കൊച്ചി ∙ ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികൾക്കു പുറമെ ശ്രീകോവില്‍ വാതിലിന്റെയും വശങ്ങളിലെയും ചെമ്പുപാളികള്‍ സ്വർണം പൂശുന്നതിൽ ക്രമക്കേട് നടന്നിട്ടുണ്ടന്ന് കോടതിയുടെ നിരീക്ഷണം. നേരത്തേ ഈ വസ്തുക്കളിലെല്ലാമുണ്ടായിരുന്ന സ്വര്‍ണപ്പാളികൾ ഉരുക്കിയെടുത്തതിൽ നിന്ന് ബാക്കിയുള്ള 474.9 ഗ്രാം സ്വർണം ‘സ്പോൺസർ’ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ് കൈമാറിയെന്ന് കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റി ഇത് ദേവസ്വം ബോർഡിനെ തിരികെ ഏൽപ്പിച്ചിട്ടില്ലെന്നാണ് രേഖകൾ കാണിക്കുന്നതെന്നും ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഉത്തരവിൽ പറയുന്നു.
- Also Read ശബരിമലയിലെ സ്വർണപ്പാളി വിവാദം: ദേവസ്വം ബോര്‍ഡ് പൊലീസിൽ പരാതി നല്‍കും, നടപടി വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന്
ഉണ്ണികൃഷ്ണൻ പോറ്റിക്കു പുറമെ ക്രമക്കേടുകളിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും സൂചിപ്പിക്കുന്നതാണ് കോടതി ഉത്തരവ്. ദ്വാരപാലക ശിൽപങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ് ശബരിമല ശ്രീകോവിലിന്റെ വാതിൽപ്പടിയിലെ ചെമ്പുപാളികളും ഉണ്ണിക്കൃഷ്ണൻ പോറ്റി എത്തിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് എക്സിക്യൂട്ടീവ് ഓഫിസറുടെ കത്തിൽ ആദ്യം സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ എന്ന് പരാമർശിച്ചിരുന്നെങ്കിലും പിന്നീട് ദേവസ്വം കമ്മിഷണറുടെ കത്തിലും തുടർന്ന് ബോർഡിന്റെ ഉത്തരവിലും ഇത് ചെമ്പുപാളികൾ എന്നു മാത്രമാണെന്ന് ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈ ക്രമക്കേട് ഗൗരവമുള്ളതാണെന്നും ശ്രീകോവിൽ അടക്കം സ്വർണത്തിൽ പൊതിഞ്ഞ 1998–99 സമയത്ത് 30.291 കിലോ സ്വര്‍ണം ഉപയോഗിച്ചിരുന്നതാണെന്ന് തങ്ങൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു എന്നും കോടതി പറയുന്നു. ദേവസ്വം ഉദ്യോഗസ്ഥർക്ക് പ്രഥമദൃഷ്ട്യാ തന്നെ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണു മനസിലാകുന്നത് എന്നും ഇത് വിശദമായി തന്നെ അന്വേഷിക്കേണ്ടതാണെന്നു കോടതി വ്യക്തമാക്കി.
- Also Read പോറ്റി ലക്ഷ്യമിട്ടത് മല്യയുടെ ‘സ്വിസ് ഗോൾഡോ’ ജയറാമിന്റെ പൂജയോ? ദേവസ്വം ബോർഡിലെ ‘ഗാർഡിയൻ’ വഴി ശിൽപങ്ങളും കടത്തിയോ?
