deltin33 • 2025-10-28 09:29:20 • views 604
ആലപ്പുഴ ∙ ഈന്തപ്പഴത്തിന്റെ ഓർഡർ നൽകാനെന്നു പറഞ്ഞ് പ്രവാസിയെ റിസോർട്ടിൽ വിളിച്ചു വരുത്തി മർദിച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പൊലീസ് കേസെടുത്തു. 7 മാസം മുൻപ് നടന്ന സംഭവത്തിലാണിത്. പല്ലന മരയ്ക്കാരുപറമ്പിൽ ഷാനവാസിനെ മർദിച്ചെന്ന ഭാര്യ സജീനയുടെ പരാതിയിലാണിത്. തിരുവനന്തപുരം സ്വദേശി സലിത്ത്, തൃക്കുന്നപ്പുഴ സ്വദേശി സുബി, ആലപ്പുഴ സ്വദേശി നിധിൻ എന്നിവരും കണ്ടാലറിയാവുന്ന 10 പേരുമാണു പ്രതികൾ.
ഈന്തപ്പഴം ബിസിനസാണ് സജീനയ്ക്ക്. ഷാനവാസ് വിദേശത്താണ്. ബിസിനസ് സംബന്ധമായി സലിത്തും സുബിയുമായി ഇവർക്കു സൗഹൃദമുണ്ടായിരുന്നു. വീടും സ്ഥലവും വാങ്ങാനായി 2023ൽ 50 ലക്ഷം രൂപ സുബി സജീനയോടു കടം ചോദിച്ചിരുന്നു. ഇതു നൽകാത്തതിന്റെ വിരോധത്തിലാണു ഷാനവാസിനെ മർദിച്ചതെന്നും മൊഴിയിൽ പറയുന്നു. മാർച്ച് 5നു രാത്രി ഷാനവാസിനെ ആലപ്പുഴയിലെ റിസോർട്ടിലേക്കു വിളിച്ചു വരുത്തിയാണു മർദിച്ചത്.
ഉത്തരേന്ത്യയിലുള്ള ഏജന്റ് ഈന്തപ്പഴം മൊത്തമായി ആവശ്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും ആലപ്പുഴയിലെ റിസോർട്ടിലെത്തി ഏജന്റിനെ കണ്ട് സാംപിൾ കാണിക്കണമെന്നും സലിത്ത് ഷാനവാസിനെ ഫോണിൽ അറിയിച്ചു. റിസോർട്ടിലെത്തിയപ്പോൾ സലിത്തും നിധിനും മറ്റും മുറിയിലുണ്ടായിരുന്നു. ചില സ്വകാര്യ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി നിധിൻ 75 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകില്ലെന്നു പറഞ്ഞപ്പോൾ ഷാനവാസിനെ മർദിക്കുകയും തോക്ക് ചൂണ്ടുകയും ചെയ്തു.
ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ, വീട്ടിലെത്തിയാൽ സ്വർണം പണയം വച്ചു നൽകാമെന്ന് ഷാനവാസ് പറഞ്ഞു. എങ്കിൽ 80 ലക്ഷം വേണമെന്നു പ്രതികൾ ആവശ്യപ്പെട്ടു. ഇതു മുദ്രപ്പത്രത്തിൽ എഴുതി നൽകണമെന്നും പ്രതികൾ പറഞ്ഞു. കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങി. ഇതിന്റെയും വിഡിയോ പകർത്തി. സ്വകാര്യ ഫോട്ടോകൾ പ്രതികളുടെ പക്കലുള്ളതിനാൽ ഷാനവാസും ഭാര്യയും പ്രതികളുമായി പിന്നീട് തോട്ടപ്പള്ളിയിലെ ഹോട്ടലിൽ വച്ചു മധ്യസ്ഥ ചർച്ച നടത്തി. 15 ലക്ഷം രൂപ നൽകാമെന്നു സമ്മതിക്കുകയും ചെയ്തു.
പണം സലിത്തിന്റെ അക്കൗണ്ടിലേക്കു നൽകുകയും ചെയ്തു. തുടർന്നും സലിത്തും സുബിയും നിധിനും 15 ലക്ഷം കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും നിധിൻ കാപ്പ ചുമത്തപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന് ഉത്തരവുള്ളതാണെന്നും പരാതിയിൽ പറയുന്നു.
English Summary:
Alappuzha resort assault case involves the abduction and assault of an expatriate at a resort under the guise of a date business deal, leading to extortion. The victim was lured, threatened with private photos, and forced to sign over money under duress. |
|