കയ്റോ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വച്ച ഗാസ സമാധാന പദ്ധതി നിർദേശത്തോടു പ്രതികരിക്കാൻ ഹമാസ് ആഭ്യന്തര വിശകലനം നടത്തുമ്പോൾ, ശുഭവാർത്ത ആഗ്രഹിക്കുന്ന പശ്ചിമേഷ്യ അതിനുള്ള ഒരുക്കത്തിലുമാണ്. വെടിനിർത്തലുകൾ പാളിയ മുൻകാല ചരിത്രമുള്ളതിനാൽ, സമാധാനത്തിനുള്ള എല്ലാ പിന്തുണയും ഉറപ്പാക്കാനാണ് അറബ് ലോകത്തിന്റെയും ആഗോളസമൂഹത്തിന്റെയും തീവ്ര ശ്രമം.
- Also Read ‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം’; യുഎസ് സർക്കാർ ഷട്ട്ഡൗണിലേക്കു നീങ്ങുകയാണെന്നു ട്രംപ്
സമാധാന പദ്ധതിയിൽ അഭിപ്രായം അറിയിക്കുന്നതിനുമുൻപ് ഹമാസിന് വിവിധ പലസ്തീൻ വിഭാഗങ്ങളുമായും ചർച്ച നടത്താനുണ്ട്. പലസ്തീന് അകത്തും പുറത്തുമായി ഹമാസിനുള്ള രാഷ്ട്രീയ, സേനാവിഭാഗ നേതാക്കളുമായി ഇക്കാര്യത്തിൽ ചർച്ചയ്ക്ക് ദിവസങ്ങളെടുത്തേക്കുമെന്ന് ഹമാസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹമാസ് പിന്തുടരുന്ന ആശയവിനിമയ രീതികൾക്ക് സങ്കീർണ സ്വഭാവമുള്ളതിനാലാണത്.
ഗാസയെ ‘തീവ്ര ആശയങ്ങളില്ലാത്ത ഭീകരമുക്ത മേഖല’ ആക്കുമെന്നാണ് ട്രംപിന്റെ സമാധാന പദ്ധതിയിലെ 20 വ്യവസ്ഥകളിലൊന്ന്. ഗാസയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുതകുംവിധമുള്ള വികസനപദ്ധതികൾ കൊണ്ടുവരുമെന്നതാണു മറ്റൊന്ന്. ഇസ്രയേൽ ഗാസ പിടിച്ചെടുക്കില്ല. ഹമാസ് കൂടി വ്യവസ്ഥകൾ അംഗീകരിച്ചാൽ യുദ്ധം ആ നിമിഷം അവസാനിക്കും; തുടർന്ന് ഘട്ടം ഘട്ടമായി ഇസ്രയേൽ സേനയുടെ പിന്മാറ്റം.
- Also Read ഗാസ സമാധാന പദ്ധതിക്ക് പിന്തുണയുമായി യുഎഇ; ട്രംപിന്റെ 20 ഇന ഫോർമുലയെ സ്വാഗതം ചെയ്ത് സൗദി ഉൾപ്പെടെ എട്ട് രാജ്യങ്ങൾ
ജീവിച്ചിരിക്കുന്നതും മരിച്ചതുമായ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കും. ഹമാസ് അംഗങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ അഭയം ആവശ്യമെങ്കിൽ സഹായം നൽകും. ജനങ്ങൾക്കുള്ള മരുന്ന്, ആഹാരം ഉൾപ്പെടെ എല്ലാ സഹായവിതരണവും യുഎന്നും റെഡ് ക്രസന്റും വഴി ഉടനടി ആരംഭിക്കും. ഗാന പുനർനിർമാണത്തിനായി ട്രംപിന്റെ സാമ്പത്തിക പദ്ധതി നടപ്പാക്കും. ഉദാരമായ വ്യാപാര വ്യവസ്ഥകളുമായി പ്രത്യേക സാമ്പത്തിക മേഖല സൃഷ്ടിക്കും.
ഗാസയിലെ ജനങ്ങൾക്ക് അവിടെ തുടരുകയോ വേറെ രാജ്യങ്ങളിലേക്കു മാറുകയോ തിരികെ വരികയോ ആകാം. നിർബന്ധിച്ച് ആരെയും പുറത്താക്കില്ല. സമാധാന വ്യവസ്ഥകൾ ഹമാസ് പാലിക്കുന്നുണ്ടെന്ന് മേഖലയിലെ മറ്റു രാജ്യങ്ങൾ ഉറപ്പാക്കണം. സമാധാനപരമായ രാഷ്ട്രീയ ഭാവിക്കായി ഇസ്രയേലും പലസ്തീനും തമ്മിലുള്ള ചർച്ചയ്ക്ക് യുഎസ് നേതൃത്വം നൽകും. ട്രംപിന്റെ സമാധാന പദ്ധതിയുടെ വിശദാംശങ്ങൾ ഹമാസിനു കൈമാറിയത് ഖത്തറും ഈജിപ്തും ചേർന്നാണ്.
- Also Read ഇറാനെ ഒറ്റപ്പെടുത്താൻ ട്രംപ് നീക്കം: ഇന്ത്യയുടെ ചബഹാർ പദ്ധതിക്ക് തിരിച്ചടി; ഇളവുകൾ പിൻവലിച്ച് യുഎസ്
ഗാസ സമാധാന സേനയിൽ പാക്കിസ്ഥാനും
ഗാസ സമാധാനപദ്ധതി വ്യവസ്ഥയനുസരിച്ച് രാജ്യാന്തര സുരക്ഷാസേന ഗാസയെ ഏറ്റെടുക്കും. ക്രമസമാധാനപാലനത്തിനായി പലസ്തീൻ പൊലീസിനു വേണ്ട പരിശീലനം നൽകുന്നത് ഈ രാജ്യാന്തര സേനയാകും. ആയിരക്കണക്കിന് പലസ്തീൻ പൊലീസ് സേനാംഗങ്ങൾക്കു പരിശീലനം നൽകി വരുന്നതായി ഈജിപ്ത് പറഞ്ഞു.
ട്രംപിന്റെ പദ്ധതി വിജയിച്ചാൽ ഗാസയിലെ സമാധാന സേനയുടെ ഭാഗമാകാൻ പാക്കിസ്ഥാൻ സേനയുമുണ്ടാകുമെന്നാണു സൂചന. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് പാക്ക് വിദേശകാര്യമന്ത്രി ഇഷഖ് ദാർ പറഞ്ഞു. ഇന്തൊനീഷ്യ 20,000 സൈനികരെ അയയ്ക്കാമെന്ന് സമ്മതിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
ഖത്തർ, യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, തുർക്കി, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം പാക്കിസ്ഥാനും ചേർന്നാണ് ട്രംപ് പദ്ധതിയെ പിന്തുണച്ചുള്ള സംയുക്ത പ്രസ്താവനയിറക്കിയത്. യുദ്ധം അവസാനിപ്പിക്കാൻ യുഎസുമായി ചേർന്നു പ്രവർത്തിക്കുമെന്നും ഈ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങൾക്ക് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കാനാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. English Summary:
Trump\“s Gaza Initiative: World Pins Hopes on Trump\“s Gaza Peace Plan as Hamas Considers Response |