2019 മാർച്ചിൽ വശങ്ങളിലെ പാളി/ലിന്റൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള ദേവസ്വം ബോർഡ് ഉത്തരവിലും ചെമ്പുപാളികൾ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019 മേയിൽ തയാറാക്കിയ മഹസറിലും ചെമ്പുപാളികൾ എന്നു മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീകോവിലിന്റെ മുന്നിലും പിന്നിലുമുള്ള വാതിൽപ്പാളിയിൽ സ്വർണം പൂശിയ ശേഷം 2019 മാർച്ചിലാണ് ഗോവർധൻ എന്ന സ്പോൺസറെ സ്മാർട് ക്രിയേഷൻസ് ഏൽപ്പിക്കുന്നത്. ഗോവർധൻ ആദ്യം 200 ഗ്രാമും പിന്നീട് 125.5 ഗ്രാമും സ്വര്‍ണം പൂശുന്നതിനായി സ്മാർട് ക്രിയേഷൻസിന് കൈമാറിയിട്ടുണ്ട്. 321.6 ഗ്രാം സ്വർണമാണ് ഇതിൽ പൂശിയത് എന്നാണ് രേഖ.
പിന്നാലെ, വശങ്ങളിലെ പാളി/ലിന്റലിന്റെ ഏഴെണ്ണം ഉണ്ണികൃഷ്ണൻ പോറ്റിയും സഹായികളും ചെന്നൈയിലെ സ്ഥാപനത്തിൽ എത്തിച്ചു. സ്വര്‍ണം പൊതിഞ്ഞിട്ടുള്ള വസ്തുക്കളിൽ വീണ്ടും സ്വര്‍ണം പൂശാനുള്ള സാങ്കേതിക വിദ്യ തങ്ങളുടെ പക്കലില്ലെന്ന് സ്മാർട് ക്രിയേഷൻസ് പറഞ്ഞെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർബന്ധത്തിനു വഴങ്ങി ഇക്കാര്യം ചെയ്തു. ഇതിനായി ആസിഡിൽ ലയിപ്പിച്ച് ചെമ്പുപാളിയിൽ നിന്നു സ്വർണം വേർതിരിച്ചെടുത്തു. സ്വർണം പൂശുന്നതിനായി ഗോവർധൻ 186.587 ഗ്രാമാണ് ചെന്നൈ സ്ഥാപത്തിന് നൽകിയത്. 184 ഗ്രാം സ്വര്‍ണം പൂശാൻ ഉപയോഗിച്ച് ബാക്കി തിരികെ സ്പോൺസർക്ക് തന്നെ നൽകിയെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2019 ഓഗസ്റ്റിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ 14 ചെമ്പുപാളികൾ ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചെങ്കിലും ഇതിൽ സ്വർണത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ ഇത് വേർതിരിച്ചെടുക്കുന്നതിൽ തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യ കുറവ് സ്മാർട് ക്രിയേഷൻസ് ചൂണ്ടിക്കാട്ടി. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർബന്ധത്തിനു വഴങ്ങി ഇക്കാര്യം ചെയ്തു. നേരത്തെ ഉരുക്കിയെടുത്ത സ്വർണവും ഉപയോഗിക്കാമെന്നും നിർദേശിച്ചു. ചെമ്പുപാളികൾ വൃത്തിയാക്കിയ ശേഷം സ്വർണം തന്നയാളുടേയും ക്ഷേത്രം അധികൃതരുടേയും സാന്നിധ്യത്തിൽ സ്വർണം പൂശുകയും 2019 സെപ്റ്റംബർ നാലിന് ഉണ്ണികൃഷ്ണൻ പോറ്റിയെ ഇവ ഏൽപ്പിക്കുകയും ചെയ്തു. ഇതിന് 394.9 ഗ്രാം സ്വർണമാണ് ചെലവായത്.
