deltin33 • 2025-10-28 09:13:01 • views 1195
വാർധക്യം ബാധിക്കാത്ത ശരീരവും എഴുത്തുമായി അടുത്തകാലം വരെ സജീവമായിനിന്ന ടി.ജെ.എസ്.ജോർജിനെ കാണുമ്പോൾ ഇത്രയും യൗവനം അദ്ദേഹം നിലനിർത്തിയതെങ്ങനെ എന്ന് അദ്ഭുതം തോന്നും. പക്ഷേ, തൊണ്ണൂറു പിന്നിട്ടിട്ടും കാർ അനായാസം ഓടിച്ചിരുന്ന അദ്ദേഹം, അതിനും കുറച്ചു വർഷംമുൻപ് എഴുത്തു നിർത്തി. ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്റോറിയൽ അഡ്വൈസറായി എത്രകാലം വേണമെങ്കിലും പ്രസിദ്ധീകരണങ്ങളിൽ എഴുതാമായിരുന്ന കാലത്ത് നിർത്തിയതിന് ഒരു കാരണമേയുണ്ടായിരുന്നുള്ളൂ. പ്രായംകൊണ്ട് എഴുത്തിൽ എന്തെങ്കിലും സ്ഖലിതം അഥവാ തെറ്റുകൾ വന്നുചേരരുതല്ലോ എന്ന ജാഗ്രത!
- Also Read ധാർമിക പരീക്ഷണത്തെ അതിജീവിച്ച പത്രാധിപർ; വ്യക്തിത്വത്തെ വിലമതിച്ച മനുഷ്യൻ
ടി.ജെ.എസ്.ജോർജിനെ പത്രാധിപമികവും എഴുത്തുമികവും കൊണ്ടുമാത്രമല്ല മലയാള മാധ്യമലോകം ഓർമിക്കുന്നത്. മലയാളത്തിലെ മിക്ക പത്രങ്ങളെയും ഇന്നത്തെ നിലയിലേക്കു രൂപം മാറ്റിയെടുത്ത കൺസൽറ്റന്റാണ് അദ്ദേഹം. മലയാളം പത്രങ്ങൾ മറ്റു നാട്ടുകാരെ കാണിക്കാൻ പറ്റാത്ത രൂപകൽപനാ വൈരൂപ്യങ്ങളോടെയും അച്ചടിയുടെ ബാലാരിഷ്ടതയോടെയും ഇറങ്ങിയിരുന്ന കാലത്തുനിന്നു മാറ്റം വന്നത് 1962നുശേഷമാണ്. ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൺസൽറ്റന്റായി ടാർസി വിറ്റാച്ചി കേരളത്തിൽവന്നത് ആ വർഷമാണ്. മനോരമ മെച്ചപ്പെടുത്താൻ സിംഗപ്പൂരിലെ ഇന്റർനാഷനൽ കോൺഫറൻസിൽനിന്നു ടാർസിയെ കൂട്ടിക്കൊണ്ടുവരുമ്പോൾ അന്നത്തെ മലയാള മനോരമ ചീഫ് എഡിറ്റർ കെ.എം.മാത്യുവിന് അദ്ദേഹത്തിന്റെ സേവനം മനോരമയിൽ മാത്രമായി പരിമിതപ്പെടുത്താമായിരുന്നു.
- Also Read പൂർത്തിയാകാത്തൊരു തിരക്കഥ; നായകൻ മോഹൻലാൽ
പക്ഷേ, ടാർസിയുടെ സേവനം മാത്യു കേരളത്തിലെ എല്ലാ പത്രങ്ങൾക്കും വീതിച്ചുകൊടുത്തു. അങ്ങനെ ടാർസി മലയാള പത്രങ്ങളുടെ രൂപകൽപനയിലും എഴുത്തുരീതിയിലും ഉള്ളടക്കത്തിലും മാറ്റങ്ങൾ വരുത്തി. ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൺസൽറ്റന്റായി പിന്നീടു കേരളത്തിൽ വന്നത് ടി.ജെ.എസ്.ജോർജാണ്. ജോർജിനു മലയാളം അറിയാമായിരുന്നതിനാൽ കാര്യങ്ങൾ കുറെക്കൂടി എളുപ്പമായി. എല്ലാ പത്രങ്ങളിലേക്കും ടിജെഎസിന്റെ സേവനവും നീണ്ടു. ഒരു പത്രത്തിൽ ചെന്നപ്പോൾ ആ പത്രത്തിന്റെ പത്രാധിപർ പറഞ്ഞു: ‘ഞങ്ങളിപ്പോൾ ഒരു സിസ്റ്റത്തിൽ വർക്ക് ചെയ്യുകയാണ്. അതു മാറ്റാൻ ഉദ്ദേശിക്കുന്നില്ല. ഇവിടെ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന സമയംകൂടി മറ്റൊരു പത്രത്തിൽ ചെലവിട്ടുകൊള്ളൂ.’ തലകുലുക്കി ടിജെഎസ് മടങ്ങി. ആ പത്രത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ സങ്കടം തോന്നും.
കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സി.പി.രാമചന്ദ്രൻ പാർലമെന്റ് അവലോകനമടക്കമുള്ള പ്രധാനപംക്തികൾ കൈകാര്യം ചെയ്യുമ്പോഴും മുഖപ്രസംഗമെഴുതുമ്പോഴും ഒരുവാക്കുപോലും വെട്ടാൻ സമ്മതിക്കാത്തത് ഹിന്ദുസ്ഥാൻ ടൈംസിന്റെ ഉടമസ്ഥൻ കെ.കെ. ബിർലയെ അസ്വസ്ഥനാക്കിയിരുന്നു. അങ്ങനെയിരിക്കുമ്പോൾ ഹിന്ദുസ്ഥാൻ ടൈംസ് പട്നയിൽ ‘ദ് സേർച് ലൈറ്റ്’ എന്ന പത്രത്തിന്റെ നടത്തിപ്പുകൂടി ഏറ്റെടുത്തു. സിപിയെ ഡൽഹിയിൽനിന്നു പുറത്തുചാടിക്കാൻ പറ്റിയ അവസരമായിക്കണ്ട് മാനേജ്മെന്റ് അദ്ദേഹത്തെ അതിന്റെ പത്രാധിപരാക്കി. ഇതെപ്പറ്റി മുൻകൂട്ടി വിവരം ലഭിച്ച സിപി അമ്മയുടെ ഷഷ്ഠിപൂർത്തിയിൽ പങ്കെടുക്കാനെന്നു പറഞ്ഞ് അവധിയെടുത്ത് പാലക്കാട് ജില്ലയിലെ പറളിയിലേക്കു കടന്നു.
- Also Read വിമർശനത്തിന്റെ വെളിച്ചം തെളിച്ച പത്രാധിപർ; ടിജെഎസ് ഇനി ഓർമകളുടെ ‘ഘോഷയാത്ര’യിൽ
സിപി തിരിച്ചുവരാൻ വൈകിയതോടെയാണ് ടിജെഎസിനു നറുക്കുവീണത്. അതു ടിജെഎസിന്റെ പത്രപ്രവർത്തനജീവിതത്തിലെ ഏറ്റവും വലിയ അധ്യായങ്ങളിലൊന്നായിത്തീർന്നു. ബിഹാറിൽ മുഖ്യമന്ത്രി കെ.ബി.സഹായിക്കെതിരായ വിദ്യാർഥിപ്രക്ഷോഭം നടന്നപ്പോൾ അതിന്റെ വാർത്തകൾ നിർഭയമായി കൈകാര്യം ചെയ്ത ടിജെഎസ് അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിൽ കിടന്നപ്പോൾ ടിജെഎസിനുവേണ്ടി വാദിക്കാൻ ഡൽഹിയിൽ നിന്നെത്തിയത് വി.കെ.കൃഷ്ണമേനോനാണ്. ഇതു ടിജെഎസിനെ നാഷനൽ ഹീറോയാക്കി.
ജയിൽമോചിതനായ അദ്ദേഹത്തെ ലക്ഷത്തോളം വരുന്ന ജനക്കൂട്ടമാണു സ്വീകരിച്ച് ഓഫിസിലേക്കു കൊണ്ടുപോയത്. ഇത്ര വലിയ ജനപിന്തുണ ആർജിച്ചിട്ടും അദ്ദേഹം ബിഹാറിൽ അധികകാലം നിന്നില്ല. വിദേശത്തേക്കു നീങ്ങി. അവിടെയും ഈ നിർഭയത്വം അദ്ദേഹത്തെ വേട്ടയാടി. പ്രധാനമന്ത്രി ലീ ക്വാൻ യൂവിന്റെ ഏകാധിപത്യത്തെ എതിർത്തതിനാൽ സിംഗപ്പൂരിലും പ്രസിഡന്റ് ഫെർഡിനന്റ് മാർക്കോസിനെ എതിർത്തതിനാൽ ഫിലിപ്പീൻസിലും പ്രവേശനം നിഷേധിക്കപ്പെട്ടു.
ഇംഗ്ലിഷിലെന്നതുപോലെ മലയാളത്തിലും തനിമയാർന്ന എഴുത്തായിരുന്നു ടിജെഎസിന്റെ പ്രത്യേകത. ജോർജിന്റെ ലേഖനങ്ങൾ മലയാളത്തിൽ ആരോ തർജമ ചെയ്യുന്നതാണെന്നായിരുന്നു വായനക്കാർ കരുതിയത്. മനോരമയിൽ ‘ഒറ്റയാൻ’ എന്നൊരു പംക്തി ചെയ്തിരുന്നു. അന്ന് ഇതു തർജമ ചെയ്യുന്നയാളുടേതു നല്ല ഭാഷയാണെന്നു പറഞ്ഞ് അഭിനന്ദനസന്ദേശങ്ങൾ പത്രമോഫിസിൽ എത്തിയിരുന്നത് ഓർക്കുന്നു. നർമത്തിന്റെ മേമ്പൊടിയും അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രത്യേകതയാണ്. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും ജെ.ആർ.ഡി.ടാറ്റയുംകൂടി ഒരു കോൺഫറൻസിൽ പങ്കെടുത്തതിനെപ്പറ്റി ആത്മകഥയായ ‘ഘോഷയാത്ര’യിൽ ടിജെഎസ് എഴുതുന്നുണ്ട്.
