മലയാളക്കരയിൽ ആദ്യമായി ഒരു ട്രെയിൻ ഓടിയ പാതയാണ് തിരൂർ – ബേപ്പൂർ പാത. മലബാറിൽനിന്നു ചെന്നൈ വരെ നീളുന്ന ഒരു റെയിൽവേ ലൈൻ നിർമിക്കാൻ ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചു. മദ്രാസ് റെയിൽവേ കമ്പനിക്കായിരുന്നു നിർമാണച്ചുമതല. മദ്രാസ് – ബേപ്പൂർ ട്രങ്ക് ലൈനിന്റെ പടിഞ്ഞാറൻ ഭാഗമായാണ് ഈ പാതയെ കണക്കാക്കിയത്. 1850കളിൽ പാളം നിർമിക്കാൻ തുടങ്ങി. ബ്രിട്ടനിൽ നിർമിച്ച റെയിൽ പാളങ്ങളും ആവി എൻജിനുകളും കോച്ചുകളും ബോയിലറുകളും മറ്റു യന്ത്രങ്ങളുമെല്ലാം കപ്പലുകളിലാണ് ഇവിടെയെത്തിച്ചത്.
ഒരേ സമയം ബേപ്പൂർ തുറമുഖത്തും പൊന്നാനി തുറമുഖത്തും ഇവയെത്തിച്ചു. പൊന്നാനിയിൽ എത്തിച്ചവ വലിയ വള്ളങ്ങളിലാക്കി തിരൂർ പുഴയിലൂടെയാണ് കൊണ്ടുവന്നത്. ഇവ ഇറക്കിവച്ച സ്ഥലത്തുനിന്ന് വടക്കോട്ട് പാളമിട്ടു തുടങ്ങി. ബേപ്പൂരിൽനിന്ന് തെക്കോട്ടും പണി തുടങ്ങി. ഏതാണ്ട് 8 വർഷക്കാലമാണ് പണി നടന്നത്. അങ്ങനെ 1861 മാർച്ച് 12ന് തിരൂർ – ബേപ്പൂർ പാതയിലൂടെ ആദ്യ ട്രെയിൻ ചൂളം വിളിച്ചോടി. നീരാവി തുപ്പി കടന്നുപോയ ട്രെയിൻ കണ്ട് ഭയന്നുപോയ നാട്ടുകാരുണ്ട്. 19 മൈൽ ആയിരുന്നു പാതയുടെ നീളം.
മദ്രാസ് റെയിൽവേ കമ്പനി നിർമാണം നിർത്തിയിരുന്നില്ല. പാളം വീണ്ടും തെക്കോട്ടു നീണ്ടു. അങ്ങനെ 1861 മേയ് ഒന്നിന് തിരൂർ – കുറ്റിപ്പുറം പാതയും, 1862 സെപ്റ്റംബർ 23ന് കുറ്റിപ്പുറം – പട്ടാമ്പി പാതയും തുറന്നു. മറ്റൊരു വഴിക്ക് പണി പൂർത്തിയാക്കിയ പട്ടാമ്പി – പോത്തനൂർ റെയിൽവേ പാത അക്കൊല്ലം ഏപ്രിൽ 14നും തുറന്നിരുന്നു. ഓരോ ഭാഗത്തിനുമുള്ള കൃത്യമായ നിർമാണച്ചെലവിന്റെ രേഖകൾ ലഭ്യമല്ല. 400 മൈലിലേറെ വരുന്ന മദ്രാസ് – ബേപ്പൂർ ലൈനിനു വേണ്ടി ആകെ വന്ന ചെലവ് 13 മുതൽ 14 ലക്ഷം പൗണ്ട് വരെയാണെന്നാണു വിവരം. ഇന്ത്യയിലെ റെയിൽവേ വികസനത്തെ കുറിച്ച് ബ്രിട്ടിഷ് എൻജിനീയറായിരുന്ന എഡ്വേഡ് ഡേവിഡ്സൺ എഴുതിയ ദ് റെയിൽവേസ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ തിരൂർ – ബേപ്പൂർ പാതയെക്കുറിച്ചുള്ള പരാമർശമുണ്ട്. ബംഗാൾ ഗവൺമെന്റിനു കീഴിൽ റെയിൽവേ ഡപ്യൂട്ടി കൺസൽറ്റിങ് എൻജിനീയറായിരുന്ന അദ്ദേഹം