വശങ്ങളിലെ പാളികളിൽ നിന്ന് ഉരുക്കിയെടുത്തത് 409 ഗ്രാമും ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ ഉൾപ്പെടെ 14 വസ്തുക്കളിൽ നിന്ന് ഉരുക്കിയെടുത്തത് 577 ഗ്രാം സ്വർണവുമാണ്. ആകെ 989 ഗ്രാം സ്വര്‍ണം. ഇതിൽ 3 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയും നൽകിയിട്ടുണ്ട്. 393.9 ഗ്രാം സ്വർണം ദ്വാരപാലക ശിൽപ്പങ്ങളുെട പാളികളും 9.9 ഗ്രാം സ്വര്‍ണം മറ്റു വസ്തുക്കളും സ്വർണം പൂശാനായി ഉപയോഗിച്ചു. ആകെ 404.8 ഗ്രാം സ്വർണം ആകെ ഉപയോഗിച്ചു. സ്വർണപ്പണി, പ്ലേറ്റിങ് ഇന്‍വോയിസ്, മറ്റു ചെലവുകൾ എന്നിവയ്ക്കായി പോറ്റിയുടെ നിർദേശപ്രകാരം 109.243 ഗ്രാം കുറച്ചപ്പോൾ ബാക്കി വന്നത് 474.9 ഗ്രാം സ്വർണമാണ്. ഇത് പോറ്റി അധികാരപ്പെടുത്തിയ കൽപ്പേഷ് എന്നയാൾക്ക് കൈമാറി.
ഈ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് കൈമാറിയതായി രേഖയില്ല എന്നും കോടതി പറയുന്നു. സ്വര്‍ണം പൊതിഞ്ഞ പാളികൾ ചെമ്പുപാളികൾ എന്നു രേഖപ്പെടുത്തി, സ്വര്‍ണപ്പാളിയിൽ നിന്ന് അനധികൃതമായി സ്വർണം വേർതിരിച്ചെടുത്തു, വേർതിരിച്ചെടുത്ത സ്വർണം തിരിമറി നടത്തി തുടങ്ങിയ കാര്യങ്ങൾ കുറ്റകരമാണെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് കോടതി ഉത്തരവിൽ പറയുന്നത്.
ദ്വാരപാലക ശിൽപങ്ങൾക്കൂടാതെ, വശങ്ങളിലെ പാളികൾ /ലിന്റലിന്റെ കാര്യത്തിലും പ്രത്യേകാന്വേഷണ സംഘം അന്വേഷണം നടത്തണം. അന്വേഷണം നിർദിഷ്ട സമയത്തിനുള്ളിൽ പൂർത്തിയാക്കാനായി അന്വേഷണത്തിനു ചുമതലയുള്ള പൊലീസ് ട്രെയിനിങ് കോളജ് അസി.ഡയറക്ടർ എസ്.ശശിധരൻ, ക്രൈംബ്രാഞ്ച് എസ്പി പി.ബിജോയ്, ക്രൈംബ്രാഞ്ച് വയനാട് ഡിവൈഎസ്പി എസ്.എസ്.സുരേഷ് ബാബു, ഡിവൈഎസ്പി എ.കെ.ശശി എന്നിവരെയും ഉൾപ്പെടുത്തണമെന്ന് അഭ്യർഥിച്ചു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെ കോടതി കേസിൽ കക്ഷി ചേർത്തു. ഈ ഉദ്യോഗസ്ഥരുടെ സേവനവും എസ്ഐടിക്ക് വിട്ടു നൽകാൻ ഡിജിപി ഉത്തരവിറക്കണം. എസ്ഐടി ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം.
എസ്ഐടി നിക്ഷ്പക്ഷമായ അന്വേഷണം നടത്തുകയും പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം. എസ്ഐടി ഉദ്യോഗസ്ഥർ കോടതിക്കാണു നേരിട്ട് മറുപടി നൽകേണ്ടത്. അന്വേഷണം പൂർത്തിയാകുന്നതുവരെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും കോടതിക്കു മുന്നിൽ തൽസ്ഥിതി റിപ്പോർട്ട് മുദ്രവച്ച കവറിൽ രണ്ടാഴ്ചയ്ക്കൊരിക്കൽ നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ െബഞ്ച് വ്യക്തമാക്കി. എസ്ഐടിയുടെ ശ്രമഫലമായി സത്യം പുറത്തുവരുന്നതുവരെ മാധ്യമങ്ങൾ വിഷയത്തിൽ നിയന്ത്രണം പാലിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. English Summary:
Court Observes Irregularities in Sabarimala Gold Plating: Sabarimala gold scam involves irregularities in gold plating at the Sabarimala temple, as observed by the court. |
|