cy520520 • 2025-10-28 09:05:55 • views 737
കോട്ടയം∙ ഭാര്യ ജെസിയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ കേസിൽ ഭർത്താവ് സാം കെ.ജോർജ് മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. കാറിനുള്ളിൽനിന്ന് വെട്ടുകത്തിയും കിട്ടി. അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം സാമുമായി (59) പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കോട്ടയം ശാസ്ത്രി റോഡിലെ ബാങ്കിന്റെ പാർക്കിങ് പ്രദേശത്തുനിന്ന് കാർ കണ്ടെത്തിയത്. കാണക്കാരി രത്നഗിരി പള്ളിക്കു സമീപത്തെ കപ്പടക്കുന്നേൽ ജെസി (49) 26നു രാത്രി വീട്ടിൽ വച്ചാണ് കൊല്ലപ്പെട്ടത്. കാണക്കാരിയിൽ ഭാര്യ ജെസിയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ കേസിൽ പ്രതി ഭർത്താവ് സാം കെ.ജോർജിനെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ. ചിത്രം: മനോരമ
വീട്ടിൽ നിന്ന് 60 കിലോമീറ്ററിലധികം അകലെ ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂപോയിന്റിൽ നിന്ന് ജെസിയുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. സാമിന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളിൽ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കൾ നഷ്ടമാകുമെന്നും കരുതിയുമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിനു 10 ദിവസം മുൻപ് ചെപ്പുകുളത്തെത്തി സാഹചര്യങ്ങൾ മനസ്സിലാക്കിയ പ്രതിയുടെ ഫോണിൽനിന്ന് വ്യൂപോയിന്റിന്റെ ഫോട്ടോകളും പൊലീസ് കണ്ടെത്തി.
ജെസിക്കും ഇളയ മകൻ സാന്റോയ്ക്കും സാം ജീവനാംശം നൽകണമെന്ന് പാലാ അഡിഷനൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 2018ൽ വിധിച്ചിരുന്നു. ജെസിയും സാമും നിയമപ്രകാരം വിവാഹിതരല്ലെങ്കിലും ഗാർഹിക പീഡന നിരോധന നിയമ വകുപ്പുകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. 3.10 ലക്ഷം രൂപ ജെസിക്ക് ഈയിനത്തിൽ സാം നൽകാനുണ്ട്. ജീവനാംശം നൽകാത്തതിനെതിരായ പരാതിയിൽ കോടതി ഉത്തരവ് ഉടനുണ്ടാകും. ഇതിനിടെ ജെസിയും മക്കളും വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് 2024ൽ സാം ഇതേ കോടതിയെ സമീപിച്ചു.
ജെസി വാടകവീട് എടുത്താൽ അതിന്റെ ചെലവ് പകരം വഹിക്കാമെന്ന സാമിന്റെ നിലപാട് തള്ളിയ കോടതി അവസാനഘട്ട മധ്യസ്ഥ ചർച്ചകൾക്കായി ഈ മാസം 30ന് ഇരുവരോടും എത്താനും നിർദേശിച്ചിരുന്നു. മൃതദേഹം കൊക്കയിൽ തള്ളിയതിനു ശേഷം പുലർച്ചെ കൊച്ചിയിലെത്തിയ സാം സുഹൃത്തായ ഇറാനിയൻ യുവതിക്കൊപ്പം വൈറ്റിലയിൽ നിന്ന് 27ന് രാത്രി ബസ് കയറിയാണ് ബെംഗളൂരുവിലേക്കും അവിടെനിന്ന് ദസറ ആഘോഷങ്ങൾ കാണാനായി മൈസൂരുവിലേക്കും കടന്നത്. ട്രാവൽ ഗൈഡ് കൂടിയാണ് സാം. കൊലപാതകത്തിൽ ഇറാനിയൻ യുവതിക്കു പങ്കില്ലെന്നു കണ്ട് വിട്ടയച്ചതായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു.
ജെസിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗത്തിൽ ഇന്നലെ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. മൃതദേഹ ഭാഗങ്ങൾ രാസ– ഡിഎൻഎ പരിശോധനകൾക്കായി സാംപിളുകൾ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ലാബുകളിലേക്ക് അയച്ചു. ജെസിയുടെ സംസ്കാരം ജന്മനാടായ കൈപ്പട്ടൂരിൽ നടക്കും. തിരുവല്ല ജനറൽ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. English Summary:
Kottayam Murder Case reveals the arrest of Sam K. George in connection with the murder of his wife, Jessy. Police investigation uncovers crucial evidence, including the car used to transport the body and a possible motive linked to financial disputes and personal relationships. |
|