cy520520 • 2025-10-28 09:12:07 • views 1249
തിരുവനന്തപുരം ∙ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങൾ പൊതിഞ്ഞിരുന്ന സ്വർണപ്പാളി സ്വർണം പൂശാനെന്ന പേരിൽ ഇളക്കിയെടുക്കാൻ 2019ൽ തീരുമാനിച്ചതു മുതൽ കഴിഞ്ഞ മാസം അതേ പാളി അറ്റകുറ്റപ്പണിക്കെന്ന പേരിൽ വീണ്ടും ഇളക്കി ചെന്നൈയ്ക്കു കൊണ്ടുപോയതു വരെയുള്ള സംഭവങ്ങളിൽ തെളിയുന്നതു വൻ ഗൂഢാലോചന.
- Also Read ‘ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ കിട്ടിയിരുന്നു’: സമ്മതിച്ച് ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു
ഒന്നര കിലോയിലേറെ സ്വർണം രേഖകളിൽ വെറും ‘ചെമ്പ്’ ആക്കി മാറ്റിയ സ്വർണക്കവർച്ച ഹൈക്കോടതി വരെ ശരിവയ്ക്കുമ്പോഴും ഇടനിലക്കാരനായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ദേവസ്വം ഉദ്യോഗസ്ഥരെയും മാത്രം പ്രതിസ്ഥാനത്തു നിർത്താനാണു ശ്രമം. എന്നാൽ, ദേവസ്വം വകുപ്പും ബോർഡും ഭരിച്ചവരുടെ അറിവും സമ്മതവുമില്ലാതെ ഈ ‘പാളിച്ച’ നടക്കില്ലെന്നു ഗൂഢാലോചനയുടെ നാൾവഴികൾ വ്യക്തമാക്കുന്നു.
ചെമ്പ് പാളിയെന്ന പേരിൽ കൊണ്ടുപോയ സ്വർണം പൊതിഞ്ഞ പാളിക്കു പകരം അതേ ആകൃതിയിൽ മറ്റൊരു ചെമ്പ് പാളി നിർമിച്ച്, ചെന്നൈയിലെ പണിശാലയിലെത്തിച്ച്, സ്വർണം പൂശിയതാവാമെന്നാണു നിഗമനം. സ്വർണം പൊതിഞ്ഞിരുന്ന യഥാർഥ പാളി കവർന്നിരിക്കാം.
ഗംഭീര പ്ലാനിങ്; മികച്ച നടത്തിപ്പ്
∙ വിജയ് മല്യയുടെ കമ്പനി 1999 ൽ ശബരിമല ശ്രീകോവിൽ സ്വർണം പൊതിയാൻ ഉപയോഗിച്ചത് 30.3 കിലോഗ്രാം സ്വർണം. ദേവസ്വം ബോർഡിലെ രേഖകൾ പ്രകാരം ദ്വാരപാലക ശിൽപങ്ങൾക്ക് മാത്രം 1.5 കി.ഗ്രാം സ്വർണം. സ്വർണം പൊതിഞ്ഞ ശിൽപങ്ങളിലുള്ളത് ചെമ്പുപാളികൾ മാത്രമാണെന്ന് 2019 ലെ മഹസറിൽ തെറ്റായി രേഖപ്പെടുത്തി ഗൂഢാലോചനയ്ക്ക് തുടക്കം.
∙ ശബരിമലയിൽ മുൻപു മേൽശാന്തിയുടെ സഹായി മാത്രമായിരുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റി 2019 ൽ സ്പോൺസറായി അവതരിച്ചപ്പോൾ സംശയമോ ഭിന്നാഭിപ്രായമോ ഇല്ലാതെ ബോർഡും വകുപ്പ് അധികാരികളും അത് അംഗീകരിച്ച് തട്ടിപ്പിനു കളമൊരുക്കി. 1999 ൽ സ്വർണം പൊതിഞ്ഞ പണികളെല്ലാം നടന്നത് ബോർഡിന്റെ മേൽനോട്ടത്തിൽ സന്നിധാനത്താണെങ്കിൽ 2019 ൽ സ്പോൺസറുടെ കയ്യിൽ കൊടുത്തുവിടാനും ഇഷ്ടം പോലെ കൊണ്ടുനടക്കാനും ബോർഡ് തന്നെ വഴിയൊരുക്കി.
∙ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബു പ്രൊസീഡിങ്സ് റിപ്പോർട്ടാക്കി തയാറാക്കിയപ്പോൾ ചെമ്പ് പാളിയെന്നു രേഖപ്പെടുത്തി തട്ടിപ്പ് ഔദ്യോഗികമാക്കി. സ്വർണം പൂശിയിരുന്നെന്നു പോലും അതിൽ പരാമർശമില്ല. ചെമ്പ് പാളികളാണ് പോറ്റി എത്തിച്ചതെന്ന് ചെന്നൈയിൽ സ്വർണം പൂശിയ ഏജൻസിയും വ്യക്തമാക്കുന്നു.
∙ കുറച്ച് സ്വർണം ബാക്കിയുണ്ടെന്നും അതുപയോഗിച്ചു നിർധന പെൺകുട്ടിയുടെ വിവാഹം നടത്തിക്കോട്ടെയെന്നും ചോദിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി അയച്ച മെയിലിൽ അന്നത്തെ ബോർഡ് പ്രസിഡന്റ് എൻ.വാസുവിന് ഒരു സംശയവും തോന്നിയില്ല. ഉദ്യോഗസ്ഥരോട് അഭിപ്രായം തേടി കയ്യൊഴിഞ്ഞതല്ലാതെ കൂടുതൽ അന്വേഷണത്തിനോ നടപടിക്കോ തുനിഞ്ഞതുമില്ല. ബോർഡിൽ നിന്നു മുൻകൂർ സ്വർണം കൈപ്പറ്റാതിരിക്കെ കുറച്ചു സ്വർണം ബാക്കിയുണ്ടെന്നറിയിച്ച് സ്പോൺസർ അനുമതി തേടിയതു ദുരൂഹം.
