അയഞ്ഞ ട്രൗസർ, ഇറുകിയ കോട്ട്, വലിയ ഷൂസ്, പഴകിയ ബോളർ തൊപ്പി, മുളവടി...അതാണ് ട്രാംപ്. ചാർലി ചാപ്ലിന്റെ ഐതിഹാസിക കഥാപാത്രം. ലോകത്തിനു ചിരിയും കണ്ണീരും അതിജീവനത്തിനുള്ള ഉത്തേജനവും നൽകിയ ‘ദ് ഗോൾഡ് റഷ്’ എന്ന സിനിമയിലും ട്രാംപുണ്ട്. വിശപ്പിന്റെ കാഠിന്യം അനുഭവിക്കുന്ന ട്രാംപ് ഒരു ഷൂ വേവിച്ചു ചിക്കൻ പോലെ ആസ്വദിച്ചു കഴിക്കുന്ന ഗോൾഡ് റഷിലെ രംഗം പ്രേക്ഷകർ ഒരിക്കലും മറക്കില്ല. വിശപ്പ് മനുഷ്യനെ എത്രത്തോളം മാറ്റിമറിക്കുമെന്നതിന്റെ ഏറ്റവും ഹൃദയസ്പർശിയായ ദൃശ്യാവിഷ്കാരം. ചെറുപ്പത്തിൽ അനുഭവിച്ച ദാരിദ്ര്യവും പട്ടിണിയും നൽകിയ ജീവിതപാഠങ്ങളാകാം ഈ രംഗങ്ങളിലേക്കു ചാപ്ലിനെ എത്തിച്ചത്.
- Also Read എവിടെപ്പോയി...; ജോൺ രാജാവിന്റെ നിധി?
സ്വിറ്റ്‌സർലൻഡിലെ വെവേയിലുള്ള ചാപ്ലിന്റെ കുടുംബവീടായ മാൻവ ഡി ബാൻ
സ്വിറ്റ്‌സർലൻഡിലെ വെവേയിലുള്ള ചാപ്ലിന്റെ കുടുംബവീടായ മാൻവ ഡി ബാനിലും വേൾഡ് ഓഫ് ചാപ്ലിൻ മ്യൂസിയത്തിലും ശതാബ്ദി വർഷത്തിൽ ഗോൾഡ് റഷിന്റെ ശ്രദ്ധേയമായ ദൃശ്യാവിഷ്കാരമാണ് ഒരുക്കിയിരിക്കുന്നത്. ട്രാംപ് എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നു. ട്രാംപിന്റെ മെഴുകു പ്രതിമകൾക്കൊപ്പം നിന്നു സന്ദർശകർക്കു ഫോട്ടോ എടുക്കാം. മ്യൂസിയത്തിലെ റസ്റ്ററന്റും ട്രാംപിന്റെ പേരിലാണ്. ദ് കിഡ്, ദ് സർക്കസ്, മോഡേൺ ടൈംസ്, ദ് ഗ്രേറ്റ് ഡിക്‌റ്റേറ്റർ തുടങ്ങിയ സിനിമകളിലെ രംഗങ്ങളും മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ബാർബറായി നിൽക്കുന്ന ചാംപ്ലിന്റെ മുന്നിലെ കസേരയിൽ ഇരുന്നാൽ അദ്ദേഹം നമ്മുടെ മുടി വെട്ടുന്നതായി തോന്നും. ദ് ഗ്രേറ്റ് ഡിക്റ്റേറിലെ പ്രശസ്തമായ രംഗം പോലെ. ആൽബർട്ട് ഐൻസ്റ്റൈൻ, വിൻസ്റ്റൺ ചർച്ചിൽ, സോഫിയ ലോറൻ തുടങ്ങിയവരുമായുള്ള ചാപ്ലിന്റെ കൂടിക്കാഴ്ചകളും ജീവസുറ്റ മെഴുകുപ്രതിമകളിലൂടെ മ്യൂസിയത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വേൾഡ് ഓഫ് ചാപ്ലിൻ മ്യൂസിയത്തിലുള്ള ട്രാംപിന്റെ ഷൂസും തൊപ്പിയും വടിയും
