deltin33 • 2025-10-28 09:25:38 • views 785
കൊച്ചി ∙ ശബരിമല ദ്വാരപാലക ശിൽപങ്ങളിലെയടക്കം സ്വർണപ്പാളികൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് ഹൈക്കോടതിയിൽ. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പ്രധാന ആവശ്യം. സംസ്ഥാനത്തെ 5 ദേവസ്വങ്ങളുടെയും കീഴിലുള്ള ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുവകകളുടെ ഓഡിറ്റിങ് സിഎജിയെക്കൊണ്ട് നടത്തണമെന്നാണ് ഹർജിയിലെ മറ്റൊരു ആവശ്യം. എസ്ഐടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രണ്ട് പൊലീസ് ഇൻസ്പെക്ടർമാർ വിവാദം നടക്കുന്ന കാലയളവിൽ വിജിലൻസിന്റെ ഭാഗമായിരുന്നു എന്നും ഹര്‍ജിയിൽ പരാമർശമുണ്ട്. ഹർജിയിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ച കോടതി കേസ് വീണ്ടും നവംബർ ആറിനു പരിഗണിക്കും.
- Also Read ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണം, ബോർഡ് പിരിച്ചു വിടണം: ഗവർണറെ കണ്ട് ബിജെപി നേതൃത്വം
സ്വര്‍ണപ്പാളികൾ സന്നിധാനത്തു നിന്നു ചെന്നൈയിലേക്ക് കൊണ്ടുപോകുന്നവഴി മറ്റു സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹർജിയിൽ പറയുന്നു. ഹൈക്കോടതിയുടെ മേൽനോട്ടം കേസിൽ ഉണ്ടെങ്കിൽ പോലും ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്കാരാണ് കേസിൽ പ്രതികളായ ദേവസ്വം ബോർഡ് അംഗങ്ങൾ എന്നതിനാൽ അന്വേഷണ സംഘത്തിനു മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടാകും. ഈ സാഹചര്യത്തിൽ സിബിഐ പോലുള്ള കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണമെന്നും ഹർജിയിൽ പറയുന്നു.
- Also Read ‘ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പൂർത്തിയാകട്ടെ, ആരൊക്കെ ജയിലില്‍ പോകുമെന്ന് അപ്പോള്‍ നോക്കാം’
കേരളത്തിലെ 5 ദേവസ്വങ്ങളുടെയും കീഴിലുള്ള ക്ഷേത്രങ്ങളിൽ സ്വര്‍ണം ഉൾപ്പെടെ വിലപിടിച്ച ഒട്ടേറെ വസ്തുക്കളുണ്ട്. ഇവയുടെ കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ സിഎജിയുടെ മേൽനോട്ടത്തിൽ ഓഡിറ്റിങ് ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. അടിയന്തര നടപടിയായി വിലപിടിപ്പുള്ള വസ്തുക്കളുടെ വിശദമായ കണക്കുകൾ നൽകാൻ ദേവസ്വങ്ങൾക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എസ്ഐടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വാകത്താനം പൊലീസ് ഇൻസ്പെക്ടർ അനീഷ്, കൈപ്പമംഗലം പൊലിസ് ഇൻസ്പെക്ടർ ബിജു രാധാകൃഷ്ണൻ എന്നിവർ 2019 കാലയളവിൽ ദേവസ്വം വിജിലൻസിന്റെ ഭാഗമായിരുന്നവരാണ്. അതുകൊണ്ട് ഇവരെ ഉൾപ്പെടുത്തിയുള്ള അന്വേഷണം അതിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ബാധിച്ചേക്കാമെന്നും ഹർജിയിൽ പറയുന്നു. English Summary:
Sabarimala Gold Plating Issue: Sabarimala Gold Missing Case prompts VHP to seek CBI investigation, alleging political pressure on SIT. |
|