cy520520 • 2025-10-28 09:07:38 • views 885
കൊച്ചി ∙ ക്ഷേത്രനിർമിതികളിൽ സ്വർണം പൊതിയുന്നത് സങ്കീർണവും വൈദഗ്ധ്യം വേണ്ടതുമായ പ്രക്രിയ. ഗുജറാത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള ചിലർ കുലത്തൊഴിലായി ഈ ജോലി ചെയ്യുന്നുണ്ട്. കൊടിമരം, മേൽക്കൂര, താഴികക്കുടം, ശിൽപങ്ങൾ തുടങ്ങിയ നിർമിതികൾക്കുള്ള തടി ഒരുക്കുന്നതു മുതൽ ആചാരപരമായ ചടങ്ങുകളുണ്ട്.
- Also Read അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ് നിഗമനം; കൂടുതൽ അന്വേഷണത്തിലേക്ക് വാതിൽ
ഔഷധക്കൂട്ടുള്ള എണ്ണത്തോണിയിൽ നിശ്ചിത ദിവസം സൂക്ഷിച്ച ശേഷം നിർമിതികൾക്കുള്ള തടിയിൽ ചെമ്പോ വെള്ളിയോ തകിടുകൾ കൊണ്ടു പൊതിയും. തുടർന്ന് ഇതിനു മുകളിൽ സ്വർണപ്പാളി പൊതിയും.
24 കാരറ്റ് സ്വർണക്കട്ടി (തങ്കം) മുറിച്ചെടുത്ത് അടിച്ചു പരത്തി തലനാരിഴയോളം കനമുള്ള ചെറിയ പാളികളാക്കി മാറ്റുന്നതാണ് ഇതിലെ ഏറ്റവും ശ്രമകരമായ പ്രക്രിയ. ഉണക്കിയെടുക്കുന്ന ഒട്ടകത്തോലിൽ സ്വർണംവച്ച ശേഷം പ്രത്യേകതരം ചുറ്റിക കൊണ്ടാണ് അടിച്ചു പരത്തുക. ശക്തി കൂടിയാൽ സ്വർണം പൊടിയായി തങ്കഭസ്മമാകും. അതീവ ജാഗ്രത വേണം.
9 ചതുരശ്ര ഇഞ്ച് പാളികളായാണ് സ്വർണം പരത്തുക. ഇത്തരം പാളികൾ സൂക്ഷിക്കുന്നതു പുതിയ നോട്ട് ബുക്കുകളുടെ താളുകളുടെ ഇടയിലാണ്.
ഈ പാളികൾ ക്ഷേത്രനിർമിതികൾക്കു മുകളിൽ അമാൽഗമേഷൻ പ്രക്രിയയിലൂടെ പൊതിഞ്ഞു പിടിപ്പിക്കും. ഒന്നിലേറെ സ്വർണപ്പാളികൾ ഒന്നിനു മുകളിൽ മറ്റൊന്നായി ഉറപ്പിക്കുമ്പോഴേ മികച്ച തിളക്കം ലഭിക്കുകയുള്ളൂ. വെള്ളിത്തകിടിനു മേലാണു സ്വർണം പൊതിയുന്നതെങ്കിൽ വെള്ളിയുടെ നിറം മറയാൻ കൂടുതൽ സ്വർണപ്പാളികൾ പൊതിയേണ്ടി വേണ്ടി വരും. English Summary:
The Ancient Art of Gold Covering Temple Structures: A Hereditary Craft |
|