ഇംഗ്ലണ്ടിൽ ജനിച്ച് 40 വർഷം അമേരിക്കയിൽ ജീവിച്ച ചാപ്ലിൻ സ്വിറ്റ്‌സർലൻഡിലേക്കു താമസം മാറ്റിയതിനു പിന്നിൽ വേദനാജനകമായ ഒരു കഥയുണ്ട്. കടുത്ത കമ്യൂണിസ്റ്റ് വിരോധം നിലനിന്ന അമേരിക്കയിലെ ഭരണാധികാരികൾ ചാപ്ലിനെ ഒരു കമ്യൂണിസ്റ്റാണെന്നു ധരിച്ചു വ്യക്തിപരമായ ആക്രമണം നടത്തി. 1952ൽ ഇംഗ്ലണ്ടിൽനിന്ന് കപ്പലിൽ വരുമ്പോൾ അദ്ദേഹത്തിന് അമേരിക്കയിൽ തിരിച്ചു വരാനുള്ള അനുമതി പുനഃപരിശോധിക്കുമെന്ന് യുഎസ് അറ്റോണി ജനറൽ അറിയിച്ചു. തുടർന്ന് അമേരിക്കയിലേക്ക് ഇനിയില്ല എന്നു തീരുമാനിച്ച ചാപ്ലിൻ വെവേയിലേക്കു താമസം മാറ്റുകയായിരുന്നു. ജനീവയിലെ യുഎൻ ആസ്ഥാനത്തു നിന്നും 90 കിലോമീറ്റർ അകലെയാണിത്.
ജനീവ തടാകത്തിന്റെ തീരത്ത് ആൽപ്‌സ് പർവത നിരകളുടെ പശ്ചാത്തലത്തിൽ 10 ഏക്കർ വിസ്തീർണമുള്ള ചാപ്ലിൻ എസ്റ്റേറ്റ് മനോഹരമായ ദൃശ്യമാണ്. 1888ൽ ലബനനിൽനിന്ന് കൊണ്ടുവന്ന ദേവദാരു മരങ്ങൾ തണൽവിരിച്ചു നിൽക്കുന്നു. മതിലുകളിൽ സ്ഥാപിച്ചിട്ടുള്ള ഒൻപതു ബോർഡുകളിൽ ദ് ഗ്രേറ്റ് ഡിക്‌റ്റേറ്റർ സിനിമയിലെ ചാപ്ലിന്റെ കഥാപാത്രം നടത്തുന്ന പ്രസംഗം പൂർണമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏകാധിപതികൾക്കെതിരെയുള്ള ശക്തമായ താക്കീത് അവസാനിപ്പിക്കുന്നത് ‘Let us All Unite’ എന്ന വാക്കുകളോടെയാണ്. സൂക്ഷ്മമായി പരിശോധിക്കുമ്പോഴാണ് അതിലെ അക്ഷരങ്ങളുടെ പ്രത്യേകത മനസ്സിലാകുന്നത്. ഓരോ അക്ഷരത്തിലും ട്രാംപ് ഉണ്ട്. 63 രാജ്യങ്ങളിൽ നിന്നുള്ള 2326 കലാകാരന്മാരെ ഒരുമിച്ചു കൊണ്ടുവന്ന് അവരുടെ മുഖമുള്ള ട്രാംപുമാരെ സൃഷ്ടിക്കുകയായിരുന്നു. ആ രൂപങ്ങൾ ഉപയോഗിച്ച് അക്ഷരങ്ങൾ മെനഞ്ഞെടുത്തു.
