പുനലൂർ ∙ മുക്കടവ് ആളുകേറാ മലയിൽ റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്നലെ പരിസരങ്ങളിൽ കാടുവെട്ടി നടത്തിയ പരിശോധനയിൽ ലഭിച്ച ഏതാനും നിർണായക തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. ഇന്നലെ കാട് വെട്ടിത്തെളിച്ചപ്പോൾ കത്തിക്കരിഞ്ഞ കാവി നിറത്തിലുള്ള കൈലിയുടെ രണ്ട് കഷണങ്ങൾ മൃതദേഹം കിടന്ന ഭാഗത്തിന് അധിക ദൂരത്തല്ലാതെ അന്വേഷണ സംഘം കണ്ടെത്തി.
ഇവിടെ നിന്നു ലഭിച്ച മറ്റു തെളിവുകളെ സംബന്ധിച്ച് പൊലീസ് കൃത്യമായ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ലഭിച്ച സാധന സാമഗ്രികൾ, പ്രതികളിലേക്കോ കൊലചെയ്യപ്പെട്ട ആളിലേക്കോ എത്തുന്ന തരത്തിൽ ബന്ധിപ്പിക്കുന്നതിന് കുറച്ചുകൂടി സമയം വേണ്ടി വരുമെന്ന് ഇന്നലെ വൈകിട്ട് മുക്കടവിലെത്തിയ അന്വേഷണ സംഘത്തലവനും പുനലൂർ പൊലീസ് സബ് ഡിവിഷന്റെ അധിക ചുമതല വഹിക്കുന്ന ഡിവൈഎസ്പിയുമായ ടി.ആർ.ജിജു പറഞ്ഞു. കൊല്ലപ്പെട്ട ആളിനെ കണ്ടെത്താനുള്ള തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്നും പറഞ്ഞു. കാട് നീക്കം ചെയ്യുമ്പോൾ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണ സംഘത്തിലെ 10 പേരെയാണ് ഇന്നലെ നിയോഗിച്ചിരുന്നത്. കാടുവെട്ടി പരിശോധന ഇന്നും തുടരും.
ഇതിനിടെ കെഎസ് അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലേക്ക് പോയ 4 അംഗം സംഘം അവിടെ അന്വേഷണം തുടരുകയാണ്. എന്നാൽ കേരളത്തിലെ സമീപ ജില്ലകളിൽ നിന്നും കാണാതായവരുടെ പട്ടിക പരിശോധിച്ച് ആ ദിശയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അസാധാരണമായ കൊലപാതകം ആയതിനാൽ കേസ് അന്വേഷണത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്.
സംശയകരമായി ചോദ്യം ചെയ്തവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥലത്തുനിന്നും അല്ലാതെയും തെളിവുകൾ കൂടി ലഭിച്ചാൽ ലക്ഷ്യത്തിൽ എത്താൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ് കേസ്. അന്വേഷണം പാളിപ്പോകാതിരിക്കാൻ പ്രധാന വിവരങ്ങൾ പൊലീസ് അതീവ രഹസ്യമായി തന്നെ സൂക്ഷിക്കുകയാണ്. എന്നാൽ ഏറ്റവും തന്ത്ര പ്രധാനമായ മുക്കടവ് ഭാഗത്ത് സിസിടിവി സ്ഥാപിക്കുന്നതിന് ഇതുവരെ നടപടി ഉണ്ടായിട്ടില്ല. English Summary:
Punalur murder case investigation intensifies following the discovery of crucial evidence near Mukkadavu. The police are exploring various angles, including missing person reports and conducting inquiries in Tamil Nadu. The investigation remains confidential to avoid any setbacks. |
|