cy520520 • 2025-10-28 09:17:29 • views 1222
തളിപ്പറമ്പ്∙ നഗരത്തിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത വൻ അഗ്നിബാധയിൽ വെണ്ണീറായത് നൂറു കണക്കിന് വ്യാപാരികളുടെയും ജീവനക്കാരുടെയും ജീവിതം. കണ്ണൂർ ജില്ലയിലെ എല്ലാ അഗ്നിരക്ഷാ കേന്ദ്രങ്ങളിലെയും യൂണിറ്റുകളും കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട്, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള 20ൽ അധികം യൂണിറ്റുകളും വിമാനത്താവളത്തിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകളും എത്തിയിരുന്നു. തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ പടർന്ന തീ അണയ്ക്കാനുള്ള ശ്രമം.
കെ.വി. കോംപ്ലക്സിലും ഇതിനോട് ചേർന്നുള്ള മറ്റ് 2 കോംപ്ലെക്സുകളിലായുള്ള 50 ഓളം കടകളാണ് ഇന്നലെ ഒരു മണിക്കൂറിനുള്ളിൽ ഇല്ലാതായത്. താഴെ നിലയിലുള്ള മാക്സ്ട്രോ എന്ന കടയിൽ നിന്ന് ആരംഭിച്ച തീ മിനിറ്റുകൾക്കുള്ളിലാണ് മുകളിലേക്ക് പടർന്ന് കയറിയത്. കോംപ്ലക്സിൽ 2 നിലകളിലായി 10ൽ അധികം മുറികളിൽ പ്രവർത്തിക്കുന്ന ഷാലിമാർ സ്റ്റോർ, ഫൺ സിറ്റി, ബോയ്സ് സോൺ, രാജധാനി സൂപ്പർ മാർക്കറ്റ്, സർഗചിത്ര സ്റ്റുഡിയോ, കളേഴ്സ് റെഡിമെയ്ഡ്സ്, എസ്എം പച്ചക്കറി, പിഎംഎസ് പച്ചക്കറി തുടങ്ങിയ ഒട്ടേറെ കടകളാണ് അഗ്നിക്കിരയായത്.
മിക്ക കടകളിലെയും ഇന്നലത്തെ വരുമാനം പോലും എടുക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. മുകൾ നിലകളിലേക്ക് അതിവേഗം തീ പടർന്നതിനാൽ ജീവനക്കാരും അവിടെയുണ്ടായിരുന്ന നാട്ടുകാരും ജീവൻ രക്ഷിക്കാൻ കടകളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തങ്ങളുടെ ജീവിത സമ്പാദ്യം നോക്കി കോംപ്ലക്സിന് താഴെ ദേശീയപാതയിൽ നിന്ന് വിലപിക്കുന്ന വ്യാപാരികളുടെ ദൃശ്യം കണ്ടുനിന്നവർക്കും നൊമ്പരമായി. തളിപ്പറമ്പിൽ മാർക്കറ്റിൽ ചിലപ്പോൾ അഗ്നിബാധ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും ഭീകരമായ അവസ്ഥ ആദ്യമായിട്ടാണ് ഉണ്ടായത്. തളിപ്പറമ്പിൽ ഇന്നലെ വൈകിട്ട് വ്യാപാര സമുച്ചയത്തിലുണ്ടായ തീ രാത്രിയോടെ നിയന്ത്രണവിധേയമായപ്പോൾ.
ഓടിയെത്തിയവരിൽ ജനപ്രതിനിധികളും നേതാക്കളും നാട്ടുകാരും
തളിപ്പറമ്പ്∙ നഗരം വെന്തെരിയുന്നത് അറിഞ്ഞ് ഓടിയെത്തിയവരിൽ ജനപ്രതിനിധികളും നേതാക്കളും നാട്ടുകാരും. വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി സമിതി നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ്, സെക്രട്ടറി വി.താജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നഗരസഭ അധ്യക്ഷ മുർഷിദ കൊങ്ങായി,സ്ഥിരസമിതി അധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ, ഉപാധ്യക്ഷൻ കല്ലിങ്കീൽ പത്മനാഭൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ എന്നിവരും ആദ്യം തന്നെ സ്ഥലത്ത് എത്തിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, കെപിസിസി അംഗം ടി.ഒ.മോഹനൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, കെ.കെ.രാഗേഷ് എംപി തുടങ്ങിയവരും സ്ഥലത്തെത്തി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ, സിഐ ബാബുമോൻ, എസ്ഐ കെ.ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തുടക്കം മുതൽ രംഗത്തുണ്ടായിരുന്നത്. പിന്നീട് റൂറൽ എസ്പി അനൂജ് പലിവാളും സ്ഥലത്തെത്തിയിരുന്നു.