മാൻവ ഡി ബാൻ എന്നു പേരുള്ള ഇരുനില വീട് മുഴുവൻ സന്ദർശകർക്കു കയറി കാണാം. കുടുംബ മുറികൾ, ലൈബ്രറി, ഊണുമുറി ഇതെല്ലാം അതേപടി സംരക്ഷിച്ചിട്ടുണ്ട് . തന്റെ വീടിനെ പറ്റി ചാപ്ലിൻ തന്നെ എഴുതിയ വാക്കുകൾ അവിടെ വായിക്കാം. ‘അങ്ങേയറ്റം സന്തോഷത്തോടെയാണ് സൂര്യാസ്തമയ സമയങ്ങളിൽ, പരന്ന ഈ പുൽത്തകിടിയും അതിനപ്പുറം തടാകവും അകലെയുള്ള മലനിരകളും കണ്ടുകൊണ്ടു ഞാൻ ടെറസിൽ ഇരിക്കുന്നത്. പ്രശാന്തമായ അന്തരീക്ഷത്തിൽ മറ്റൊന്നും ഞാൻ ചിന്തിക്കാറില്ല’. ചാപ്ലിനു നാലു വിവാഹങ്ങളിലായി 11 മക്കളാണ്. 1943ൽ വിവാഹം ചെയ്ത ഊന ഒനീൽ 1977ൽ അദ്ദേഹം മരിക്കുന്നതുവരെ ഒപ്പമുണ്ടായിരുന്നു. ഈ ബന്ധത്തിൽ മാത്രം എട്ടു മക്കൾ.
നിശ്ശബ്ദ വിപ്ലവം
നിശ്ശബ്ദ സിനിമയുടെ കാലത്തെ മാസ്റ്റർപീസ് ആയി കരുതപ്പെടുന്നതാണ് ചാപ്ലിൻ തന്നെ കഥയെഴുതി സംവിധാനം ചെയ്ത് ‘ദ് ഗോൾഡ് റഷ്’. മികച്ച വരുമാനമുണ്ടാക്കിയ ചിത്രം ചാപ്ലിനു സാമ്പത്തികശേഷിയും പ്രശസ്തിയും നൽകി. ‘എന്നെ ഓർമിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ചിത്രം’ എന്നാണ് ഗോൾഡ് റഷിനെക്കുറിച്ച് ചാപ്ലിൻ പിന്നീടു പറഞ്ഞിട്ടുള്ളത്. അമേരിക്കയിലെ തണുത്തുറഞ്ഞ പ്രദേശങ്ങളിലേക്കു 1890കളുടെ അവസാനം സ്വർണം തേടി പോകുന്നവരുടെ കഥയാണ് 1925 ജൂൺ 26ന് റിലീസായ ചിത്രം പറയുന്നത്. ട്രാംപ് എന്ന കഥാപാത്രം അവർക്കൊപ്പം കൂടുന്നു. വിജനമായ പ്രദേശത്തുള്ള ക്യാംപിൽ ബിഗ് ജിം എന്ന കരുത്തനായ മനുഷ്യനൊപ്പമാണ് ട്രാംപ് അഭയം തേടുന്നത്. ബിഗ് ജിം ഒരു സ്വർണ നിക്ഷേപം കണ്ടെത്തിയിരുന്നു. അവർക്കൊപ്പം ബ്ലാക്ക് ലാർസൻ എന്ന കുറ്റവാളിയുമുണ്ട്.
ദുരന്തവും ഹാസ്യവും തമ്മിൽ വലിയ ദൂരമില്ല എന്ന പ്രശസ്തമായ ചാപ്ലിൻ വാക്യം ഈ ചിത്രത്തിൽ കൂടുതൽ അന്വർഥമാകുന്നുണ്ട്. സംഭാഷണങ്ങളില്ലാതെ സങ്കീർണമായ വികാരങ്ങളും ആകർഷകമായ കഥയും അവതരിപ്പിച്ചതിലുള്ള മികവാണ് ചിത്രത്തെ ശ്രദ്ധേയമാക്കിയത്. അത്യാഗ്രഹത്തിൽ നിന്നുണ്ടാകുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തിനെതിരെയുള്ള സാമൂഹിക വിമർശനംകൂടി ഉൾക്കൊള്ളുന്ന ചിത്രം സഹകരണത്തിലും കരുണയിലും സ്‌നേഹത്തിലുമാണ് സമ്പത്ത് എന്ന സന്ദേശം നൽകുന്നു.
