deltin33 • 2025-10-28 09:19:15 • views 571
തിരുവനന്തപുരം ∙ വഴുതക്കാട്– കോട്ടൺഹിൽ റോഡിൽ പൊലീസ് അടപ്പിച്ച തട്ടുകടകൾ ഒരാഴ്ച തികയും മുൻപ് വീണ്ടും തുറന്നത് രാഷ്ട്രീയ ഇടപെടലിൽ. വഴുതക്കാട്– കോട്ടൺഹിൽ, കേശവദാസപുരം– പരുത്തിപ്പാറ റോഡുകളിൽ ബെനാമി പേരിൽ തട്ടുകട നടത്തുന്ന ഹോട്ടൽ ശൃംഖലയുടെ \“പിടിപാട്\“ ഉപയോഗിച്ചാണ് തട്ടുകടകൾ വീണ്ടും തുറന്നതെന്നാണ് ആക്ഷേപം. എംജി കോളജിന് മുന്നിലെ കടകളും ഇന്നലെ മുതൽ സജീവമായിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കുകയാണെന്നു ബോധ്യമായിട്ടും പൊലീസും കോർപറേഷനും ഉന്നതരുടെ തട്ടുകടകളിൽ തൊടാൻ വിറയ്ക്കുന്നു.
പരസ്പരം പഴിചാരി പൊലീസും കോർപറേഷനും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ആരോപണമുണ്ട്. സ്വാധീനമില്ലാത്തവർ നടത്തുന്ന കടകൾ ഒഴിപ്പിക്കുകയും ചെയ്തു.റോഡ് കയ്യേറിയും ഗതാഗതം തടസപ്പെടുത്തിയും പ്രവർത്തിക്കുന്നതിനാൽ സ്വയം ഒഴിയണമെന്നാവശ്യപ്പെട്ട് ഈ മാസം ഒന്നിന് മ്യൂസിയം പൊലീസ് തട്ടുകടകൾക്കു നോട്ടിസ് നൽകിയിരുന്നു. എന്നാൽ അടുത്ത ദിവസവും ചില കടകൾ പ്രവർത്തിച്ചപ്പോൾ ബല പ്രയോഗത്തിലൂടെ ഒഴിപ്പിക്കേണ്ടി വന്നത്.ഒരാഴ്ച പോലും തികയും മുൻപ് ഈ കടകളെല്ലാം വീണ്ടും റോഡിൽ സ്ഥാനം പിടിച്ചു.
തുറന്ന കടകളെല്ലാം നടപ്പാതയും റോഡും കയ്യേറിയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. എന്നിട്ടും പൊലീസ് അനങ്ങുന്നില്ല.അനധികൃത കടകൾ ഒഴിപ്പിക്കേണ്ടത് കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കേണ്ടതു പൊലീസിന്റെയും ചുമതലയാണ്. ഭക്ഷണത്തിന്റെ ഗുണ നിലവാരം പരിശോധിക്കേണ്ട ഭക്ഷ്യ സുരക്ഷാ വകുപ്പും കണ്ട ഭാവം നടിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ കാരണം ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം ∙ റോഡ് കയ്യേറി പ്രവർത്തിക്കുന്നെന്ന പരാതിയിൽ വഴുതക്കാട്– കോട്ടൺഹിൽ റോഡിൽ പൊലീസ് അടപ്പിച്ച തട്ടുകടകൾ അനുമതിയില്ലാതെ തുറന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തു.
അനധികൃത തട്ടുകടകൾക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോർട്ട് 3 ആഴ്ചയ്ക്കകം സമർപ്പിക്കാൻ കോർപറേഷൻ സെക്രട്ടറിയോടും സിറ്റി പൊലീസ് കമ്മിഷണറോടും കമ്മിഷൻ ആവശ്യപ്പെട്ടു. അടുത്ത മാസം 6ന് കേസ് പരിഗണിക്കും. കോർപറേഷൻ സെക്രട്ടറിയെ പ്രതിനിധീകരിച്ച് സീനിയർ ഓഫിസറും സിറ്റി പൊലീസ് കമ്മിഷണറെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനും സിറ്റിങ്ങിൽ പങ്കെടുക്കണമെന്നു കമ്മിഷൻ ചെയർ പഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. English Summary:
Street vendor encroachment is a serious issue in Thiruvananthapuram. Despite initial closures by the police, illegal street vendors in Vazhuthacaud have reopened due to political influence, prompting intervention from the Human Rights Commission and raising concerns about food safety and road obstruction. |
|