LHC0088 • 2025-10-28 09:13:09 • views 1253
മധ്യപ്രദേശിലെ ചിന്ത്‌വാഡയിൽനിന്നുയരുന്ന അമ്മമാരുടെ നിലവിളി രാജ്യത്തെ മുഴുവൻ വേദനിപ്പിക്കുന്നു. ചെറിയൊരു ജലദോഷവും ചുമയും മാത്രമേ അവരുടെ കുട്ടികൾക്കുണ്ടായിരുന്നുള്ളൂ. അതു മാറാൻ കഴിച്ച ചുമ മരുന്നുതന്നെ അവരുടെ ജീവനെടുക്കുന്ന വില്ലനായി മാറിയപ്പോൾ രാജ്യത്തെ മരുന്നുകളുടെയും അവയുടെ നിർമാണത്തിന്റെയും ഗുണനിലവാരം ചോദ്യം ചെയ്യപ്പെടുകയാണ്.
മരുന്നുനിർമാണം മാത്രമല്ല, അതിനെ നിയന്ത്രിക്കേണ്ട സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യതകൂടി പ്രതിക്കൂട്ടിലാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനി മാത്രമല്ല, മരുന്നുകൾ പരിശോധിക്കാൻ ചുമതലപ്പെട്ട ഏജൻസികളും ഉദ്യോഗസ്ഥരും ആ നരഹത്യയ്ക്ക് ഉത്തരവാദികളാണ്. ഇതിനു പിന്നിലെ യഥാർഥ കുറ്റവാളികളെ കണ്ടെത്തുകയും നിയമത്തിനു മുന്നിലെത്തിക്കുകയും വേണം.
ചുമ മരുന്നു കഴിച്ച് മധ്യപ്രദേശിലെ ചിന്ത്‌വാഡയിൽ 14 കുട്ടികളും രാജസ്ഥാനിൽ 3 കുട്ടികളുമാണു മരിച്ചത്. തമിഴ്നാട്ടിലെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനി ഉൽപാദിപ്പിച്ച കോൾഡ്രിഫ് എന്ന ചുമ മരുന്നിൽ, വൃക്കയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന രാസവസ്തു ഉണ്ടായിരുന്നതാണു കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായതെന്നാണു വിലയിരുത്തൽ.
കാഞ്ചീപുരത്തിനടുത്തുള്ള വ്യവസായമേഖലയായ സുങ്കുവർഛത്രത്തിൽ പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ പ്ലാന്റ് കണ്ടാൽത്തന്നെ അവിടെ ഉൽപാദിപ്പിക്കുന്ന മരുന്നിന്റെ ഗുണനിലവാരത്തകർച്ച വ്യക്തമാകും. തമിഴ്നാട് ഡ്രഗ്സ് കൺട്രോൾ വകുപ്പു നടത്തിയ പരിശോധനയിൽ പ്ലാന്റിലെ മരുന്നുനിർമാണത്തിൽ 350 വീഴ്ചകളാണ് കണ്ടെത്തിയത്. ഇത്രയും മോശമായ സാഹചര്യത്തിൽ ഉൽപാദിപ്പിച്ച മരുന്ന് എങ്ങനെയാണ് വിപണിയിലെത്തിയത് എന്ന ചോദ്യമാണുയരുന്നത്. ആ ചോദ്യത്തിന് ഉത്തരം നൽകേണ്ടതു ഡ്രഗ്സ് കൺട്രോൾ വകുപ്പും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനുമാണ് (സിഡിഎസ്‌സിഒ). വിപണിയിൽനിന്നു മരുന്നു പിൻവലിച്ചതുകൊണ്ടോ കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയതുകൊണ്ടോ യഥാർഥ വീഴ്ചകൾ മൂടിവയ്ക്കാനാകില്ല.
