ആദരിക്കേണ്ടവരെ കാണുമ്പോൾ മറ്റുള്ളവർക്കു തോന്നുന്ന വികാരം എന്നാണ് ബഹുമാനത്തിനു നിഘണ്ടുവിലെ അർഥം. സംഗതി ഉള്ളിൽനിന്നു വരണമെന്നർഥം. നിവേദനങ്ങൾക്കും മറ്റും സർക്കാർ നൽകുന്ന മറുപടിക്കത്തുകളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരാമർശിക്കുമ്പോൾ ബഹുമാനപ്പെട്ട എന്നോ അതിന്റെ ചുരുക്കെഴുത്തായ ബഹു. എന്നോ നിർബന്ധമായും ചേർക്കണമെന്ന ഭരണപരിഷ്കാര വകുപ്പിന്റെ നിർദേശം കണ്ടപ്പോഴാണ് അത്യാവശ്യപ്പെട്ട് നിഘണ്ടു പരതിയത്.
- Also Read വിവാദങ്ങൾക്കിടെ രാഹുൽ സഭയിൽ; നൽകിയത് അൻവറിന്റെ മുൻ സീറ്റ്, ദിവസവും സഭയിലെത്തും
ബഹുമാനം സ്വാഭാവികമായി വരില്ല എന്ന് ഉറപ്പായപ്പോഴാണോ സംഗതി അച്ചടിച്ച് അടിച്ചേൽപിക്കാമെന്നു തീരുമാനിച്ചതെന്നു നിശ്ചയമില്ല. നയാപൈസ അധികച്ചെലവില്ല എന്നതുകൊണ്ടാവണം, പരിഷ്‌കാരത്തെ ആരും എതിർത്തുകണ്ടില്ല. ഭരണനേട്ടംകൊണ്ട് ബഹുമാനം ആർജിക്കുക പെട്ടെന്നുനടക്കുന്ന കാര്യമല്ല. ഇതിപ്പോൾ രണ്ടക്ഷരംകൊണ്ട് എളുപ്പവഴിയിൽ ക്രിയ ചെയ്യാമെങ്കിൽ വേണ്ടെന്നു വയ്‌ക്കേണ്ട ഒരാവശ്യവുമില്ല. തരാൻ മടിക്കുന്ന ബഹുമാനം പിടിച്ചുവാങ്ങുന്നത് അത്ര അഭിമാനമാണോ എന്നു ചില സംശയരോഗികൾ ആശങ്കപ്പെട്ടേക്കാം. കാര്യമാക്കാനില്ല.
‘വേഷങ്ങൾ കണ്ടു രസിക്കും പലജനം
ദോഷം പറഞ്ഞു ചിരിക്കും ചില ജനം’
എന്നും കുഞ്ചൻ നമ്പ്യാർ പറഞ്ഞിട്ടുണ്ടല്ലോ.
അച്ചുനിരത്തിയുള്ള അച്ചടിയുടെ കാലത്ത് പ്രസുകളിൽ അക്ഷരക്ഷാമം ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയെന്ന് എഴുതിയെഴുതി പത്രക്കാരുടെ ‘ഉ’ മുഴുവൻ തീർന്നുപോകുന്നതുകൊണ്ടാണ് തന്റെ പ്രസ്‌താവനകളും പ്രസംഗങ്ങളും ആരും പ്രസിദ്ധീകരിക്കാത്തതെന്നു കോൺഗ്രസിന്റെയും പിന്നീട് എൻസിപിയുടെയും നേതാവായിരുന്ന ഉഴവൂർ വിജയൻ പണ്ടു പറഞ്ഞതോർക്കുന്നു. ഇപ്പോൾ കംപ്യൂട്ടർ അക്ഷരങ്ങളുടെ കാലമാണ്. അക്ഷരക്ഷാമം ഇല്ലെന്ന് അർഥം. മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കുംവേണ്ടി സ്‌ഥാനത്തും അസ്‌ഥാനത്തും നിർലോപം വാരിവിതറിക്കഴിഞ്ഞാലും ആവശ്യംപോലെ ‘ബഹുമാനം’ ബാക്കിയാണ്. പഴ്‌സനൽ സ്‌റ്റാഫിനും വേണമെങ്കിൽ എടുക്കാം. സെക്രട്ടേറിയറ്റിനു മുന്നിൽ പട്ടിണിസമരം കിടക്കുന്നവർക്കു ‘ബഹു.’ ആശമാർ എന്നു സംബോധന ചെയ്തു കുത്തും കൊടുക്കാം. കാൽക്കാശ് കൊടുക്കരുത് എന്നേയുള്ളൂ സർക്കാരിനു നിർബന്ധം. ബഹുമാനിക്കാൻ മടിയൊന്നുമില്ല.
