മാള ∙ പുത്തൻചിറയിൽ റിട്ട. അധ്യാപിക ജയശ്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണമാല പൊട്ടിച്ചെടുത്ത ആദിത്ത് മാല വിറ്റ വകയിൽ ലഭിച്ച നാലര ലക്ഷം രൂപയിൽ നിന്ന് 50,000 രൂപയ്ക്ക് ഫാത്തിമ തസ്നിക്ക് വാങ്ങി നൽകിയത് സ്വർണമാല. കേസിലെ മുഖ്യപ്രതി ചോമാട്ടിൽ ആദിത്തിന്റെ (20) കൂടെയാണ് കഴിഞ്ഞ 6 മാസങ്ങളായി ഫാത്തിമ തസ്നി താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച മാല വിൽക്കാൻ തിരൂരങ്ങാടിയിലേക്ക് ആദിത്ത് പോകുമ്പോൾ ഫാത്തിമ തസ്നി ഒപ്പമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ കേസിൽ പട്ടേപ്പാടം തരുപടികയിൽ ഫാത്തിമ തസ്നിയെയും (19) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറച്ചു പണം ഫാത്തിമ പഠിക്കുന്ന കോഴ്സിന്റെ ഫീസായി അടച്ചതായും പൊലീസ് കണ്ടെത്തി. ഇരുവരെയും റിമാൻഡ് ചെയ്തു. 25നു വൈകിട്ടാണ് 6 പവൻ തൂക്കമുള്ള മാല കവർന്നത്.
ഓൺലൈൻ ട്രേഡിങ്ങിലുണ്ടായ കടം പെരുകിയതോടെയാണ് ആദിത് മോഷണത്തിനു പദ്ധതിയിട്ടതെന്നു പൊലീസ് പറയുന്നു. അയൽവാസിയും പഠനാവശ്യങ്ങൾക്കടക്കം തന്നെ പല തവണ സഹായിക്കുകയും ചെയ്തിട്ടുള്ള ജയശ്രീയുടെ കഴുത്തിൽ കിടക്കുന്ന സ്വർണമാല അങ്ങനെയാണ് ഇയാൾ മോഷ്ടിക്കാനായി തീരുമാനിക്കുന്നത്. ആനാപ്പുഴ ജിയുപിഎസിൽ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ച ജയശ്രീയുടെ മക്കൾ ജോലിസംബന്ധമായി അകലെയാണ്. പ്രായാധിക്യത്താൽ ആരോഗ്യപ്രശ്നങ്ങളുള്ള ഭർത്താവിനൊപ്പമാണ് ഇവർ താമസിക്കുന്നത്.
മോഷണ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ ആദിത്തിനെ സംശയിച്ചിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനു മുൻപായി തന്നെ മറ്റൊരാളാണ് മോഷ്ടാവ് എന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളുണ്ടായി. വീട്ടിലെ പാചകവാതക സിലിണ്ടർ ആരോ തുറന്നിട്ട് തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ഇയാൾ പൊലീസിനെ ഫോൺ ചെയ്ത് അറിയിച്ചു. വീട്ടുപറമ്പിലൂടെ ആരോ ഓടിയെന്നും താനും വീട്ടുകാരും പറമ്പിൽ പരിശോധന നടത്തുന്നതിനിടെ കത്തി ഉപയോഗിച്ച് തന്നെ കുത്താൻ ശ്രമിച്ചെന്നും തന്റെ വസ്ത്രത്തിലാണ് കുത്ത് കൊണ്ടതെന്നും ആദിത് പൊലീസിനോട് പറഞ്ഞു.
പിറ്റേന്ന് വീട്ടിലെ ശുചിമുറിയിൽ നിന്ന് സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പിൽ ആരോ തുണി തിരുകി വച്ചിരിക്കുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം ഇയാൾ നടത്തുന്നതായി കണ്ടതോടെ പൊലീസ് രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. മോഷണം നടത്തി രണ്ടു ദിവസത്തിന് ശേഷം 27ന് ഇയാൾ മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ എത്തിയിരുന്നതായും നാലര ലക്ഷം രൂപയ്ക്ക് സ്വർണം വിറ്റതായും അന്വേഷണത്തിൽ തെളിഞ്ഞു. ഇതിൽ 50,000 രൂപയ്ക്ക് മാളയിൽ നിന്ന് സ്വർണം വാങ്ങിയതായും പൊലീസ് കണ്ടെത്തി.
