cy520520 • 2025-10-28 09:28:14 • views 1249
ജറുസലം, ജനീവ ∙ ഗാസയുടെ പുനർനിർമാണത്തിനു 7000 കോടി ഡോളർ (ഏകദേശം 6.9 ലക്ഷം കോടി രൂപ) വേണ്ടിവരുമെന്ന് യുഎൻ ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) അറിയിച്ചു. യൂറോപ്യൻ യൂണിയനും ലോകബാങ്കും നൽകിയ റിപ്പോർട്ടു പ്രകാരമാണിത്. ഇതിൽ ആദ്യ 3 വർഷത്തേക്ക് വേണ്ടത് 2000 കോടി ഡോളറാണ് (ഏകദേശം 1.74 ലക്ഷം കോടി രൂപ). ബാക്കി തുക ദീർഘകാലാടിസ്ഥാനത്തിൽ വേണ്ടിവരുന്ന ചെലവാണ്. അറബ്, യൂറോപ്യൻ രാജ്യങ്ങളും യുഎസും പുനർനിർമാണത്തിനു പണം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
- Also Read ജെൻ സീ പ്രക്ഷോഭം; മഡഗാസ്കർ പ്രസിഡന്റ് രാജ്യം വിട്ടു
വെടിനിർത്തൽ ലംഘിച്ചു ഗാസ സിറ്റിയിലെ ഷുജയ്യ മേഖലയിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 5 പലസ്തീൻകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഗാസയിൽ യെലോ ലൈൻ എന്നറിയപ്പെടുന്ന മേഖലയിലേക്കാണു സൈന്യം പിൻവാങ്ങിയിട്ടുള്ളത്. യുദ്ധകാലത്തു കൊല്ലപ്പെട്ട ഏതാനും പലസ്തീൻകാരുടെ മൃതദേഹങ്ങൾ റെഡ് ക്രോസ് മുഖാന്തരം ഇസ്രയേൽ ഇന്നലെ കൈമാറി. ഇനിയും നൂറുകണക്കിനു പലസ്തീൻകാരുടെ മൃതദേഹങ്ങൾ ഇസ്രയേലിന്റെ കസ്റ്റഡിയിലുണ്ട്.
അതേസമയം, ഗാസയിൽ മരിച്ച ബന്ദികളിൽ 20 പേരുടെ മൃതദേഹങ്ങൾ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽനിന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 4 പെട്ടികളിലാക്കിയ ശരീരഭാഗങ്ങളാണു തിങ്കളാഴ്ച ഹമാസ് കൈമാറിയത്. ശേഷിക്കുന്ന മൃതദേഹഭാഗങ്ങൾ കണ്ടെത്താൻ എളുപ്പമല്ലെന്നും ഇതിനു ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാമെന്നും റെഡ് ക്രോസ് വക്താവ് പറഞ്ഞു. 23 ജീവനക്കാരെക്കൂടി നിയോഗിച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചശേഷം 172 ബന്ദികളെയും 3472 പലസ്തീൻകാരെയും റെഡ് ക്രോസ് മുഖാന്തരമാണു കൈമാറിയത്.
അതിനിടെ, ഇസ്രയേലിനുവേണ്ടി പ്രവൃത്തിച്ചെന്ന കുറ്റം ചുമത്തി വിമതരെ ഹമാസ് പൊതുസ്ഥലത്തു വധിച്ചതിന്റെ വിഡിയോ പുറത്തുവന്നു. പരസ്യമായി 7 പേരെ വെടിവച്ചുകൊല്ലുന്നതിന്റെ വിഡിയോയാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇസ്രയേൽ സേനാ പിന്മാറ്റത്തോടെ, ഗാസയിലെ സായുധസംഘങ്ങളും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായി. തെക്കൻ ഗാസയിലെ റഫ കേന്ദ്രീകരിച്ചുള്ള അബു ഷബാബ് സംഘം കഴിഞ്ഞമാസങ്ങളിൽ വലിയ ശമ്പളം വാഗ്ദാനം ചെയ്തു 400 യുവാക്കളെ റിക്രൂട്ട് ചെയ്തെന്നാണു വിവരം
മരിച്ച ബന്ദികളിൽ നേപ്പാൾ സ്വദേശിയും
∙ തിങ്കളാഴ്ച ഹമാസ് കൈമാറിയ ബന്ദികളുടെ മൃതശരീരങ്ങളിൽ നേപ്പാളിൽനിന്നുള്ള വിദ്യാർഥി ബിപിൻ ജോഷിയും (23) ഉൾപ്പെടുന്നു. തടവിലായ ആദ്യമാസങ്ങളിൽ തന്നെ ജോഷി കൊല്ലപ്പെട്ടുവെന്നാണു വിവരം. വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് ഇസ്രയേലിലെത്തിയത്. 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടെ ഒപ്പമുണ്ടായ ഒട്ടേറെപ്പേരെ ബിപിൻ രക്ഷപ്പെടുത്തിയിരുന്നതായി ഇസ്രയേൽ അറിയിച്ചു. English Summary:
Gaza Reconstruction Needs $70 Billion: UN Urges Immediate Aid |
|