‘ബഹുജന സുഖായ, ബഹുജന ഹിതായ’ എന്നാണ് ശ്രീബുദ്ധൻ പറഞ്ഞുതന്ന പ്രമാണം. ബഹുജനത്തിന്റെ ഇഷ്ടവും സുഖവും ലക്ഷ്യമിട്ടുള്ളതാവണം ചെയ്യുന്ന കാര്യങ്ങൾ എന്നാണർഥം. ‘ബഹു’ജനം എന്നു വിളിക്കുന്നതുകൊണ്ട് ബഹുമാനപ്പെട്ട ജനം എന്നൊന്നും ആരും ഊറ്റം കൊള്ളേണ്ടതില്ല. തൽക്കാലം ഭരിക്കുന്ന ‘ബഹു’ക്കളുടെ ഹിതവും സുഖവും നോക്കാനേ കഴിയൂ. പരസ്പരബഹുമാനം ജനം പ്രതീക്ഷിക്കരുത്.
സർക്കാർ കൊടുക്കുന്ന മറുപടിക്കത്തുകളിലേ ‘ബഹു.’ ഇപ്പോൾ നിർബന്ധമാക്കിയിട്ടുള്ളൂ. ജനം നൽകുന്ന അപേക്ഷയിലും കർശനമാക്കുന്ന തീരുമാനം പിന്നാലെ പ്രതീക്ഷിക്കാം. പെട്ടെന്നു തീരുമാനമുണ്ടാവുമെങ്കിൽ അപേക്ഷയിൽ എത്ര ബഹു. എഴുതാനും ജനത്തിനു മടി കാണില്ല. ലക്ഷക്കണക്കിന് അപേക്ഷകളാണ് ഫയലുകളായി സെക്രട്ടേറിയറ്റ്തൊട്ട് താഴേക്കുള്ള എണ്ണമറ്റ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നത്. ഓരോ ഫയലിലും ഓരോ ജീവിതം മാത്രമല്ല പല ഫയലുകൾക്കിടയിലും പാമ്പുകളുമുണ്ട്. ബഹു. ചേർത്തെഴുതിയ ഫയലുകൾക്കിടയിലെ പാമ്പുകളെ ‘ബഹു.പാമ്പ്’ എന്നു സംബോധന ചെയ്യേണ്ടി വരുമോയെന്നു സംശയിക്കണം. ബഹു. പരനാറി, ബഹു. കുലംകുത്തി, ബഹു. നികൃഷ്‌ടജീവി എന്നിങ്ങനെ ബഹുമതികൾ പരിഷ്കരിക്കുന്നതും സംഭവിച്ചുകൂടായ്കയില്ല. സാംസ്‌കാരിക കേരളം ‘ബഹു.’വിനു മുൻപും പിൻപും എന്ന വിഷയത്തിൽ കോൺക്ലേവ് നടത്താൻ മന്ത്രി സജി ചെറിയാനെ ഏൽപിച്ചാലും മോശം വരില്ല.
നടപ്പില്ല എന്നു കരുതിയ പല സംഗതികളും തുടർഭരണത്തിൽ സാധ്യമായെന്ന ബഹു. മുഖ്യമന്ത്രിയുടെ പട്ടികയിൽ ‘ബഹുമാനപ്പെട്ട ഭരണപരിഷ്കാരം’ കൂടി ചേർക്കാനും ഒട്ടും അമാന്തിക്കേണ്ടതില്ല.