ഒരിടവേളയിൽ രണ്ടുപേരും റെസ്റ്റ് റൂമിലേക്കു നീങ്ങി. നെഹ്റു മൂത്രമൊഴിച്ചുവരുന്നതുവരെ ടാറ്റ പുറത്തുകാത്തുനിന്നു. നെഹ്റു പുറത്തുവന്നപ്പോൾ ചോദിച്ചു: എന്തേ ഇവിടെ നിന്നുകളഞ്ഞത്? അകത്ത് നാലഞ്ചുപേർക്കു സ്ഥലസൗകര്യമുണ്ടായിരുന്നല്ലോ? ടാറ്റയുടെ മറുപടി ഇങ്ങനെയായിരുന്നിരിക്കുമെന്നാണു ജോർജിന്റെ ഭാഷ്യം: ‘കാര്യക്ഷമമായി പ്രവർത്തിക്കുന്ന എന്തും ദേശസാൽക്കരിക്കുന്നതാണല്ലോ താങ്കളുടെ നയമെന്നതിനാൽ പുറത്തുനിൽക്കുന്നതാണു ബുദ്ധിയെന്നു തോന്നി.’
ഒരറുപതു കൊല്ലമെങ്കിലും കേരളത്തിൽനിന്നു മാറിനിന്നിട്ടും കേരളത്തിലെ എല്ലാ സ്പന്ദനങ്ങളും ജോർജിനറിയാമായിരുന്നു. ജോസഫ് മുരിക്കനെപ്പറ്റി നമ്മളെക്കാൾ ഓർമയുണ്ട് ജോർജിന്. ജലനിരപ്പിൽനിന്നു താഴെക്കിടക്കുന്ന രണ്ടായിരമേക്കർ സ്ഥലത്ത് വെള്ളം വറ്റിച്ചു നെൽക്കൃഷി ചെയ്ത മുരിക്കനോട് നാം നീതികാണിച്ചില്ല എന്നു ജോർജ് എഴുതുമ്പോൾ ശരിയാണല്ലോ, മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ ദേശീയ ബഹുമതി നൽകി രാഷ്ട്രം ആദരിക്കുമായിരുന്ന അദ്ദേഹത്തെ കേരളത്തിലെ ഗവൺമെന്റ് പിടിച്ചു ജയിലിൽ അടയ്ക്കുകയാണല്ലോ ചെയ്തത് എന്നു നാം ഓർമിക്കും. കോളജിൽ പഠിക്കുമ്പോഴൊക്കെ അദ്ദേഹം ടിജെഎസ് ആയിരുന്നില്ല ടി.ജെ.ജോർജ് ആയിരുന്നു– തയ്യിൽ ജേക്കബ് ജോർജ്. വീട്ടിൽ സണ്ണി എന്നായിരുന്നു വിളിപ്പേര്. പിന്നീട് സണ്ണി പരിഷ്കരിച്ചു സോണി ആക്കി. തയ്യിൽ ജേക്കബ് സോണി ജോർജ്. പിന്നെയത് ടി.ജെ.എസ്.ജോർജ് ആയി ചുരുങ്ങി.
ആദ്യം ഹോങ്കോങ്ങിൽ ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂവിലാണ് അദ്ദേഹം ചേർന്നത്. പിന്നീട് അവിടെ മൈക്ക് ഒനീലുമായി ചേർന്ന് ഏഷ്യ വീക്ക് എന്ന വാരിക ആരംഭിച്ചു. കേരളത്തിനുപുറത്ത് ഇത്രയും വലിയൊരു വാർത്താവാരിക ആരംഭിച്ചയാൾ ടിജെഎസ് മാത്രമാണ്. ഇതു പിന്നീട് റീഡേഴ്സ് ഡൈജസ്റ്റ് ആണ് ഏറ്റെടുത്തത് എന്നറിയുമ്പോഴേ അതിന്റെ പ്രാധാന്യം മനസ്സിലാകൂ. ഇന്ത്യയ്ക്കു പുറത്ത് അറിയപ്പെടുന്ന രണ്ടു മലയാളി പത്രപ്രവർത്തകരേയുള്ളൂ. ബർമീസ് കാബിനറ്റ് മുഴുവൻ വെടിയേറ്റു മരിച്ചതടക്കം റോയിട്ടേഴ്സിന്റെ രണ്ടു ലോകസ്കൂപ്പുകളുടെ ഉടമയായ എം.ശിവറാമും ടിജെഎസും.
(മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറാണ് ലേഖകൻ) English Summary:
TJS. George\“s Impact on Malayalam Newspapers: T.J.S. George was a remarkable figure in Malayalam journalism, known for his writing and contributions as a consultant. He played a significant role in shaping the modern Malayalam newspaper landscape. His impact extends beyond Kerala, with contributions to Asian journalism and a career marked by fearless reporting and insightful commentary. |
|