1914 മുതലാണ് ട്രാംപ് (ലിറ്റിൽ ട്രാംപ് എന്നും പറയും) ചാപ്ലിൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ടത്. ഓരോ കാലത്തെയും സാമൂഹിക പ്രശ്‌നങ്ങളെ ഈ ചെറിയ മനുഷ്യൻ കൈകാര്യം ചെയ്തു. ഗോൾഡ് റഷിൽ ദാരിദ്ര്യത്തിന്റെ പാരമ്യം ആണെങ്കിൽ മോഡേൺ ടൈംസിൽ വ്യവസായവൽക്കരണത്തിന്റെ ദുഷ്ഫലങ്ങൾ, ദ് ഗ്രേറ്റ് ഡിക്‌റ്റേറ്ററിൽ ഫാഷിസത്തിനെതിരെ, മോൺസിയർ വെർഡോയിൽ ലാഭത്തിനുള്ള അത്യാർത്തി, എ കിങ് ഇൻ ന്യൂയോർക്കിൽ സെൻസർഷിപ്, ഇങ്ങനെ ഓരോ കാലത്തെയും തിന്മകളെ ഹാസ്യത്തിലൂടെ നേരിട്ടു.
ഏകാധിപതികളായിരുന്ന ഹിറ്റ്‌ലറേയും മുസോളിനിയേയും ആക്ഷേപ ഹാസ്യത്തിൽ ചിത്രീകരിച്ച ദ് ഗ്രേറ്റ് ഡിക്‌റ്റേറ്ററിൽ ചാപ്ലിന്റെ കഥാപാത്രം നടത്തുന്ന പ്രസംഗം സമാധാനത്തിനും മാനുഷികതയ്ക്കും വേണ്ടിയുള്ള വികാരനിർഭരമായ അഭ്യർഥനയാണ്. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ധീരവും അപകടകരവുമായ നീക്കമായിരുന്നു അത്. ഹിറ്റ്‌ലർ പ്രശസ്തനാകുന്നതിനു മുൻപു തന്നെ ചാപ്ലിന്റെ മുറിമീശ പ്രസിദ്ധമായിരുന്നു. ഹിറ്റ്‌ലർ തന്നെ കോപ്പിയടിച്ചതാണെന്ന ചാപ്ലിന്റെ കുത്തുവാക്ക് നാത്‌സി മേധാവികൾ ഗൗരവമായെടുത്തു. അവർ ചാപ്ലിന്റെ ചിത്രങ്ങൾ നിരോധിച്ചു.
1942ൽ സൗണ്ട്ട്രാക്കും തന്റെ കമന്ററിയും ചേർത്ത് ചാപ്ലിൻ ദ് ഗോൾഡ് റഷ് പുനർനിർമിക്കുകയുണ്ടായി. ഇപ്പോൾ ചിത്രത്തിന്റെ 4 കെ എഡിഷൻ തയാറാക്കിയിരിക്കുന്നു. ജൂൺ 26ന് 70 രാജ്യങ്ങളിൽ പുതിയ പതിപ്പിന്റെ പ്രദർശനം നടന്നു. യുഎസിൽ ദ് ഗോൾഡ് റഷിന്റെ ആദ്യ സ്‌ക്രീനിങ് നടന്ന ലൊസാഞ്ചലസിലെ ഈജിപ്ഷ്യൻ തിയറ്ററിൽ തന്നെയായിരുന്നു പുതിയ എഡിഷന്റെയും സ്‌ക്രീനിങ്. English Summary:
Sunday Special: Charlie Chaplin is remembered for his iconic character, the Tramp, and his masterpiece, The Gold Rush. The Tramp\“s ability to find humor in hardship resonated globally, addressing social issues with poignant comedy, and solidifying Chaplin\“s legacy as a cinematic genius who brought laughter and reflection to audiences worldwide. |