സിപിഐ എന്ന പവനായി
എന്തെല്ലാമായിരുന്നു സിപിഐയുടെ ആലപ്പുഴയിലെ സംസ്‌ഥാന സമ്മേളനകാലത്തെ തലക്കെട്ടുകൾ. പൊലീസ് ഇടിമുറി അംഗീകരിക്കില്ല, അടിസ്ഥാനവർഗത്തെ സർക്കാർ മറന്നു, അച്യുതമേനോനെയും പികെവിയെയും സിപിഎം അവഗണിച്ചു, അയ്യപ്പസംഗമം ഇടതുനയമല്ല, കേന്ദ്രം കേരളത്തോടു ചെയ്യുന്നത് സിപിഎം സിപിഐയോടു ചെയ്യുന്നു, നവകേരള സദസ്സ് ജനത്തെ അകറ്റി... എന്നു വേണ്ട സമ്മേളനം കഴിഞ്ഞാൽ സിപിഎമ്മിനെ ഹിംസിച്ചുകളയുമോ എന്നുപോലും സംശയിച്ചു നാടു നടുങ്ങിപ്പോയിരുന്നു.Kerala Forest Act amendment, Wildlife Protection Act Kerala, Forest officer powers Kerala, Sandalwood cultivation Kerala, Man-animal conflict Kerala, Forest land rights Kerala, Malayala Manorama Online News, Wildlife attacks Kerala, Agricultural land protection Kerala, Kerala farmers issues, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
ഒടുവിൽ പവനായി വീണ്ടും ശവമായി. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ സിപിഐ എന്ന വാക്കുപോലും പറയാതെ അവഗണനയുടെ ചരിത്രപരമായ കടമ തുടർന്നു.
സിപിഐയുടെ മന്ത്രി വിളിച്ചിട്ട് ഫോൺ എടുക്കുകപോലും ചെയ്യാത്ത എഡിജിപി അടക്കമുള്ള പൊലീസ് സംവിധാനത്തിനു കയ്യടിച്ച് റിപ്പോർട്ട് തയാറാക്കി പാർട്ടിയും പിരിഞ്ഞു. ‘വേറിട്ട പാർട്ടി’ എന്നു വീർപ്പുപിടിച്ച് ‘വെറുമൊരു പാർട്ടി’ എന്നു ചുരുങ്ങാറുള്ള ശീലായ്മ ഒരു മാറ്റവുമില്ലാതെ തുടർന്നു. പാരമ്പര്യം കാത്തുസൂക്ഷിച്ചു എന്നതിൽ അഭിമാനിക്കാൻ മടി വേണ്ട.
സംസ്ഥാന ഭരണത്തിലോ ഇടതുമുന്നണിയിലോ പാർട്ടിയുടെ നിലവിലുള്ള അവസ്‌ഥയ്ക്ക് ഈ സമ്മേളനത്തോടെ എന്തെങ്കിലും മാറ്റം വരുമെന്നു സിപിഐയുടെ ഒറ്റപ്രവർത്തകനും കരുതാനിടയില്ല. ചന്ദ്രപ്പനും വെളിയവും തൊട്ട് കാനം രാജേന്ദ്രൻ വരെയുള്ള നേതാക്കൾ സിപിഎമ്മിന്റെ അപമാനം സഹിക്കാനാവാതെയും ആത്മരോഷം അടക്കാനാവാതെയും ചിലപ്പോഴൊക്കെ ഓങ്ങുന്നതായി നടിച്ച് ഒതുങ്ങുന്നതായിരുന്നു രീതി. ഓങ്ങാൻപോലും ഒരുങ്ങാത്ത ‘ഈസ് ഓഫ് ഡൂയിങ് ബിസിനസാണ്’ ബിനോയിയുടെ അടവുനയം.
