LHC0088 • 2025-10-28 09:00:09 • views 1239
ശബരിമല ∙ 1998ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ശബരിമല ശ്രീകോവിലിനൊപ്പം ദാരുശിൽപങ്ങളും സ്വർണം പൊതിഞ്ഞു നൽകിയെന്നു വ്യക്തമായി. 30.3 കിലോഗ്രാം സ്വർണവും 1900 കിലോ ചെമ്പും ഉപയോഗിച്ചാണു ശ്രീകോവിലും മേൽക്കൂരയും ദാരുശിൽപവും പൊതിഞ്ഞത്. 18 കോടി രൂപയായിരുന്നു ചെലവ്. ദാരുശിൽപത്തിൽ സ്വർണം പൊതിയുന്ന ജോലികൾ 1999ൽ പൂർത്തിയായെന്നു സൂചിപ്പിക്കുന്ന കത്തു ലഭിച്ചിട്ടുണ്ട്.
- Also Read കേരള ലോട്ടറിയുടെ വ്യാജ ഓൺലൈൻ വിൽപനയുമായി തട്ടിപ്പുകാർ
ദ്വാരപാലക ശിൽപത്തിന്റെ നിറം മങ്ങിയപ്പോഴാണു സ്വർണം പൂശി നൽകാൻ 2019ൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്കു ദേവസ്വം ബോർഡ് അനുമതി നൽകിയത്. ശബരിമലയിലെ മിക്കവാറും നിർമാണങ്ങളും സ്പോൺസർമാർ മുഖേനയാണ്. അങ്ങനെയാണ് ഉണ്ണിക്കൃഷ്ണനെ സമീപിച്ചത്.
സന്നിധാനത്തു പരമ്പരാഗതശൈലിയിൽ നടത്തിയ പണിയിലൂടെയാണ് വിജയ് മല്യ ശ്രീകോവിൽ സ്വർണം പൊതിഞ്ഞു നൽകിയത്. ചെന്നൈ മൈലാപ്പൂർ ജെഎൻആർ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തിലുള്ള പണികളിൽ തമിഴ്നാട്ടിൽനിന്നുള്ള 53 ശിൽപികൾ ഏർപ്പെട്ടിരുന്നു.
ആദ്യം ചെമ്പു പൊതിഞ്ഞശേഷം ഒട്ടകത്തിന്റെ തോൽ ഉപയോഗിച്ചു നിർമിച്ച ബുക്കിൽ 200 ഗ്രാം സ്വർണം ഓരോ താളിലും വച്ച് 5000 തവണ ചുറ്റിക ഉപയോഗിച്ച് അടിച്ചുപരത്തി പാളിയാക്കി. വീണ്ടും അടിച്ചുപരത്തി കടലാസിനെക്കാൾ കട്ടി കുറച്ച് മെർക്കുറി ഉപയോഗിച്ചു ചെമ്പുപാളികളിൽ ഒട്ടിച്ചാണു സ്വർണം പൊതിഞ്ഞത്.
2019ൽ ദാരുശിൽപത്തിൽനിന്ന് അറ്റകുറ്റപ്പണിക്കായി പാളികൾ ഇളക്കിയെടുത്തപ്പോൾ ദേവസ്വം രേഖപ്പെടുത്തിയ മഹസറിൽ ചെമ്പുപാളികളെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. 42.8 കിലോ തൂക്കമുണ്ടായിരുന്ന പാളികൾ വീണ്ടും സ്വർണം പൂശി തിരികെയെത്തിച്ചപ്പോൾ 4.41 കിലോ കുറഞ്ഞതായും രേഖകളിലുണ്ട്. അന്നു സ്വർണംപൂശൽ സ്പോൺസർ ചെയ്ത ഉണ്ണിക്കൃഷ്ണൻ പോറ്റിയും തനിക്കു ലഭിച്ചതു ചെമ്പുപാളികളാണെന്നു വിജിലൻസിനു മൊഴി നൽകിയിരുന്നു. അതിന്റെ മുകളിൽ സ്വർണം പൂശിയിരുന്നു.
2019ൽ 14 ചെമ്പുപാളികളാണ് ഉണ്ടായിരുന്നത്. അതിലെ സ്വർണത്തിന്റെ അളവ് 397 ഗ്രാം. ചെമ്പുപാളികളിൽ അരക്കും കമ്പിയും ഉണ്ടായിരുന്നു. അതു നീക്കി വൃത്തിയാക്കിയാണ് ചെന്നൈയിലെ സ്മാർട് ക്രിയേഷനിൽ ഇലക്ട്രോപ്ലേറ്റിങ്ങിലൂടെ സ്വർണം പൂശിയതെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയിലുണ്ട്.
സ്വർണം പൂശാനായി ചെമ്പുപാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൊടുത്തുവിടുമ്പോൾ കെ.എസ്.ബൈജുവായിരുന്നു തിരുവാഭരണം കമ്മിഷണർ. ഏതാനും മാസത്തിനകം അദ്ദേഹം വിരമിച്ചു. തുടർന്ന് ആർ.ജി.രാധാകൃഷ്ണൻ തിരുവാഭരണം കമ്മിഷണറായി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണു ചെന്നൈയിൽ പണി നടത്തിയത്. അന്ന് എ.പത്മകുമാറായിരുന്നു പ്രസിഡന്റ്.
ദ്വാരപാലകശിൽപം സ്വർണം പൊതിഞ്ഞ് നൽകിയത് 3 പേർ
ശബരിമല ∙ സന്നിധാനത്തെ ദ്വാരപാലകശിൽപം സ്വർണം പൊതിഞ്ഞു നൽകിയത് 3 പേർ ചേർന്നാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബെംഗളൂരു സ്വദേശികളുമായ രമേശ്, അനന്തസുബ്രഹ്മണ്യൻ എന്നിവരുമാണു സ്പോൺസർമാരായത്.
തിരുവനന്തപുരം സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി നേരത്തേ സന്നിധാനത്തു ശബരിമല കീഴ്ശാന്തിയുടെ സഹായിയായിട്ടുണ്ട്. ശബരിമല വിട്ടശേഷം ബെംഗളൂരുവിലേക്കു താമസം മാറി. ഉണ്ണിക്കൃഷ്ണൻ പോറ്റിയും രമേശും അനന്ത സുബ്രഹ്മണ്യനും ഒരുമിച്ച് എല്ലാവർഷവും ശബരിമല ദർശനത്തിനെത്താറുണ്ട്. English Summary:
Vijay Mallya\“s 1998 Sabarimala Gold Donation: A Legacy and Lingering Controversy |
|