മദ്രാസ് റെയിൽവേ കമ്പനിയുടെ എൻജിനീയറായും പ്രവർത്തിച്ചിരുന്നു.Nilambur history, Shoranur Nilambur railway line, Madras Governor Nilambur visit, British era Malabar, Malabar collector office, 1927 Nilambur inauguration, Malayala Manorama Online News, Nilambur railway history, George Goschen Madras Governor, Nilambur hunting, malabar history, nilambur news, governor hunting
ബ്രിട്ടിഷുകാരന്റെ തീവണ്ടിതന്ത്രം
മരവും സുഗന്ധവ്യഞ്ജനവും കാർഷികോൽപന്നങ്ങളും ബ്രിട്ടനിലേക്കു കടത്താനാണു റെയിൽപാത നിർമിച്ചത്. ബേപ്പൂരിലെ തുറമുഖമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും നിലമ്പൂരിലെയും കൃഷിസ്ഥലങ്ങളിൽനിന്നുള്ള ഉൽപന്നങ്ങളും മറ്റും പുഴകളിലൂടെ തിരൂരിലേക്കു കൊണ്ടുവന്നു. ഇവയെല്ലാം ട്രെയിനിൽ കയറ്റി ബേപ്പൂരിലെത്തിച്ചു. അവിടെനിന്നു കപ്പലിൽ ബ്രിട്ടനിലേക്കും. മലബാറുമായി നേരിട്ടൊരു ബന്ധമുണ്ടാക്കുകയും ലക്ഷ്യമായിരുന്നു.
പിന്നീട് കോഴിക്കോട് വാണിജ്യകേന്ദ്രമായി വളർന്നപ്പോൾ ബേപ്പൂരിൽനിന്നു ലൈൻ മാറ്റി കോഴിക്കോട്ടേക്കു നീട്ടി. അങ്ങനെ പടിഞ്ഞാറൻ ടെർമിനസ് കോഴിക്കോടായി മാറി. കോഴിക്കോട്ടുനിന്ന് ചെന്നൈ വരെ നീണ്ട ലൈൻ പിന്നീട് യാത്രയ്ക്കായും ഉപയോഗിച്ചു തുടങ്ങി. ബേപ്പൂർ – മദ്രാസ് പാത നിർമാണം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാനത്തിന്റെ തെക്കുഭാഗത്ത് റെയിൽവേ പാളങ്ങൾ നിർമിച്ചത്.
പൊളിച്ചുനീക്കി, ആ ചരിത്രകെട്ടിടം
സംസ്ഥാനത്തെ ഏറ്റവും പഴയ റെയിൽവേ കെട്ടിടം ഒരാഴ്ച മുൻപുവരെ തിരൂരിലുണ്ടായിരുന്നു. തിരൂർ – ബേപ്പൂർ റെയിൽവേ ലൈൻ നിർമാണം നടക്കുമ്പോൾ ചുമതലയുണ്ടായിരുന്ന സായിപ്പും കുടുംബവും താമസിച്ചിരുന്ന കെട്ടിടമാണിത്. അമൃത് ഭാരത് നവീകരണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് ഈ കെട്ടിടം പൊളിച്ചത്. ഇവിടെ പുതിയ റെയിൽവേ ക്വാർട്ടേഴ്സ് നിർമിക്കുമെന്നാണു സൂചന. എസ്ആർ 20 എന്ന നമ്പറിട്ട കെട്ടിടത്തിൽ സായിപ്പിനു ശേഷവും ഒട്ടേറെ റെയിൽവേ ഉദ്യോഗസ്ഥർ താമസിച്ചിരുന്നു. ഇതിനിടെ കെട്ടിടത്തിനും ചില മാറ്റങ്ങൾ വന്നു.