പ്രാധാന്യവും ശക്തിയും ക്ഷയിക്കുന്നതിന്റെ പങ്കപ്പാടുകൾ ഉണ്ടെങ്കിലും ഒറ്റയ്ക്കുനിന്നാൽ അധികാരത്തിന്റെ മധുരം എത്തിപ്പിടിക്കാനുള്ള കരുത്തൊന്നും പാർട്ടിക്കില്ലെന്നു നേതാക്കളെപ്പോലെ തിരിച്ചറിയുന്നവർ വേറെയുണ്ടാവില്ല. തിരുവനന്തപുരത്ത് ഓഫിസിനായി സിപിഎം മാളിക പണിതപ്പോൾ സംസ്‌ഥാന ഓഫിസ് മോശമല്ലാത്ത രീതിയിൽ പുനർനിർമിക്കാൻ സിപിഐക്കും അവസരം ലഭിച്ചു. അധികാരത്തിന്റെ ആളോഹരി പലവഴിക്കും വരും. ‘ഒത്തുതീർപ്പിന്റെ ഇരുതലക്കത്തിയിൽ ഇറ്റും ദയാമൃതം സൂക്ഷിച്ചു നക്കുക’ എന്ന കവിതയ്ക്ക് എന്തെല്ലാം മാനങ്ങളുണ്ട്.
ആദ്യവാക്ക്, അവസാനവാക്ക്
തർക്കിക്കാനൊന്നും സണ്ണി വക്കീൽ പോയില്ല. കെപിസിസിക്ക് ഔദ്യോഗിക സോഷ്യൽ മീഡിയ സംവിധാനമുള്ള കാര്യം തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞതോടെ താൻ ആദ്യം പറഞ്ഞതു പിൻവലിക്കാൻ സണ്ണിക്ക് ഒരു മടിയും ഉണ്ടായില്ല.
ബിഹാറിനെ ബീഡിയോടു കൂട്ടിക്കെട്ടിയ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതോടെയാണ്, വി.ടി.ബൽറാം കെപിസിസിയുടെ ഡിജിറ്റൽ മീഡിയ ചുമതലയിൽനിന്ന് ഒഴിഞ്ഞെന്നു സണ്ണി ആദ്യം പറഞ്ഞതും പിന്നാലെ മുന്നണി കൺവീനർ അടൂർ പ്രകാശ് അതു ശരിവച്ചതും. സതീശനുണ്ടോ പക്ഷേ, സമ്മതിക്കുന്നു. സണ്ണിയുടെ സ്ഥാനത്ത് കെ.സുധാകരനോ മറ്റോ ആയിരുന്നെങ്കിൽ എന്തായിരുന്നേനെ പുകില് എന്നായിരിക്കും കോൺഗ്രസുകാർ ഇപ്പോൾ ആശ്വസിക്കുക. പിണറായിയുടെ അടുത്തിരുന്ന് ഓണസദ്യ കഴിച്ചതു സതീശനാണെങ്കിലും ദഹിക്കാഞ്ഞതു സുധാകരനാണ് എന്നോർക്കണം.
ആർഎസ്എസുമായി സിപിഎം പണ്ട് യോജിച്ചിരുന്നു എന്നു പറഞ്ഞ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെ പിണറായി വിജയൻ തിരുത്തി, ‘താൻ പറയുന്നതാണ് പാർട്ടി നിലപാട്’ എന്ന നിലപാടെടുത്തതോടെ ഗോവിന്ദൻ കീഴടങ്ങിയത് ഓർമ വരുന്നു. സതീശനും പിണറായിക്കു പഠിക്കുന്നതായി സണ്ണി വക്കീൽ ഏതായാലും പറയില്ല.
സ്‌റ്റോപ് പ്രസ്
‘ചിലതു പറയാൻ തോന്നുന്നുണ്ട്; പക്ഷേ, പറയാതിരിക്കുകയാണ്’ എന്ന് പാലക്കാട് വ്യവസായ കോൺക്ലേവിൽ ജനപങ്കാളിത്തം കുറഞ്ഞതിനെപ്പറ്റി മുഖ്യമന്ത്രി.
സ്‌റ്റേഷനുകളിലെ പൊലീസ് മർദനത്തിന്റെ ക്യാമറാദൃശ്യങ്ങൾ കാണുന്ന ജനത്തിനും അതേ പറയാനുള്ളൂ. English Summary:
Nottam: Malayalam news article explores the concept of respect and political satire in Kerala. The article dives into the nuances of governance and the current political scenario with a humorous lens. It touches upon various political figures and events, offering a unique perspective on the state\“s affairs. |