deltin33 • 2025-10-28 09:07:49 • views 1243
കൊച്ചി ∙ യുവാക്കളിൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി ഉയരുന്നുവെന്നു റിപ്പോർട്ട്. ഐഎംഎ കൊച്ചി ബ്ലഡ് ബാങ്കിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ രക്തദാനം നടത്തിയവരുടെ വിവരങ്ങളുടെ വിശകലനത്തിലാണ് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട്.
- Also Read അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ് നിഗമനം; കൂടുതൽ അന്വേഷണത്തിലേക്ക് വാതിൽ
2024–25ൽ രക്തദാനത്തിനെത്തിയ 15,480 പേരിൽ 3676 പേരുടെ രക്തം പല കാരണങ്ങളാൽ സ്വീകരിക്കാനായില്ല. ഇവരിൽ പുരുഷന്മാരായ 24% പേരിൽ (882 പേർ) രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂടുതലായിരുന്നു. അവരിൽ തന്നെ 60% പേരും (530) 18–30 പ്രായവിഭാഗത്തിലുള്ളവരും. യുവതികളിലാകട്ടെ വിളർച്ചയാണു പ്രശ്നം. ഭാവിയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു ‘പോളിസൈത്തീമിയ’ അഥവാ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂടുന്ന അവസ്ഥ കാരണമാകുമെന്ന് ഐഎംഎ കൊച്ചി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. രമ മേനോൻ പറഞ്ഞു.
ഒരു ഡെസിലീറ്റർ (ലീറ്ററിന്റെ പത്തിലൊന്ന്) രക്തത്തിൽ 12.5 ഗ്രാം മുതൽ 17.5 ഗ്രാം വരെയാണ് ഹീമോഗ്ലോബിന്റെ ആരോഗ്യകരമായ അളവായി ആഗോളതലത്തിൽ കണക്കാക്കുന്നത്. കേരളത്തിൽ പൊതുവേ പുരുഷൻമാരിൽ 14–15 ഗ്രാമാണു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ പലരിലും ഇപ്പോഴിത് 16 മുതൽ 19 ഗ്രാം വരെയായി ഉയർന്നിരിക്കുന്നു എന്നാണു കണ്ടെത്തൽ.
ഹീമോഗ്ലോബിൻ കൂടാൻ കാരണം
രക്തത്തിലെ ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിനാണു ശ്വാസകോശത്തിൽ നിന്ന് ഓക്സിജൻ ശരീര കോശങ്ങളിലേക്കും തിരികെ കാർബൺ ഡയോക്സൈഡ് ശ്വാസകോശത്തിലേക്കും എത്തിക്കുന്നത്. രക്തത്തിലെ ഓക്സിജന്റെ അളവു കുറയുമ്പോൾ അതു മറികടക്കാനായി ശരീരം ചുവന്ന രക്താണുക്കളുടെ ഉൽപാദനം വർധിപ്പിക്കും.
രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കാനും പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ പ്രശ്നങ്ങൾക്കും അമിത രക്തസമ്മർദത്തിനും ഇത് ഇടയാക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത്, തെറ്റായ ജീവിത–ഭക്ഷണ രീതികൾ, വെള്ളം കുടിക്കുന്നതു കുറയുന്നത്, എസി ഉപയോഗം കൂടുന്നത്, മലിനീകരണം മൂലം വായുവിൽ ഓക്സിജന്റെ അളവു കുറയുന്നത് തുടങ്ങിയവ ഇതിനു കാരണമെന്നാണു വിലയിരുത്തൽ. English Summary:
Lifestyle and Pollution: The Twin Threats Behind Rising Hemoglobin in Young Indians |
|