LHC0088 • 2025-10-28 09:11:29 • views 1251
പുന്നയൂർക്കുളം ∙ ദേശീയപാത അണ്ടത്തോട് അടിപ്പാതയുടെ പടിഞ്ഞാറ് ഭാഗത്ത് സർവീസ് റോഡും കാനയും നിർമിക്കുന്നത് അശാസ്ത്രീയമായിട്ടാണെന്ന് ആക്ഷേപം. പ്രദേശത്തെ ഭൂനിരപ്പിനേക്കാൾ താഴ്ത്തിയാണ് കാന നിർമാണം. ഇതേ നിരപ്പിൽ സർവീസ് റോഡും പണിതാൽ ഇവിടെ വെള്ളക്കെട്ട് ഉറപ്പാണെന്നാണ് നാട്ടുകാർ പറയുന്നത്. അണ്ടത്തോട് പള്ളി മുതൽ വടക്ക് ഭാഗത്തേക്ക് 300 മീറ്ററോളം ഭാഗം പഴയ ദേശീയ പാത ഒഴിവാക്കി ഇതിനു കിഴക്ക് ഭാഗത്താണ് പുതിയ റോഡും അടിപ്പാതയും നിർമിച്ചിട്ടുള്ളത്.
ഇത്രയും ദൂരം അടിപ്പാതയുടെ വശത്തുകൂടി നിർമിക്കുന്ന റോഡും കാനയുമാണ് ആക്ഷേപത്തിനു കാരണമായിട്ടുള്ളത്. പഴയ റോഡിനേക്കാൾ ഒന്നര അടിയോളം താഴ്ത്തിയാണ് സർവീസ് റോഡും കാനയും നിർമിക്കുന്നത്. 70 മീറ്ററോളം ഭാഗം കാന കോൺക്രീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം സ്ലാബ് ഇട്ടു. ബാക്കി ഭാഗം കോൺക്രീറ്റിങ് പുരോഗമിക്കുന്നു. ഇതേ നിരപ്പിലാണ് സർവീസ് റോഡും നിർമിക്കുക. എന്നാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ പഴയ റോഡിന്റെ നിരപ്പിൽ എങ്കിലും സർവീസ് റോഡ് നിർമിക്കണം എന്നാണ് ആവശ്യം.
ഭൂനിരപ്പിനേക്കാൾ താഴ്ചയിൽ സർവീസ് റോഡും കാനയും പണിതതാണ് ഒന്നര കിലോമീറ്റർ അപ്പുറം മന്ദലാംകുന്ന് ചക്കോലയിൽ പ്രദേശത്തെ ദുരിതത്തിനു കാരണമായത്. അതേ അവസ്ഥ തന്നെയാണ് ഇവിടെയും ഉണ്ടാകുക എന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. അശാസ്ത്രീയ നിർമാണത്തിൽ പ്രതിഷേധവുമായി എസ്ഡിപിഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. English Summary:
Road construction issues are the main focus. Concerns are rising in Punnayurkulam regarding the allegedly unscientific construction of the service road and drainage system near the Andathode underpass, raising fears of potential waterlogging. Residents are urging authorities to address these issues to prevent future problems. |
|