടെ ആരോഗ്യവകുപ്പും കേരളവും ഈ വലിയ ഭീഷണിയെ അതിജീവിച്ചേതീരൂ. English Summary:
Understanding Amoebic Meningoencephalitis: Water Safety is paramount in preventing Amoebic Meningoencephalitis. With rising cases in Kerala, proactive measures like water source purification and public awareness are crucial. The state must prioritize comprehensive strategies for early detection and effective treatment to combat this deadly disease. |
|