cy520520 • 2025-10-28 09:22:32 • views 820
കായംകുളം∙ തിരുവിതാംകൂർ രാജഭരണത്തിന്റെ ചരിത്രം പേറുന്ന കൃഷ്ണപുരത്തെ കോടതി കെട്ടിടം വിസ്മൃതിയിലായി. കൊട്ടാരത്തിന് സമീപം ബിഷപ് മൂർ സ്കൂൾ അങ്കണത്തിലുള്ള കോടതി കെട്ടിടമാണ് വെള്ളിയാഴ്ച രാത്രി പൊളിച്ചുമാറ്റിയത്. രണ്ട് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കെട്ടിടമാണ് ഇതോടെ ഓർമയായത്. റാണി ഗൗരിലക്ഷ്മിഭായിയുടെ കാലത്ത് (1810-1814) ബ്രിട്ടിഷ് റസിഡന്റായിരുന്ന കേണൽ ജോൺ മൺറോ തിരുവിതാംകൂറിൽ സ്ഥാപിച്ച 8 സദീർ കോടതികളിൽ (മുഖ്യ കോടതികൾ) ഒന്നാണ് സ്കൂൾ അങ്കണത്തിലുണ്ടായിരുന്നത്.
കൃഷ്‌ണപുരം കൊട്ടാരം കഴിഞ്ഞാൽ നാടിന്റെ രണ്ടാമത്തെ പൈതൃക കെട്ടിടമെന്ന് ഇതിനെ വിശേഷിപ്പിച്ചിരുന്നു. തിരുവിതാംകുർ ഭരണാധികാരിയായിരുന്ന സ്വാതിതിരുനാൾ നേരിട്ട് കോടതി നടപടികൾ വീക്ഷിക്കാൻ ഇവിടെ എത്തിയിരുന്നെന്ന് ചരിത്രകാരനായ ഡോ.എം.ജി.ശശിഭൂഷൺ പറഞ്ഞു.
ബംഗ്ലാവ് നശിപ്പിക്കപ്പെടാതെ ചരിത്രസ്മാരകമായി നിലനിർത്തണമെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, പുരാവസ്തു വകുപ്പിന്റെ ചരിത്ര സ്മാരക പട്ടികയിൽ കെട്ടിടം ഇടംപിടിക്കാതെ പോയതിനാലാണ് സംരക്ഷിക്കാൻ കഴിയാതെ വന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടികളുടെ സുരക്ഷ പരിഗണിച്ച് കെട്ടിടം പൊളിക്കാൻ സ്കൂൾ അധികൃതർ തീരുമാനിക്കുകയായിരുന്നു. English Summary:
Kayamkulam Court Building, a historic structure with roots in the Travancore kingdom, was demolished. The building, once one of the eight Sadr courts established by Colonel John Munro, held significant historical value and was considered a heritage site near Krishnapuram Palace. |
|