ന്യൂഡൽഹി ∙ ബിഹാറിൽ ആദ്യം സീറ്റുവിഭജനം പൂർത്തിയാക്കിയെങ്കിലും എൻഡിഎ ക്യാംപിൽ അതൃപ്തി പുകയുന്നു. കക്ഷിനേതാക്കൾ ശബ്ദമുയർത്തുമ്പോൾ ഉടൻ ഇടപെട്ട് ബിജെപി നേതൃത്വം സ്ഥിതി ശാന്തമാക്കുകയാണ്. ഇന്നലെ 71 പേരുള്ള പട്ടിക പുറത്തുവിട്ട് ബിജെപി സ്ഥാനാർഥിനിർണയത്തിലും മേൽക്കൈ നേടി.
കൃത്യമായ പട്ടിക പുറത്തുവിട്ടില്ലെങ്കിലും മന്ത്രി ബിജേന്ദ്ര പ്രസാദ് യാദവ്, സംസ്ഥാന അധ്യക്ഷൻ ഉമേഷ് സിങ് ഖുശ്‌വാഹ, ആനന്ദ് കുമാർ സിങ് എന്നിവർ ഉൾപ്പെടെ ഒട്ടേറെ നേതാക്കൾക്ക് ജെഡിയു ആസ്ഥാനത്തു മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ ചിഹ്നം അനുവദിച്ചു. ഇതിനിടെ, ഭഗൽപുർ എംപി അജയ് മണ്ഡൽ നിതീഷിനോടുള്ള അതൃപ്തി പരസ്യമാക്കി രാജിക്കത്ത് നൽകി.
മുന്നണി ധാരണയനുസരിച്ച് ജെഡിയുവും ബിജെപിയും 101 സീറ്റുകളിലാണു മത്സരിക്കുക. എന്നാൽ, തുല്യ നിലയിലുള്ള സീറ്റുവിഭജനത്തിൽ നിതീഷിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് (റാം വിലാസ്) 29 സീറ്റ് അനുവദിച്ചതും നിതീഷിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ബിഹാറിൽ 5% വോട്ടാണു പാസ്വാൻ വിഭാഗത്തിനുള്ളത്. മാഞ്ചി വിഭാഗത്തിന് 4 ശതമാനവും ഖുശ്‌വാഹ വിഭാഗത്തിന് 3 ശതമാനവും വോട്ടുകളുണ്ട്.
എന്നാൽ, കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും രാജ്യസഭാംഗം ഉപേന്ദ്ര ഖുശ്‌വാഹ നയിക്കുന്ന രാഷ്ട്രീയ ലോക്മോർച്ചയ്ക്കും 6 സീറ്റുകൾ വീതമാണു നൽകിയത്. മാഞ്ചിയുടെ മരുമകൾ ദീപ മാഞ്ചിയും അവളുടെ അമ്മ ജ്യോതി ദേവിയും സ്ഥാനാർഥികളാകും.
7 തവണ എംഎൽഎയായ സ്പീക്കർ നന്ദകിഷോർ യാദവിന് ബിജെപി ടിക്കറ്റ് നിഷേധിച്ചു. നന്ദകിഷോർ യാദവിന്റെ സീറ്റായ പട്ന സാഹിബിൽ രത്നേഷ് ഖുശ്‌വാഹയാണു സ്ഥാനാർഥി. ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി താരാപുരിലും വിജയ് കുമാർ സിൻഹ ലഖിസരായിയിലും മൽസരിക്കും. താരകിഷോർ പ്രസാദ് (കതിഹാർ), റാം കൃപാൽ യാദവ് (ദാനാപുർ), മംഗൾ പാണ്ഡെ (സിവാൻ) തുടങ്ങിയവരാണ് ആദ്യപട്ടികയിലെ മറ്റു പ്രമുഖർ.
അടിവസ്ത്രത്തിൽ തട്ടി സീറ്റ് പോകുമോ; പ്രതിഷേധിച്ച് എംഎൽഎ
പട്ന ∙ അടിവസ്ത്രം മാത്രം ധരിച്ചു ട്രെയിനിനുള്ളിൽ നടന്നു വിവാദത്തിലായ ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ സീറ്റ് ഉറപ്പാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിക്കു മുന്നിൽ കുത്തിയിരിപ്പു സമരത്തിൽ.
പാർട്ടിക്കു നാണക്കേടുണ്ടാക്കിയ ഗോപാലിനു ഇത്തവണ ഗോപാൽപുർ സീറ്റ് നിഷേധിക്കുമെന്ന സൂചന ലഭിച്ചിരുന്നു. നിതീഷ് കുമാറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിക്കപ്പെട്ടതോടെയാണു അനുയായികളെയും കൂട്ടി ഗോപാൽ മുഖ്യമന്ത്രിയുടെ പ്രതിഷേധം തുടങ്ങിയത്.
2021 ൽ ഡൽഹിയിലേക്കുള്ള രാജധാനി ട്രെയിനിലെ ഒന്നാം ക്ലാസ് എസി കോച്ചിലാണ് ഗോപാൽ അടിവസ്ത്രം മാത്രം ധരിച്ചു നടന്നത്. മദ്യലഹരിയിലായിരുന്നു ഇതെന്ന് ആക്ഷേപമുണ്ടായിരുന്നു. English Summary:
Bihar NDA Candidate List: Dissent Brews Over Seat Sharing and BJP\“s First 71 Names |
|