2022 ഒക്ടോബറിൽ ആഫ്രിക്കൻരാജ്യമായ ഗാംബിയയിൽ ചുമ മരുന്നു കഴിച്ച് 66 കുട്ടികൾ മരിച്ച സംഭവത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിരൽചൂണ്ടിയത് ആ മരുന്നുകൾ ഉൽപാദിപ്പിച്ച ഇന്ത്യൻ കമ്പനികൾക്കു നേരെയാണ്. അന്നു വില്ലനായ ചുമ മരുന്നിലും ഡൈഎത്തിലീൻ ഗ്ലൈക്കോളിന്റെയും എത്തിലീൻ ഗ്ലൈക്കോളിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്ന് ഇന്ത്യയിലെ ചില മരുന്നുനിർമാണ കമ്പനികൾക്കെതിരെ ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നൽകുകയും ഒട്ടേറെ രാജ്യങ്ങൾ ഈ മരുന്നുകൾക്കു വിലക്കേർപ്പെടുത്തുകയും ചെയ്തു. ആ സംഭവങ്ങളിൽനിന്നു രാജ്യത്തെ മരുന്നുകമ്പനികളോ നിയന്ത്രണസംവിധാനങ്ങളോ പാഠം പഠിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ സംഭവത്തിൽനിന്നു വ്യക്തമാകുന്നത്.
താരതമ്യേന വില കൂടിയ ഫാർമസ്യൂട്ടിക്കൽ ഗ്രേഡ് അസംസ്കൃത വസ്തുക്കളാണു മരുന്നുനിർമാണത്തിലെ ഘടകങ്ങൾ. ഫാർമസ്യൂട്ടിക്കൽ ഗ്രേഡ് ഗ്ലിസറിനും പ്രൊപ്പിലീൻ ഗ്ലൈക്കോളുമാണു ചുമ മരുന്നിൽ ഉപയോഗിക്കേണ്ടത്. അതിനുപകരം വ്യാവസായികാവശ്യത്തിനുള്ള വില കുറഞ്ഞ ഡൈഎത്തിലീൻ ഗ്ലൈക്കോളും (ഡിഇജി) എത്തിലീൻ ഗ്ലൈക്കോളും ഉപയോഗിച്ചു കൊള്ളലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന കമ്പനികളും ഇവിടെയുണ്ടെന്നതിന്റെ തെളിവാണ് ആ കുരുന്നുകളുടെ മരണം.
രാജ്യത്തെ മരുന്നു വ്യവസായം, അതിന്റെ നിയന്ത്രണം എന്നിവയെക്കുറിച്ചു പഠിക്കാൻ കേന്ദ്ര സർക്കാർ 2003ൽ നിയോഗിച്ച ഡോ. ആർ.എ. മഷേൽകർ കമ്മിറ്റി കേന്ദ്ര, സംസ്ഥാന തലത്തിലുള്ള മരുന്നുനിയന്ത്രണ സംവിധാനങ്ങളുടെ അപര്യാപ്തതയെക്കുറിച്ചു വ്യക്തമായ മുന്നറിയിപ്പു നൽകിയതാണ്. വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെയും ഡ്രഗ് ഇൻസ്പെക്ടർമാരുടെയും മരുന്നു പരിശോധനാ സംവിധാനങ്ങളുടെയും കുറവ് വലിയ പ്രതിസന്ധിതന്നെയാണ്. ഉദ്യോഗസ്ഥർ മരുന്നു കമ്പനികളുമായി ഒത്തുകളിക്കുന്നുവെന്ന ആക്ഷേപവും നിലനിൽക്കുന്നു.
ചിന്ത്‌വാഡ സംഭവത്തിൽ മരുന്നു കുറിച്ചുനൽകിയ ഡോക്ടറെ അറസ്റ്റ് ചെയ്തതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്തെത്തിയിട്ടുണ്ട്. മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ഒരു മാർഗവും ഡോക്ടർമാർക്കില്ലെന്ന് ഐഎംഎ വാദിക്കുന്നു. രാജ്യത്തെ മരുന്നു നിയന്ത്രണ സംവിധാനത്തിന്റെ കഴിവില്ലായ്മയെയും അപര്യാപ്തതയെയും അവർ കുറ്റപ്പെടുത്തുന്നു.
തകരഷീറ്റുകൾകൊണ്ടു കെട്ടിമറച്ചൊരു കെട്ടിടത്തിൽ, എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു മരുന്നുനിർമാണം നടത്താൻ കഴിയുന്ന സാഹചര്യം രാജ്യത്തു നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഇവിടത്തെ നിയന്ത്രണ സംവിധാനങ്ങളുടെ പരാജയം തന്നെയാണ്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും അമ്മമാരുടെ നിലവിളിക്കും വേദനയ്ക്കും കർശനമായ നടപടികളിലൂടെ മറുപടി പറയാനുള്ള ബാധ്യത ആ സംവിധാനങ്ങൾക്കുണ്ട്. English Summary:
India\“s Cough Syrup Tragedy: Unpacking Regulatory Failures and Child Deaths |
|