സന്നദ്ധ പ്രവർത്തകരുടെ ഇടപെടൽ നിർണായകമായി
തളിപ്പറമ്പ് ∙ അഗ്നിബാധയിൽ രക്ഷാപ്രവർത്തനത്തിൽ നിർണായകമായത് നാട്ടുകാരുടെയും വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരുടെയും ഇടപെടൽ. തീപിടിച്ച കെവി കോംപ്ലക്സിൽ മിൽമ ബൂത്ത് ഉൾപ്പെടെ 5 ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. തീപടർന്നുപിടിക്കുന്നത് കണ്ട് ഇവയിലെ പാചക വാതക സിലിണ്ടറുകൾ നാട്ടുകാരുടെയും കോപ്ലെക്സിലെ ജീവനക്കാരുടെയും നേതൃത്വത്തിൽ നീക്കം ചെയ്യുകയായിരുന്നു.
ഇവ പുറത്തെത്തിച്ച ശേഷം നഗരസഭ അധികൃതർ നീക്കം ചെയ്തു. സിലിണ്ടറുകൾ ഉണ്ടായിരുന്ന കടകളിൽ പലതും അഗ്നിബാധയിൽ പൂർണമായും നശിച്ചിരുന്നു. പാചക വാതക സിലിണ്ടറുകൾ മാറ്റിയില്ലെങ്കിൽ വൻ ദുരന്തം നേരിടേണ്ടി വരുന്ന അവസ്ഥയായിരുന്നു. കോംപ്ലക്സിലെ കടകളോടു ചേർന്ന് സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളും തീ പിടിത്തത്തിന്റെ വേഗം വർധിപ്പിക്കാൻ ഇടയാക്കി. താഴെ നിലയിൽനിന്ന് ആരംഭിച്ച തീ ബോർഡുകളിലേക്ക് പടർന്നതോടെയാണ് അതിവേഗം വ്യാപിച്ചത്. കടകളിൽ ഏറെയും പ്ലാസ്റ്റിക്, തുകൽ, ടെക്സ്റ്റൈൽ ഉൽപന്നങ്ങൾ വിൽക്കുന്ന കടകളായതിനാൽ അഗ്നിബാധയുടെ വേഗം വർധിക്കാനിടയാക്കി.
തുണയായത് ശുദ്ധജലം വിതരണം ചെയ്യുന്ന ടാങ്കറുകൾ
രക്ഷാ പ്രവർത്തനത്തിന് അഗ്നിരക്ഷാ സേന എത്താൻ വൈകിയപ്പോൾ രക്ഷയായത് നഗരത്തിൽ ശുദ്ധജലവിതരണം നടത്തുന്ന ടാങ്കർ ലോറികൾ. വൈകിട്ട് 5 ന് ആരംഭിച്ച അഗ്നിബാധയുടെ ആദ്യ മണിക്കൂറിൽ തളിപ്പറമ്പ് അഗ്നിരക്ഷാ യൂണിറ്റിന്റെ 2 വാഹനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ടാങ്കറിലെ വെള്ളം തീർന്ന് വെള്ളം നിറയ്ക്കാൻ ഇവ തിരിച്ച് പോയതോടെ കടകൾ നിന്നുകത്തുന്ന അവസ്ഥയായിരുന്നു.
അപ്പോഴാണ് നഗരത്തിൽ ശുദ്ധജലവിതരണം നടത്തുന്ന ടാങ്കർ ലോറികൾ വെള്ളവുമായി ഓടിയെത്തിയത്. ജാഫർ, ഐഡിയൽ, ബീക്കേ തുടങ്ങിയ കുടിവെള്ള വിതരണ കമ്പനികളാണ് ഒട്ടേറെത്തവണ ടാങ്കർ ലോറികളിൽ വെള്ളവുമായി എത്തി രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായത്. ഇവരുടെ ടാങ്കറിൽ ഘടിപ്പിച്ച മോട്ടർ ഉപയോഗിച്ച് തന്നെ വെള്ളം പമ്പ് ചെയ്യുകയും അഗ്നിരക്ഷാ സേനയ്ക്ക് കൈമാറുകയുമായിരുന്നു. കൂടാതെ പൊലീസിന്റെ നിർദേശമനുസരിച്ച് ദേശീയപാത നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്‌ഷൻസും അവരുടെ ടാങ്കർ ലോറികളിൽ വെള്ളവുമായി എത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. English Summary:
Taliparamba fire accident resulted in a devastating loss for hundreds of merchants and employees as a massive fire engulfed a commercial complex. The fire, which started in a shop, quickly spread and destroyed numerous businesses, prompting a large-scale response from fire departments and volunteers. This is the first time Taliparamba has experienced an accident of this magnitude. |
|