ന്യൂഡൽഹി ∙ ജനവാസ മേഖലയിലെ ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി നിലനിർത്തണമെന്നു വീണ്ടും ആവശ്യപ്പെട്ട കേരള സർക്കാർ, ഇതുസംബന്ധിച്ചു പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ച് പുതിയ സത്യവാങ്മൂലം നൽകി.
- Also Read കേരള ലോട്ടറിയുടെ വ്യാജ ഓൺലൈൻ വിൽപനയുമായി തട്ടിപ്പുകാർ
ഐഐടികൾക്കും സിഎസ്ഐആറുകൾക്കും കീഴിലെ വിദഗ്ധരുൾപ്പെട്ട 7 അംഗ സമിതി നൽകിയ റിപ്പോർട്ട് ‘തീർത്തും അശാസ്ത്രീയ’മെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഇതു പരിഗണിച്ചു ദൂരപരിധി 50 മീറ്ററായി നിലനിർത്തണമെന്നും ദേശീയ ഹരിത ട്രൈബ്യൂണലിനു നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
സത്യവാങ്മൂലത്തിൽ നിന്ന്: ‘പരിശോധന നടന്ന 2022–23 കാലത്ത് കേരളത്തിൽ 497 ക്വാറികൾ ഉണ്ടെന്നിരിക്കെ 9 ക്വാറികളുടെ സാഹചര്യം മാത്രം കണക്കിലെടുത്താണ് മൊത്തം സ്ഥിതി വിലയിരുത്തിയത്. കുറഞ്ഞത് 23 ക്വാറികളിലെയെങ്കിലും സ്ഥിതി പരിഗണിക്കണമായിരുന്നു. ഏറ്റവും കൂടുതൽ ക്വാറികൾ പ്രവർത്തിക്കുന്ന മലപ്പുറം (130), കോഴിക്കോട് (69), കണ്ണൂർ (54), തൃശൂർ (25) ജില്ലകളെ പൂർണമായും ഒഴിവാക്കി.
ദൂരപരിധി കൂടുതൽ കർശനമാക്കേണ്ടതില്ലെന്നു വ്യക്തമാക്കുന്നതാണ് നേരിട്ടുള്ള വാദം കേൾക്കലിലെയും സർവേയിലെയും ഫലമെന്നും സത്യവാങ്മൂലത്തിലുണ്ട്. ദൂരപരിധി വർധിപ്പിക്കേണ്ടതുണ്ടെന്നു വരുത്താൻ സമിതി കാര്യങ്ങളെ പെരുപ്പിച്ചു കാണിച്ചെന്ന ആരോപണവുണ്ട്. ക്വാറികളിൽ നിന്നുള്ള പ്രകമ്പനവും മാലിന്യവും കുറയ്ക്കാനുള്ള വഴികളെക്കുറിച്ചു റിപ്പോർട്ടിൽ പറയുന്നതേയില്ല. അതുകൊണ്ട് റിപ്പോർട്ട് തള്ളണമെന്നും 50 മീറ്റർ ദൂരപരിധി പുനഃസ്ഥാപിക്കണമെന്നുമാണ് റിപ്പോർട്ടിലുള്ളത്.
എന്താണ് കേസ്?
ജനവാസ മേഖലകളിൽ നിന്നു കരിങ്കൽ ക്വാറികളുടെ ദൂരപരിധി സംസ്ഥാന സർക്കാർ 50 മീറ്റർ ആക്കിയത് ദേശീയ ഹരിത ട്രൈബ്യൂണൽ 200 മീറ്റർ ആക്കി വർധിപ്പിച്ചിരുന്നു. പാലക്കാട് കിഴക്കഞ്ചേരിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ക്വാറി പ്രവർത്തനം ചൂണ്ടിക്കാട്ടി എം. ഹരിദാസൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഇത്. ഇതിനെതിരെ സംസ്ഥാന സർക്കാരും ക്വാറി ഉടമകളും സുപ്രീം കോടതിയെ സമീപിച്ചു.
ട്രൈബ്യൂണലിന്റെ നിലപാട് അംഗീകരിച്ച സുപ്രീം കോടതി 50 മീറ്റർ ദൂരപരിധി തുടരാൻ അനുവദിച്ചു. ഒപ്പം, വിഷയത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചു പഠിക്കാനും നിർദേശിച്ചു. കരിങ്കൽ ക്വാറികളുടെ സ്ഫോടന മേഖല വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും 150 മീറ്റർ അകലെയായിരിക്കണമെന്ന 2023ലെ വിദഗ്ധ സമിതി റിപ്പോർട്ടിനെയാണ് കേരളം ചോദ്യം ചെയ്യുന്നത്. English Summary:
Kerala Government\“s Stance: 50-Meter Quarry Limit Sufficient for Residential Areas |
|