തൊടുപുഴ ∙ കായിക അധ്യാപകനോ പരിശീലകനോ ഇല്ലാതെ സ്കൂളിനടുത്തെ മലയിലേക്ക് ഓടി പരിശീലിച്ചു തൊടുപുഴ ഉപജില്ല കായികമേളയിൽ വിജയിച്ചു മുള്ളരിങ്ങാടിന്റെ താരമായി അമല്യ. പരിമിതികൾ ഏറെയുള്ള മുള്ളരിങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ അമല്യ സ്കൂളിനടുത്തെ കോട്ടപ്പാറ മലയിലേക്ക് ഓടിയാണ് പരിശീലനം നേടുന്നത്. സിന്തറ്റിക്ക് ട്രാക്കിലിറങ്ങാൻ സ്വന്തമായി നല്ലൊരു സ്പൈക്സ് പോലുമില്ലാത്ത അമല്യയെ സഹായിക്കുന്നത് സഹോദരൻ അമലാണ്.
അത്‌ലിറ്റായിരുന്ന അമലാണ് അമല്യയുടെ കായിക സ്വപ്നങ്ങൾക്കും ചിറക് മുളപ്പിക്കുന്നതും. 3000 മീറ്റർ, ക്രോസ് കൺട്രി, 4x400 മീറ്റർ റിലേ എന്നിവയിൽ ഫസ്റ്റും 1500 മീറ്ററിൽ രണ്ടാം സ്ഥാനവുമാണ് അമല്യയുടെ നേട്ടം. ഗെയിംസിൽ അമല്യ ഖോഖൊ ഇടുക്കി റവന്യു ജില്ലാ ടീമിലും ഇടം നേടിയിട്ടുണ്ട്. ആഴ്ചയിൽ 4 ദിവസമെങ്കിലും ഓടി പരിശീലനം നേടുന്നുണ്ട്.
മികച്ച പരിശീലനം കിട്ടിയാൽ നേട്ടങ്ങളിലേക്ക് എത്താൻ കഴിയുമെന്നാണ് അമല്യയുടെ പ്രതീക്ഷ. വണ്ണപ്പുറം രാജേഷ്–മഞ്ജു ദമ്പതികളുടെ മകളാണ്. രാജേഷിന് കൂലിപ്പണിയും മഞ്ജു ക്ഷീര കർഷകയുമാണ്. ജിം ട്രെയ്നറായിരുന്ന സഹോദരൻ അമൽ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
English Summary:
Athletics training without a coach led Amalya to victory. Despite limited resources, her dedication and brother\“s support fueled her success in school sports. She hopes to achieve more with better training. |
|