കെ.എം.എസ്.ഭട്ടതിരിപ്പാടും ഈ കെട്ടിടത്തിൽ താമസിച്ചിട്ടുണ്ട്. 1975 – 88 വരെ തിരൂരിൽ പെർമനന്റ് വേ ഇൻസ്പെക്ടറായിട്ടായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഇക്കാലത്ത് ഇവിടെയുണ്ടായിരുന്ന പ്രായം ചെന്നവരാണ് അദ്ദേഹത്തോട് ഈ കെട്ടിടത്തെയും ഇവിടെ താമസിച്ചിരുന്ന സായിപ്പിനെയും കുറിച്ച് പറഞ്ഞിരുന്നത്. തന്റെ 85–ാം വയസ്സിലും ഇക്കാര്യങ്ങൾ അദ്ദേഹത്തിന് നല്ല ഓർമയുണ്ട്. തിരൂർ – ബേപ്പൂർ പാതയെ കുറിച്ചും അദ്ദേഹത്തിന് ഏറെ പറയാനുണ്ട്.
എൻജിനീയറായി വേഷമിട്ട സായിപ്പ്
തിരൂരിൽനിന്ന് മദ്രാസിലേക്ക് റെയിൽവേ ലൈൻ നീട്ടുന്ന തിരക്കിലായിരുന്നു ബ്രിട്ടിഷ് സർക്കാർ. ഇതിനിടെ മദ്രാസ് റെയിൽവേ കമ്പനിയുടെ എൻജിനീയർ സ്ഥലംമാറിപ്പോയി. പകരം ഈസ്റ്റ് ഇന്ത്യ കമ്പനി മറ്റൊരു എൻജിനീയറെ ലണ്ടനിൽനിന്ന് അയച്ചു. സഹായിയായി മറ്റൊരു സായിപ്പും കൂടെയുണ്ടായിരുന്നു. എന്നാൽ കപ്പലിലുള്ള യാത്രയ്ക്കിടെ എൻജിനീയർ മരിച്ചു. കടലിൽ തന്നെ സംസ്കരിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയിൽ വന്നിറങ്ങിയ സായിപ്പ് യഥാർഥ എൻജിനീയറുടെ നിയമന ഉത്തരവുമായി വന്ന് എൻജിനീയർ താനാണെന്നു പറഞ്ഞ് ജോലിയിൽ പ്രവേശിച്ചു. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന എൻജിനീയർ വ്യാജനാണെന്ന് ആർക്കും മനസ്സിലായതുമില്ല. പ്രവൃത്തികൾ നടത്തേണ്ടി വന്നാൽ കാര്യങ്ങൾ അറിയിക്കാമെന്നു പറഞ്ഞ് ജോലിക്കാരെ മടക്കുകയായിരുന്നു ചെയ്തിരുന്നത്.
തുടർന്ന് മറ്റു സെക‍്ഷനിലെ എൻജിനീയർമാരെ വിശേഷങ്ങൾ ചോദിക്കാനെന്ന വ്യാജേന വിളിക്കും. കൂട്ടത്തിൽ പ്രവൃത്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ചോദിക്കും. അതു മനസ്സിലാക്കി ജോലിക്കാർക്കു വേണ്ട നിർദേശങ്ങളും നൽകും. ഇതിനിടെ യഥാർഥ എൻജിനീയറുടെ വിവരങ്ങൾ ലഭിക്കാതെ കുടുംബം ഈസ്റ്റ് ഇന്ത്യ കമ്പനിക്കു പരാതി നൽകി. ഇതോടെ അന്വേഷണമായി. ചെന്നൈയിൽനിന്നു 3 പേർ സ്ഥലത്തെത്തിയതോടെ കള്ളി പൊളിഞ്ഞു. തുടർന്ന് വ്യാജ എൻജിനീയറെ ലണ്ടനിലേക്കു മടക്കി അയച്ചുവെന്ന് റെയിൽവേയിൽനിന്ന് അസി. ഡിവിഷനൽ എൻജിനീയറായി പിരിഞ്ഞ കെ.എം.എസ്.ഭട്ടതിരിപ്പാട് പറയുന്നു. അദ്ദേഹം റെയിൽവേയിൽ ജോലി ചെയ്യുന്നതിനിടെ കേട്ട കഥകളിലൊന്നാണിത്. English Summary:
Tirur-Beypore Railway Line marks the beginning of railway history in Kerala. The railway line facilitated the transportation of goods and connected Malabar to Madras, significantly impacting trade and infrastructure. However, historical buildings associated with the railway line are now being demolished to pave the way for new constructions.  |