LHC0088 • 2025-10-28 09:25:54 • views 1241
തിരുവനന്തപുരം ∙ മകൾക്കെതിരെ പലതും ഉയർത്തിക്കൊണ്ടുവരാൻ നോക്കിയിട്ട് ഏശാതെ വന്നപ്പോൾ, മര്യാദയ്ക്കു ജോലിയുമെടുത്തു കഴിയുന്ന മകനെ വിവാദത്തിൽ ഉൾപ്പെടുത്താൻ നോക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘അധികാരത്തിന്റെ ഇടനാഴികളിൽ എത്ര മുഖ്യമന്ത്രിമാരുടെ മക്കളെ മാധ്യമങ്ങൾ കണ്ടിട്ടുണ്ടാകും. എന്റെ മകനെ അവിടെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ’– മുഖ്യമന്ത്രി ചോദിച്ചു.
‘എന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണ്. അതുകൊണ്ടാണു കളങ്കിതനാക്കാൻ ശ്രമിക്കുമ്പോൾ അതിനോടു ശാന്തമായി പ്രതികരിക്കാറുള്ളത്. ആരോപണങ്ങൾ ഉള്ളാലെ ചിരിച്ചുനിന്നു കേൾക്കുന്നതാണ് എന്റെ രീതി. രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ചില ഏജൻസികളെ ഇറക്കിയും ചില മാധ്യമസ്ഥാപനങ്ങളെ സ്വാധീനിച്ചും പ്രചാരണം നടത്തിയാൽ എന്റെ കളങ്കരഹിത പ്രവർത്തനം അട്ടിമറിക്കാമെന്നാണോ കരുതുന്നത് ? എന്റെ കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പം കുടുംബം പൂർണമായി നിന്നുവെന്നത് അഭിമാനിക്കാൻ വക നൽകുന്നതാണ്.
ഒരു ദുഷ്പേരും എനിക്കുണ്ടാകത്തക്ക രീതിയിൽ മക്കളാരും പ്രവർത്തിച്ചിട്ടില്ല. മകൾക്കെതിരെ പലതും ഉയർത്തിയപ്പോൾ ഞാൻ ചിരിച്ചുകൊണ്ടു നേരിട്ടില്ലേ? ഇപ്പോൾ പിണറായി വിജയന് ഇങ്ങനെ ഒരു മകനുണ്ടെന്നു ചിത്രീകരിച്ചു വിവാദത്തിൽ ഉൾപ്പെടുത്താൻ നോക്കുന്നു. അത് എന്നെയോ മകനെയോ ബാധിക്കില്ല.
ക്ലിഫ് ഹൗസിനെത്ര മുറിയുണ്ട് എന്നു പോലും അന്വേഷിച്ചറിയാത്തയാളാണു മകൻ. ജോലി, വീട് എന്നതാണു രീതി. പൊതുപ്രവർത്തന രംഗത്തില്ല. തെറ്റായ ഒരു കാര്യത്തിനും ഇതുവരെ പോയിട്ടില്ല. ഏതച്ഛനും ഏതു മകനെക്കുറിച്ചും അഭിമാനബോധമുണ്ടാകും. എന്റേതു പ്രത്യേകതരത്തിലുള്ള അഭിമാനബോധമാണ്. എന്റെ രാഷ്ട്രീയ പ്രവർത്തനത്തിനും ശീലത്തിനും നിരക്കാത്ത ഒരു പ്രവൃത്തിയും മക്കളാരും ചെയ്തിട്ടില്ല’– മുഖ്യമന്ത്രി പറഞ്ഞു. English Summary:
Pinarayi Vijayan on Son Allegations:“My Style is to Listen with an Inner Smile“ |
|