ചേർത്തല∙ ബിന്ദു പത്മനാഭൻ, ജെയ്നമ്മ വധക്കേസുകളിൽ പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന് (68) വാരനാട് സ്വദേശിയായ റിട്ട.ഗവ. ഉദ്യോഗസ്ഥ ഐഷയുടെ (ഹയറുമ്മ–57) തിരോധാനത്തിലും പങ്കുണ്ടെന്ന് ഐഷയുടെ അയൽവാസിയുടെ വെളിപ്പെടുത്തൽ. ഐഷയെ കാണാതാകുന്നതിന്റെ തലേദിവസം ഐഷയും സെബാസ്റ്റ്യനും തമ്മിൽ ഐഷയുടെ വീട്ടിൽ വച്ചു തർക്കമുണ്ടായെന്നും കാണാതായ ദിവസം സെബാസ്റ്റ്യനെ കാണാനാണെന്നു പറഞ്ഞാണു ഐഷ വീട്ടിൽ നിന്നു പോയതെന്നുമാണു ഐഷയുടെ അയൽവാസിയും സുഹൃത്തുമായ സ്ത്രീ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. കാണാതായ ഐഷ.
ഐഷയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയിരിക്കാമെന്നും ഇവർ പറയുന്നു. പിന്നാലെ ഐഷയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേക സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തി. ഈ വിവരങ്ങൾ പുറത്തുപറഞ്ഞാൽ തന്നെയും മകനെയും കൊലപ്പെടുത്തുമെന്നു സെബാസ്റ്റ്യൻ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇവർ പറഞ്ഞു. ‘‘സെബാസ്റ്റ്യൻ ഐഷയുടെ വീട്ടിൽ പതിവായി എത്താറുണ്ടായിരുന്നു.ഐഷയെ കാണാതായതിന്റെ തലേദിവസം എത്തിയപ്പോൾ ഇരുവരും തമ്മിൽ പണത്തെച്ചൊല്ലി തർക്കമുണ്ടായി.
സെബാസ്റ്റ്യൻ ഐഷയുടെ മുഖത്തടിച്ചപ്പോൾ ഐഷ തളർന്നു നിലത്തിരുന്നു. എന്നെ കണ്ടപ്പോൾ സെബാസ്റ്റ്യൻ വീട്ടിൽ നിന്നിറങ്ങിപ്പോയി. ഞാനാണു ഐഷയ്ക്കു കുടിക്കാൻ വെള്ളം എടുത്തു നൽകിയത്. പിറ്റേദിവസം വസ്തു വാങ്ങാനുള്ള പണവുമായി ഐഷ സെബാസ്റ്റ്യനെ കാണാൻ പോയി. ഇതിനു ശേഷം ഐഷയെ ആരും കണ്ടിട്ടില്ല. പിന്നീട് രണ്ടുവട്ടം വഴിയിൽ വച്ചു കണ്ടപ്പോൾ സെബാസ്റ്റ്യൻ എന്നെ ഭീഷണിപ്പെടുത്തി. കണ്ട കാര്യങ്ങൾ പുറത്തുപറഞ്ഞാൽ എന്നെയും മകനെയും കൊന്നുകളയുമെന്നായിരുന്നു ഭീഷണി’’–അയൽവാസിയായ സ്ത്രീ പറഞ്ഞു.
പഞ്ചായത്ത് വകുപ്പിൽ ജീവനക്കാരിയായിരുന്ന ഐഷയെ 2012 മേയ് 12നാണു കാണാതായത്. കാണാതാകുമ്പോൾ, ഭൂമി വാങ്ങാനായി കരുതിയ രണ്ടു ലക്ഷം രൂപയും ഒന്നരപ്പവന്റെ ആഭരണവും ഇവരുടെ കൈവശമുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഐഷ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ തുടക്കം മുതൽ സെബാസ്റ്റ്യൻ തന്നെയാണു സംശയനിഴലിൽ.
കേസിൽ സെബാസ്റ്റ്യനെ പ്രതിചേർക്കാനുള്ള തെളിവുകൾ സമാഹരിച്ച ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണു പൊലീസ്. ഇതിനിടയിലാണു കേസിൽ സെബാസ്റ്റ്യന്റെ പങ്കു വ്യക്തമാക്കുന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ (54), ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52) എന്നിവരെ കൊലപ്പെടുത്തിയെന്ന കേസുകളിൽ പ്രതിയായ സെബാസ്റ്റ്യൻ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. English Summary:
Aisha missing case investigation has taken a new turn with a neighbor\“s statement implicating CM Sebastian. The neighbor claims Sebastian threatened her after Aisha disappeared. Police are investigating Sebastian\“s potential involvement in Aisha\“s disappearance. |
|