ഒറ്റപ്പാലം ∙ വാണിയംകുളത്തു ഡിവൈഎഫ്ഐ മുൻ നേതാവ് പനയൂർ തോട്ടപ്പള്ളിയാലിൽ വിനേഷിനു (38) നേരെയുണ്ടായ ആക്രമണം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണെന്നു ഷൊർണൂർ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ 3 സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ കോടതി റിമാൻഡ് ചെയ്തു. പരുക്കേറ്റു വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന വിനേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
സിപിഎം വാണിയംകുളം ലോക്കൽ കമ്മിറ്റി അംഗം മൂലംകുന്നത്ത് മുഹമ്മദ് ഹാരിസ് (35), ഡിവൈഎഫ്ഐ കൂനത്തറ മേഖലാ ഭാരവാഹികളായ കുന്നത്ത് സുർജിത്ത് (28), മാന്നനൂർ പള്ളത്ത് കിരൺ (30) എന്നിവരാണു പിടിയിലായത്. ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി സി.രാകേഷ് ഉൾപ്പെടെ മറ്റു ചിലർക്കു കൂടി കേസിൽ പങ്കാളിത്തമുണ്ടെന്നു പൊലീസ് പറഞ്ഞു. അതേസമയം, കേസിൽ ഉൾപ്പെട്ട 4 പേർക്കെതിരെ സിപിഎം നടപടിയെടുത്തു. സി.രാകേഷ്, മുഹമ്മദ് ഹാരിസ്, സുർജിത്ത്, കിരൺ എന്നിവരെ സിപിഎം അംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തു.
ബുധനാഴ്ച രാത്രി വാണിയംകുളത്തെ ബാർ ഹോട്ടലിൽ വിനേഷിനെയും സുഹൃത്തുക്കളെയും നിരീക്ഷിച്ച കിരൺ പുറത്തു കാത്തുനിന്നിരുന്ന ഹാരിസ് ഉൾപ്പെടെയുള്ളവർക്കു വിവരം കൈമാറിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ. വിനേഷും 2 സുഹൃത്തുക്കളും പുറത്തിറങ്ങി ബൈക്കിൽ പോയതോടെ ഹാരിസും സുർജിത്തും തടഞ്ഞുനിർത്തി ആക്രമിച്ചെന്നും പിന്നാലെയെത്തിയ കിരൺ ഒപ്പം ചേർന്നെന്നും പൊലീസ് പറഞ്ഞു.
പരുക്കുകളോടെ ഇവിടെ നിന്നു രക്ഷപ്പെട്ട വിനേഷ് പനയൂരിൽ നിർത്തിയിട്ടിരുന്ന സ്വന്തം ബൈക്കിനടുത്ത് എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണം. ഗുരുതരമായി പരുക്കേറ്റ വിനേഷിനെ സുഹൃത്തുക്കളാണു വീടിനു സമീപം കിടത്തിപ്പോയതെന്നും അന്വേഷണത്തിൽ വ്യക്തമായി. പിന്നീടാണു കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചത്.
ഷൊർണൂർ ഗണേശ്ഗിരിയിൽ ഡിവൈഎഫ്ഐയുടെ പഞ്ചഗുസ്തി മത്സരം ഉദ്ഘാടനം ചെയ്തതു സംബന്ധിച്ച രാകേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ വിനേഷ് ഇട്ട കമന്റിനെ ചൊല്ലിയായിരുന്നു ആക്രമണം. ‘പൊതുജനങ്ങൾക്ക് ഈ പരിപാടി കൊണ്ട് എന്തു ലാഭമാണ് ഉണ്ടാക്കിയത്’ എന്നായിരുന്നു വിനേഷിന്റെ കമന്റ്. ആക്രമണത്തിന് ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം, ആസൂത്രണവും ഗൂഢാലോചനയും ഇല്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി.
ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്ത പ്രതികളെ തെളിവെടുപ്പിനു കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിക്കും.രാകേഷ് ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, ഇൻസ്പെക്ടർമാരായ വി.രവികുമാർ (ഷൊർണൂർ), അൻഷാദ് (പട്ടാമ്പി) എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. English Summary:
DYFI leader attack is currently under investigation by the police in Ottapalam. The investigation has led to arrests, and the victim remains in critical condition. Authorities are actively pursuing further leads and gathering evidence related to the case. |