∙ 2019 ൽ സ്വർണം പൂശിയ പാളികൾ വീണ്ടും ഇളക്കിയെടുത്ത് ചെന്നൈയിൽ കൊണ്ടുപോയി സ്വർണം പൂശാനുള്ള ശ്രമം വെറും 4 വർഷത്തിനു ശേഷം 2023 ൽ തന്നെ തുടങ്ങിയിരുന്നതായി ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ വാക്കുകളിൽ വ്യക്തമാകുന്നു. സ്പെഷൽ കമ്മിഷണറെ അറിയിക്കാതെയാണ് കഴിഞ്ഞ മാസം വീണ്ടും പാളികൾ ഇളക്കി ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖേന തന്നെ ചെന്നൈയിലേക്കു കൊണ്ടുപോകാൻ ബോർഡ് അവസരമൊരുക്കിയത്. വഴിപാടായി നൽകിയ സ്വർണം ദേവസ്വം സ്വത്താണെങ്കിലും പൂശിയ സ്വർണത്തിനുള്ള 40 വർഷ വാറന്റി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരിൽ തന്നെ നിലനിർത്തിയതിലും കള്ളക്കളി വ്യക്തം.
അത് സ്വർണം; ഇത് ചെമ്പ്
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾക്കു മുകളിൽ വിജയ് മല്യ പൊതിഞ്ഞുനൽകിയ സ്വർണപ്പാളികൾ പൂർണമായും മാറ്റിയ ശേഷം, അതേ ആകൃതിയിൽ മറ്റൊരു ചെമ്പുപാളി നിർമിച്ച്, അതിൽ സ്വർണം പൂശിയായിരുന്നു തട്ടിപ്പ് എന്നു സൂചന. ദ്വാരപാലകൻമാരുടെ 2014ലെയും 2023ലെയും
ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിൽ നിന്ന്
ഇതാണു വ്യക്തമാകുന്നത്. ക്ഷേത്ര നിർമിതികളിൽ
സ്വർണം പൊതിയുന്നതിൽ വിദഗ്ധനായ കൊച്ചി
സ്വദേശി സെന്തിൽനാഥൻ ഇതു ശരിവയ്ക്കുന്നു
2014ലെ ചിത്രത്തിൽ(ഇടത്) ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്രഭ കൂടുതലുണ്ട്. എങ്കിലും കൊത്തുപണികളിൽ പലതും മിഴിവോടെ തെളിഞ്ഞു കാണുന്നില്ല. പാളികൾ ഒട്ടേറെയെണ്ണം ഒന്നിനു മേൽ ഒന്നായി പതിച്ചാണു സ്വർണം പൊതിയുന്നത് എന്നതിനാലാണിത്. എന്നാൽ, രണ്ടാമത്തെ ചിത്രത്തിൽ (വലത്) സ്വർണം പൂശിയ പാളികളിൽ കൊത്തുപണികൾ വ്യക്തമായി തെളിഞ്ഞു കാണാം. ചെമ്പു
പാളികൾക്കു മുകളിൽ നേരിയ തോതിൽ സ്വർണം
പൂശിയതിനാലാണിങ്ങനെ കാണാനാവുന്നത്. സ്വർണം പൂശിക്കഴിഞ്ഞാൽ തിളക്കം ലഭിക്കാൻ രാസപ്രക്രിയ നടത്തുകയും ഇതിനു മുകളിൽ ക്ലിയർ കോട്ട് അടിക്കുകയുമാണു ചെയ്യുക. ഇതിന്റെ വ്യത്യാസം രണ്ടാമത്തെ ചിത്രത്തിൽ വ്യക്തമാണ്. നിലവിലുണ്ടായിരുന്ന കവചത്തിനു മുകളിലേക്ക് സ്വർണം പൂശിയതാണെങ്കിൽ ഇങ്ങനെ വ്യക്തത വരില്ല.
ഒന്നാമത്തെ ചിത്രം മല്യ സ്വർണം പൊതിഞ്ഞു നൽകി 16 വർഷങ്ങൾക്കു ശേഷമെടുത്തതാണ്. എന്നിട്ടും തങ്കപ്രഭ ഒട്ടും മങ്ങിയിട്ടില്ല. എങ്ങും ചെമ്പു തെളിഞ്ഞു കാണാനുമില്ല. എന്നാൽ, രണ്ടാമത്തെ ചിത്രത്തിൽ ദ്വാരപാലകനെ തലയിലേറ്റി നിൽക്കുന്ന രൂപത്തിന്റെ തലയിലേതുൾപ്പെടെ സ്വർണം മാഞ്ഞുപോയതു വ്യക്തമാണ്. രണ്ടാമത്തെ ചിത്രത്തിലുള്ള ദ്വാരപാലക കവചത്തിനു ആദ്യത്തേതുമായി പല സ്ഥലത്തും
വ്യത്യാസം കാണാം. ഇത് മറ്റൊരു കവചമാണ് എന്ന സംശയം ഇതു ബലപ്പെടുത്തുന്നു. English Summary:
Sabarimala Gold Scam: How 1.5 Kg Gold Vanished and Was Replaced by Copper |
|