കൊച്ചി ∙ ശബരിമല ദ്വാരപാലകശിൽപങ്ങളിൽ പൊതിഞ്ഞ പാളികൾ സ്വർണം പൂശാനായി ഇൗ വർഷം ചെന്നൈയിലേക്കു കൊടുത്തയച്ചത് ക്ഷേത്ര കീഴ്പതിവുകൾ (ക്ഷേത്രനിയമങ്ങൾ) ലംഘിച്ചാണ്. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉച്ചപ്പൂജയ്ക്കോ അത്താഴപൂജയ്ക്കോ ശേഷമേ ദ്വാരപാലകശിൽപങ്ങളിൽ അറ്റകുറ്റപ്പണിയോ മറ്റു പ്രവൃത്തികളോ നടത്താവൂ എന്നാണു ക്ഷേത്രനിയമം.
- Also Read സ്വർണം പൂശിയ കട്ടിളയും രേഖയിൽ ചെമ്പ്; ആദ്യം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വർണം
എന്നാൽ, ഓണത്തിനു നടതുറന്നതിന്റെ അവസാനദിനമായ സെപ്റ്റംബർ 7ന് രാത്രി നട അടച്ചശേഷമാണു ദ്വാരപാലകശിൽപങ്ങളിലെ പാളികൾ ഇളക്കിമാറ്റിയതെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ.
സെപ്റ്റംബർ 3നായിരുന്നു ഓണം നടതുറപ്പ്. നട അടയ്ക്കുന്ന ദിവസമായ 7ന് ചന്ദ്രഗ്രഹണമായിരുന്നു. രാത്രി 9.58ന് ഗ്രഹണം ആരംഭിക്കുമെന്നതിനാൽ 2 മണിക്കൂർ മുൻപേ പൂജകൾ പൂർത്തിയാക്കി 8 മണിയോടെ നടയടച്ചു. പിന്നാലെ പാളികൾ ഇളക്കിമാറ്റി രാത്രിതന്നെ പമ്പയിലെത്തിച്ചു. 8ന് രാവിലെ ചെന്നൈയിലേക്കു കൊണ്ടുപോകുകയും ചെയ്തു.
ശ്രീകോവിൽ, ചുറ്റമ്പലം തുടങ്ങി പ്രധാന ഭാഗങ്ങളിലെ പ്രവൃത്തികൾക്ക് തന്ത്രിയുടെ അനുമതിയും ദേവന്റെ അനുജ്ഞയും വാങ്ങേണ്ടതുണ്ട്. ശബരിമല സ്പെഷൽ കമ്മിഷണറുടെ മുൻകൂർ അനുമതി വാങ്ങണമെന്ന 2023 ലെ ഹൈക്കോടതി ഉത്തരവുമുണ്ട്. അയ്യപ്പന്റെ യോഗദണ്ഡ്, ജപമാല എന്നിവ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി പുറത്തുകൊണ്ടുപോയപ്പോഴായിരുന്നു കോടതി ഇടപെട്ടത്.
സമാനരീതിയിലാണ്, ഇത്തവണ പാളികൾ ചെന്നൈയിലേക്കു കൊണ്ടുപോയത്. രാവിലെ പാളികൾ കൊണ്ടുപോകുന്നതിനു സുരക്ഷയൊരുക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സേവനം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസറോട് ആവശ്യപ്പെട്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. 3 മണിയോടെ സ്പെഷൽ കമ്മിഷണറെ വിവരം അറിയിച്ചു. സ്പെഷൽ കമ്മിഷണർ അന്നുതന്നെ സംഭവം ഹൈക്കോടതിക്കു റിപ്പോർട്ട് ചെയ്യുകയായിരുന്നു.
പാളികൾ കൊണ്ടുപോയതിലെ തിടുക്കവും മുൻകൂട്ടി അറിയിക്കാതിരുന്നതിലെ അസ്വാഭാവികതയുമാണു സ്പെഷൽ കമ്മിഷണർക്കു സംശയം തോന്നാൻ കാരണമെന്നാണു വിവരം. നടതുറപ്പു വേളകളിൽ സ്പെഷൽ കമ്മിഷണർ സന്നിധാനത്തുണ്ടാകാറുണ്ട്. എന്നാൽ, തിരക്കു മൂലം ഓണം നടതുറപ്പിന് എത്തിയിരുന്നില്ല. ഈ ദിവസങ്ങളിൽത്തന്നെ പാളികൾ ഇളക്കിയതും സംശയത്തിനു വഴിയൊരുക്കി.
2019ൽ പാളികൾ കൊണ്ടുപോയത് വെള്ളപ്പൊക്ക സമയത്ത്
ശബരിമല ∙ ദ്വാരപാലകശിൽപത്തിലെ സ്വർണകവചം 2019 ൽ അറ്റകുറ്റപ്പണിക്കായി അഴിച്ചതും കൊണ്ടുപോയതും തോരാമഴയും വെള്ളപ്പൊക്കവുമുണ്ടായ ദിവസം. കർക്കടകമാസപൂജയ്ക്കു നട തുറന്നപ്പോഴായിരുന്നു ഇത്. ജൂലൈ 19, 20 ദിവസങ്ങളിൽ ശക്തമായ മഴയിൽ പമ്പാനദി കരകവിഞ്ഞു മണപ്പുറത്തു വെള്ളം കയറിയിരുന്നു.
മുട്ടറ്റം വെള്ളത്തിലൂടെ ഇറങ്ങിക്കയറിയാണു തീർഥാടകർ സന്നിധാനത്ത് എത്തിയത്. നട തുറന്ന ആദ്യ ദിവസങ്ങളിൽ വലിയ തിരക്കായിരുന്നെങ്കിലും വെള്ളപ്പൊക്കമായതോടെ തിരക്കു കുറഞ്ഞിരുന്നു. English Summary:
Sabarimala Custom Violation: Dvarapalaka Panels Removed for Gilding on Lunar Eclipse Night |
|