എസ്എച്ച്ഒ വി.സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദിത്തിനെ അറസ്റ്റ് ചെയ്തത്. കൊല്ലംപറമ്പിൽ ജയശ്രീ(77)യുടെ മാലയാണ് പൊട്ടിച്ചെടുത്തത്. 6 പവൻ തൂക്കമുള്ള മാലയിൽ നിന്ന് 5 പവൻ ആദിത് കൈക്കലാക്കി. ഇത് മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ വിറ്റതായി ഇയാൾ പൊലീസിനോടു സമ്മതിച്ചു. കഴിഞ്ഞ 25ന് വൈകിട്ട് 7.15നാണ് മോഷണം നടത്തിയത്. ഇരുട്ടിൽ പതുങ്ങി വീടിനകത്തു പ്രവേശിച്ച ആദിത് ജയശ്രീ തിരിഞ്ഞുനോക്കാതിരിക്കാനായി പിറകിലൂടെ വന്ന് കഴുത്ത് ഞെരിക്കുകയും മാല വലിച്ചു പൊട്ടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. തനിക്കു നേരെ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ ആദിത് അന്വേഷണം തിരിച്ചുവിടാനും ശ്രമിച്ചു.
തിരൂരങ്ങാടിയിൽ പണയം വച്ച സ്വർണം തന്റെ പെൺസുഹൃത്തിന്റെ മാതാവിന് പാരമ്പര്യമായി കൈമാറിക്കിട്ടിയതാണെന്ന് പറഞ്ഞ് തടിതപ്പാൻ ആദിത് ശ്രമിച്ചെങ്കിലും പൊലീസ് നടത്തിയ പരിശോധനയിൽ ഇത് കളവാണെന്ന് തെളിഞ്ഞു. എസ്ഐമാരായ കെ.ടി.ബെന്നി, മുരുകേഷ് കടവത്ത്, എം.എസ്.വിനോദ്കുമാർ, കെ.ആർ.സുധാകരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.ഡി.ദിബീഷ്, വി.ജി.സനേഷ്, ടി.എസ്.ശ്യാംകുമാർ, സി.ജെ.ജമേഴ്സൺ, സിപിഒമാരായ ഐ.യു.ഹരികൃഷ്ണൻ, ഇ.ബി.സിജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പൊള്ളും പൊന്ന് കവരും മനം
തനിക്കെതിരായ എല്ലാ തെളിവുകളും പൊലീസിന്റെ പക്കൽ ഉണ്ടെന്നും പിടിക്കപ്പെടുമെന്നും അറിഞ്ഞതോടെ തെളിവുകൾ ഇല്ലാതാക്കാനായി ആദിത് ശ്രമിച്ചതായി പൊലീസ് പറയുന്നു. ഐഫോൺ ഉപയോഗിക്കുന്ന ഇയാൾ ഫോണിൽ നിന്ന് ലൊക്കേഷൻ സർവീസ് വിശദാംശങ്ങൾ ഡിലീറ്റ് ചെയ്തു. ഗൂഗിൾ സേവനങ്ങളും പൂർണമായും മൊബൈൽ ഫോണിൽ നിന്ന് നീക്കം ചെയ്തു. പക്ഷേ വിവരങ്ങളെല്ലാം പൊലീസ് വീണ്ടെടുത്തു. 27ന് ഇയാൾ തിരൂരങ്ങാടിയിൽ പോയതടക്കമുള്ള വിവരങ്ങൾ പൊലീസ് ശാസ്ത്രീയമായി തന്നെ ശേഖരിച്ചു. പൊലീസ് ചോദ്യംചെയ്യലിൽ താൻ കുടുങ്ങിയെന്നു മനസ്സിലാക്കിയ ആദിത് അക്കൗണ്ടിലെ ശേഷിക്കുന്ന തുക മറ്റൊരാൾക്ക് സ്റ്റേഷനിൽ വച്ചു തന്നെ ഗൂഗിൾ പേ വഴി അയയ്ക്കുന്നതും പൊലീസ് കണ്ടെത്തി. ആദിത്താണ് തന്റെ മാല മോഷ്ടിച്ചതെന്ന് അറിയിച്ചപ്പോൾ ജയശ്രീ ആദ്യം അത് വിശ്വസിക്കാൻ തയാറായില്ല. പഠനകാര്യങ്ങളിൽ ആദിത്തിനെ ജയശ്രീ ഒട്ടേറെ സഹായിച്ചിരുന്നു. English Summary:
Gold chain theft case investigation reveals the arrest of the accused and his accomplice. The investigation uncovered the suspect\“s attempts to mislead the police and the recovery of the stolen gold. The accused planned the theft due to debt from online trading. |